എന്തൊക്കെയായിരുന്നു? 1500 കിലോ മാലിന്യസംസ്കരണം, ജൈവവളം ഉൽപാദനം...
Mail This Article
14 വർഷം മുൻപ് 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിച്ചത് ഏതാനും മാസങ്ങൾ മാത്രം
കാഞ്ഞിരപ്പള്ളി∙ ടൗണിലെയും പരിസരങ്ങളിലെയും ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് ബയോഗ്യാസും, ജൈവവളവും ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടൗൺ ഹാൾ വളപ്പിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് കാടുകയറി നശിക്കുന്നു. സമീപത്തെ പൊന്തക്കാടുകൾക്കിടയിൽ മുങ്ങി നശിക്കുകയാണു ബയോഗ്യാസ് പ്ലാന്റ്.
പ്രവർത്തിച്ചത് ഏതാനും മാസം
14 വർഷം മുൻപ് 30 ലക്ഷം രൂപ വിനിയോഗിച്ച് സോഷ്യോ ഇക്കണോമിക്സ് യൂണിറ്റ് ഏജൻസി മുഖേന 2008ൽ നിർമാണം ആരംഭിച്ചു. നിർമാണം പൂർത്തിയായത് 2012 മാർച്ചിൽ. പിന്നീട് വൈദ്യുതി കണക്‌ഷൻ ലഭിക്കാൻ ആറു മാസം കാത്തിരുന്നു. 2013 സെപ്റ്റംബറിൽ വൈദ്യുതി കണക്‌ഷൻ ലഭിച്ചിട്ടും പ്രവർത്തനം തുടങ്ങിയില്ല. പ്ലാന്റിന്റെ ഉദ്ഘാടനത്തെച്ചൊല്ലി വീണ്ടും വൈകി. ഒടുവിൽ 2013 ഒക്ടോബർ രണ്ടിന് പ്രവർത്തനം ആരംഭിച്ചെങ്കിലും ഏതാനും മാസത്തിനിടെ പ്രവർത്തനം നിലച്ചു.
ലക്ഷ്യം കണ്ടില്ല
ദിവസം 1500 കിലോഗ്രാം ജൈവ മാലിന്യങ്ങൾ സംസ്കരിക്കാനാണു പദ്ധതി ലക്ഷ്യം വച്ചത്. എന്നാൽ 150 കിലോഗ്രാം പോലും സംസ്കരിക്കാൻ കഴിഞ്ഞില്ല. പ്ലാന്റിലെ യന്ത്രത്തിന്റെ ശേഷിക്കുറുവും സംസ്കരണ സംവിധാനത്തിലെ അപര്യാപ്തതയാണു പ്രവർത്തനം നിലയ്ക്കാൻ കാരണം.
ബയോഗ്യാസോ, ജൈവവളമോ ഉൽപാദിപ്പിക്കാൻ കഴിഞ്ഞില്ല. യന്ത്രത്തിന്റെ പല ഭാഗങ്ങളും ദ്രവിച്ചു. ടൗണിലെ മാലിന്യങ്ങളിൽ നിന്നും പ്ലാസ്റ്റിക്കും കുപ്പിയും നാരുകൾ കൂടുതലുള്ള അവശിഷ്ടങ്ങളും വേർതിരിച്ച് മാറ്റിയ ശേഷം ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് ബയോഗ്യാസും ജൈവവളവും ഉൽപാദിപ്പിക്കാനാണു പദ്ധതി നടപ്പാക്കിയത്.
നടപടിയില്ല
പിയുസിഎൽ ഭാരവാഹി എച്ച്.അബ്ദുൽ അസീസ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷനു നൽകിയ പരാതിയെത്തുടർന്ന്, ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നു കമ്മിഷൻ നിർദേശിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞു. പഞ്ചായത്ത് സോഷ്യോ ഇക്കണോമിക്സ് യൂണിറ്റിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടും തുടർ നടപടികളുണ്ടായില്ല.