ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജില് പ്രായോഗിക പാഠങ്ങളുമായി വിദ്യാർഥി സംരംഭകർ

Mail This Article
ഉഴവൂർ ∙ പാഠപുസ്തകങ്ങളിലും എഴുതുന്ന അക്ഷരങ്ങളിലും മാത്രം ഒതുങ്ങുന്നില്ല സെന്റ് സ്റ്റീഫൻസ് കോളജിലെ വിദ്യാർഥികളുടെ പഠനം. സംരംഭക വർഷത്തിൽ വേറിട്ട സംരംഭങ്ങളുമായി പാഠഭേദം രചിക്കുകയാണ് കോളജിലെ ഒരു കൂട്ടം വിദ്യാർഥികൾ. സ്വന്തം കഴിവുകളെ സാമ്പത്തിക സുരക്ഷിതത്വവുമായി ബന്ധപ്പെടുത്തിയാണ് ഇവരുടെ പ്രവർത്തനം.ഇഡി ക്ലബ്, ഐഇഡിസി,അക്കാദമിക് വിഭാഗങ്ങൾ തുടങ്ങിയവയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംരംഭങ്ങൾ മാനേജ്മെന്റിലും പ്രായോഗിക പരിശീലനത്തിനു വഴി തെളിക്കുന്നു.
മൂന്നാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥി പി.സൂര്യ പാചകത്തിലെ തന്റെ കഴിവിനെ കേക്ക് നിർമാണത്തിൽ കൂട്ടിച്ചേർത്തപ്പോൾ മികച്ച ഒരു സംരംഭമായി അതു മാറി. വ്യത്യസ്തമായ രുചിക്കൂട്ടുകൾ ചേരുന്ന കേക്ക് ഇപ്പോൾ ക്യാംപസിൽ തരംഗമാണ്.ആറാം സെമസ്റ്റർ ബിഎ ഇംഗ്ലിഷ് വിദ്യാർഥി ഹൃദ്യ ജയകുമാറിന്റെ സംരംഭമായ ചോക്കോറിയം ചോക്ലേറ്റ് ഹാംപർ ബിസിനസ് ആണ്. ജന്മദിനങ്ങൾ, വാർഷികങ്ങൾ തുടങ്ങിയ അവസരങ്ങളിൽ കൈകൊണ്ട് നിർമിച്ച ഹാംപറുകൾ നൽകുന്നു.
ചോക്ലേറ്റുകളിൽ സന്ദേശങ്ങളെഴുതി നൽകുക എന്ന വ്യത്യസ്തയും ഇതിനൊപ്പമുണ്ട്. മേഖലയിലുള്ള പ്രധാന സംരംഭകരുമായി ചേർന്ന് വിപണി വിപുലമാക്കുന്നതിനുള്ള ശ്രമവും സജീവം. പരമ്പരാഗത കേരളീയ ഭക്ഷണങ്ങളുടെ വിപണിയാണ് ആറാം സെമസ്റ്റർ ബി.എ ഇംഗ്ലിഷ് വിദ്യാർഥി ലിബിയ സിബി തുറന്നത്. വിവിധ തരം അച്ചാറുകളും ഉത്സവകാല ഭക്ഷണങ്ങളും ലിബിയ വിപണിയിൽ എത്തിക്കുന്നു.
ഭക്ഷണം മാത്രമല്ല നക്ഷത്ര വിളക്കുകളും സംരംഭകരുടെ നിർമാണ വസ്തുക്കളിൽ ഉൾപ്പെടുന്നു. കോളജിലെ ഭൗതികശാസ്ത്ര വിഭാഗം, ഇഡി,ഐഇഡിസി ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ എൽഇഡി സ്റ്റാർ പ്രവർത്തി പരിചയ മേളയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു ഭൗതികശാസ്ത്ര വിദ്യാർഥികളായ സിദ്ധാർഥ് ദാമോദരൻ, ഏലിയാസ് ബെന്നി, ജോയൽ സണ്ണി, ജെസ്‌ന സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ക്രിസ്മസ് നക്ഷത്ര നിർമാണം ആരംഭിച്ചു.
നൂറിലധികം നക്ഷത്ര വിളക്കുകളാണ് ആദ്യ ശ്രമത്തിൽ തന്നെ വിറ്റുപോയത്. ഇത്തവണ വിൽപന അഞ്ഞൂറിനു മുകളിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം സാധാരണക്കാർക്കു പ്രയോജനപ്പെടുന്ന വിവിധ തരം ഉൽപന്നങ്ങളുടെ നിർമാണവും ലക്ഷ്യമിടുന്നു.മൂന്നാം വർഷ സുവോളജി വിദ്യാർഥി നന്ദന രാജേഷ് മെഹന്തി പരീക്ഷണങ്ങൾ നടത്തിയാണ് ശ്രദ്ധേയയായത്. ഒന്നാം വർഷ സുവോളജി വിദ്യാർഥി ഷാനിയ ഉഴവൂരിൽ ഹെന്ന ആർട്ട് സേവനം നൽകുന്നു. കോളജിലെ സുവോളജി വിഭാഗത്തിന്റെ തിങ്ക് അൺലിമിറ്റഡ് സംരംഭത്തിൽ ക്രാഫ്റ്റ് നിർമാണം, ഓർഗാനിക് ഉൽപന്നങ്ങളുടെ നിർമാണം തുടങ്ങിയവ ഉൾപ്പെടുന്നു. ഓണക്കാലത്തു പായസം വിൽപന നടത്തിയും ഇവർ ശ്രദ്ധ നേടി.