ആറുവരിപ്പാതയിൽ കോഴിക്കോട് ദിശയിലേക്കുള്ള ട്രാക്കുകൾ അടച്ചു; യാത്ര സർവീസ് റോഡ് വഴി മാത്രമായി
Mail This Article
തേഞ്ഞിപ്പലം ∙ ചെട്യാർമാട്– കാക്കഞ്ചേരി വളവ് 1.5 കിലോമീറ്റർ ആറുവരിപ്പാതയിൽ കോഴിക്കോട് ദിശയിലേക്കുള്ള 3 ട്രാക്കുകളും അടച്ചു. ഇതോടെ മേഖലയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹന യാത്ര സർവീസ് റോഡ് വഴി മാത്രമായി. ചേലേമ്പ്ര കാക്കഞ്ചേരിയിൽ ആംബുലൻസുകൾ റോഡിൽ കുരുങ്ങി 2 രോഗികൾ ചികിത്സ കിട്ടാതെ മരിച്ചതിനു പിന്നാലെയാണിത്. സർവീസ് റോഡിൽ പലയിടത്തും വാഹനങ്ങളുടെ നീണ്ട നിര എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഞായറാഴ്ച കാക്കഞ്ചേരി വളവിൽ ആറുവരിപ്പാത പൂർത്തിയാകാത്ത സ്ഥലത്തെ ഇടുങ്ങിയ റോഡിലൂടെ ആറുവരിപ്പാതയിൽ നിന്ന് വാഹനങ്ങൾ ഒന്നിച്ചെത്തി ഗതാഗതക്കുരുക്ക് തുടരവെയാണ് ആംബുലൻസുകൾ പെട്ടത്.
വൈകി കുരുക്കിൽ നിന്നു മോചനം നേടി ആംബുലൻസുകൾ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും 2 രോഗികളും മരിച്ചിരുന്നു. കാക്കഞ്ചേരി വളവിൽ ആറുവരിപ്പാത വേഗം പൂർത്തിയാക്കുകയും അതു വരെ വാഹന ഗാതഗതത്തിനു വിശാല സൗകര്യവും ഒരുക്കുകയുമാണു വേണ്ടിയിരുന്നത്. അതു പരിഗണിക്കാതെ കാക്കഞ്ചേരി വളവിനു തെക്കു വശത്ത് നിലവിലുള്ള ആറുവരിപ്പാതയിലെ മൂന്നു ട്രാക്കുകളും അടച്ചത് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ ഇടയാക്കിയതിൽ പരക്കെ പ്രതിഷേധമുണ്ട്.