അഴിമതിക്കാർക്കെതിരെ നസഹയുടെ ഇരുമ്പ് മുഷ്ടി; സൗദിയിൽ 1708 പേർ അറസ്റ്റിൽ
Mail This Article
റിയാദ് ∙ 2024ൽ വിവിധ അഴിമതി ആരോപണങ്ങളിൽ 1708 പേരെ അറസ്റ്റ് ചെയ്തതായി കൺട്രോൾ ആൻഡ് ആന്‍റി കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. അധികാര ദുർവിനിയോഗം, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്.
37,124 പരിശോധനാ പര്യടനങ്ങൾ നടത്തിയതായും നസഹ വ്യക്തമാക്കി. രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകൻ സൽമാൻ രാജാവിന്‍റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെയും നിർദേശപ്രകാരമാണ് നടപടി. സുസ്ഥിര വികസനം, സുതാര്യത, സമ്പദ്‌വ്യവസ്ഥ എന്നിവ ലക്ഷ്യമിടുന്ന വിഷൻ 2030ന്‍റെ ഭാഗമായാണ് നടപടി. അഴിമതിക്കാരെ ശിക്ഷിക്കുമെന്ന് കിരീടാവകാശി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ജനുവരിയിൽ 2,181 പരിശോധനകളും 360 അന്വേഷണങ്ങളും നടത്തി 149 പേരെ അറസ്റ്റ് ചെയ്തു. ഫെബ്രുവരിയിൽ 3,209 പരിശോധനകളും 288 അന്വേഷണങ്ങളും നടത്തി 126 പേരെയും മാർച്ചിൽ 1,657 പരിശോധനകളും 239 അന്വേഷണങ്ങളും നടത്തി 146 പേരെയും അറസ്റ്റ് ചെയ്തു. ഏപ്രിലിൽ 1,790 പരിശോധനകളും 268 അന്വേഷണങ്ങളും നടത്തി 166 പേരെയും മേയ് മാസത്തിൽ 3800 പരിശോധനകളും 446 അന്വേഷണങ്ങളും നടത്തി 112 പേരെയും അറസ്റ്റ് ചെയ്തു.
ജൂണിൽ 9600 പരിശോധനകളും 382 അന്വേഷണങ്ങളും നടത്തി 155 പേരെയും ജൂലൈയിൽ 3000 പരിശോധനകളും 266 അന്വേഷണങ്ങളും നടത്തി 149 പേരെയും ഓഗസ്റ്റിൽ 2900 പരിശോധനകളും 380 അന്വേഷണങ്ങളും നടത്തി 139 പേരെയും അറസ്റ്റ് ചെയ്തു. സെപ്റ്റംബറിൽ 3900 പരിശോധനകളും 289 അന്വേഷണങ്ങളും നടത്തി 136 പേരെയും ഒക്ടോബറിൽ 1900 പരിശോധനകളും 322 അന്വേഷണങ്ങളും നടത്തി 121 പേരെയും നവംബറിൽ 1600 പരിശോധനകളും 370 അന്വേഷണങ്ങളും നടത്തി 164 പേരെയും ഡിസംബറിൽ 1400 പരിശോധനകളും 390 അന്വേഷണങ്ങളും നടത്തി 145 പേരെയും അറസ്റ്റ് ചെയ്തു.
ആഭ്യന്തരം, ദേശീയ ഗാർഡ്, പ്രതിരോധം, നീതിന്യായം, വിദ്യാഭ്യാസം, ആരോഗ്യം, മുനിസിപ്പൽ, ഗ്രാമകാര്യങ്ങൾ, ഹൗസിങ്, ഹ്യൂമൻ റിസോഴ്‌സ്, സോഷ്യൽ ഡവലപ്‌മെന്‍റ്, വാണിജ്യം, ഗതാഗതം, ലോജിസ്റ്റിക്‌സ് എന്നീ മന്ത്രാലയങ്ങൾ ഉൾപ്പെട്ടതാണ് കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതരായ ജീവനക്കാരുടെ പട്ടിക.