ആന, പുലി: സർവത്ര പേടി; ജനവാസ മേഖലയിൽ തമ്പടിച്ച് കാട്ടാനകൾ

Mail This Article
അകമ്പാടം ∙ ജനവാസ മേഖലയിൽ മൈലാടിയിൽ തമ്പടിച്ച് കാട്ടാനകൾ. ചക്കകൾ പറിച്ചു തിന്നു പ്രദേശത്ത് പ്ലാവുകൾ കാലിയായി. ചവിട്ടി നശിപ്പിച്ചും തിന്നും വാഴക്കൃഷി ഇല്ലാതായി തുടങ്ങി. ജനങ്ങൾക്ക് രാത്രി വീടിനു പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. മൈലാടിപൊട്ടിയിലെ ആനപ്പാൻ രാമൻ, സഹോദരർ ഗോപാലൻ എന്നിവരുടെ കൃഷിയിടങ്ങളിൽ 11ന് പുലർച്ചെ 4ന് 2 ആനകൾ കയറി വ്യാപക നാശമാണ് വിതച്ചത്. ചക്ക മുഴുവൻ പറിച്ചു തിന്നു. വാഴകൾ നശിപ്പിച്ചു. ഒരു മണിക്കൂറിന് ശേഷമാണ് ആനകൾ മടങ്ങിയത്. പ്രദേശത്തെ പ്ലാവുകളിൽ അവശേഷിക്കുന്ന ചക്കകൾ പറിക്കാൻ ഒരുങ്ങുകയാണ് കർഷകർ.
10ന് രാത്രി 9.30ന് മണ്ണുപ്പാടം പെട്രോൾ പമ്പ്, നാലകത്ത് വീരാൻ കുട്ടിയുടെ വീട് എന്നിവയ്ക്കു സമീപം ആനയെത്തി. പുറത്തു പോയ വീരാൻകുട്ടി കാറിൽ തിരിച്ചു വന്നു ഗേറ്റിനടുത്തെത്തിയപ്പോഴാണു സംഭവം. കാറിന്റെ വെളിച്ചം കണ്ട് ആന റോഡ് മുറിച്ചുകടന്ന് മഹാഗണി തോട്ടത്തിൽ കടന്നു. 2 ആനകളാണ് പ്രദേശത്താകമാനം ഭീഷണിയായത്. പ്രശ്ന പരിഹാരത്തിന് നാളെ 10ന് പഞ്ചായത്ത് ഓഫിസിൽ നോർത്ത് ഡിഎഫ്ഒ സർവകക്ഷി, കർഷക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.
അമ്പുട്ടാൻപൊട്ടിയിൽ നിന്ന് ഒഴിഞ്ഞു മാറാതെ കൊമ്പൻ
എടക്കര ∙ ചക്കതേടി കാടിറങ്ങിയ കൊമ്പൻ പോത്തുകല്ല് അമ്പൂട്ടാൻപൊട്ടിയിൽ നിന്ന് ഒഴിഞ്ഞു പോകുന്നില്ല. ഇന്നലെ രാത്രി എട്ടോടെ കൊമ്പൻ അമ്പുട്ടാൻപൊട്ടി അങ്ങാടിക്കു പരിസരത്ത് ജനവാസ കേന്ദ്രത്തിലെത്തി. വീടുകൾക്ക് പരിസരത്തേക്ക് നീങ്ങുന്നത് കണ്ടതോടെ നാട്ടുകാർ സംഘടിച്ച് ബഹളം വച്ച് പിന്തിരിപ്പിച്ചു. എന്നാൽ, കൊമ്പൻ കാട് കയറാതെ സമീപത്തെ വനാതിർത്തിയിൽ തന്നെ തമ്പടിച്ചിരിക്കയാണ്. വാർഡ് അംഗം എം.എ തോമസിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ വെളുമ്പിയംപാടം ജനവാസ കേന്ദ്രത്തിലും കൊമ്പനെത്തിയിരുന്നു. പ്ലാവുള്ള പറമ്പുകളിലേക്കാണ് കൊമ്പനെത്തുന്നത്. ചക്കയിട്ട് തിന്നുകയും കൃഷി നാശം വരുത്തുകയും ചെയ്യുന്നുണ്ട്. കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്ന് ആവശ്യപ്പെട്ടിട്ടും വനം വകുപ്പ് അധികൃതർ ഇതിനുള്ള നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പുലിയെ കണ്ടതായി നാട്ടുകാർ: രാത്രി വൈകിയും തിരച്ചിൽ
മമ്പാട്∙ കൂളിക്കൽ ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാർ. വനപാലകരും നാട്ടുകാരും രാത്രി തിരച്ചിൽ നടത്തുന്നു. വലിയ പീടിയേക്കൽ ഫിറോസിന്റെ ഭാര്യയും മക്കളും ആണ് പുലിയെ കണ്ടതായി പറയുന്നത്. ഇന്നലെ വൈകിട്ട് 6.40ന് ആണ് സംഭവം. വീടിനു സമീപം റബർ തോട്ടത്തിലൂടെ പുലി നീങ്ങുന്നതായി കണ്ടതായാണ് യുവതി പറയുന്നത്.
നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി.ധനിക് ലാലിന്റെ നിർദേശപ്രകാരം കാളികാവ് റേഞ്ചിലെ ചക്കിക്കുഴി സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി. നാട്ടുകാർ, ആർആർടി സംഘം എന്നിവരുടെ നേതൃത്വത്തിൽ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. പുലിയുടേതെന്നു സംശയിക്കുന്ന കാൽപാടു കണ്ടെത്തി. ഇതു പുലിയുടേതാണോ എന്നു സ്ഥിരീകരിക്കാൻ പരിശാേധനയ്ക്ക് അയച്ചു. 3 ദിവസം മുൻപ് മമ്പാട് നടുവക്കാട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരുക്കേറ്റു. അതിനു മുൻപ് പഞ്ചായത്തിലെ ഇളമ്പുഴ ഭാഗത്ത് പുലിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നു. പിടികൂടാൻ കൂളിക്കൽ ഭാഗത്ത് ഇന്നു കൂടു വയ്ക്കും.