നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടി; ഉടമകൾ ജ്വല്ലറി പൂട്ടി മുങ്ങിയെന്നു പരാതി

Mail This Article
എടപ്പാൾ ∙ നിക്ഷേപകരിൽ നിന്ന് കോടികൾ വാങ്ങി തട്ടിപ്പ് നടത്തി ജ്വല്ലറി പൂട്ടി ഉടമകൾ മുങ്ങിയതായി പരാതി. സംഭവത്തിൽ 3 പേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ തൃശൂർ റോഡിൽ പ്രവർത്തിച്ചിരുന്ന ദീമ ജ്വല്ലറിക്ക് എതിരെയാണ് പരാതി. എടപ്പാൾ അയിലക്കാട് പെരിയങ്ങാട്ട് വളപ്പിൽ അബ്ദുൽ ലത്തീഫ് (53), അയിലക്കാട് പെരിഞ്ചേരി ഹൗസിൽ അബ്ദു റഹ്മാൻ (52), കാലടി പൂക്കളത്ത് ഹൗസിൽ കുഞ്ഞുമുഹമ്മദ് (47) എന്നിവരെയാണ് സിഐ സി.ഷൈനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുഞ്ഞിമുഹമ്മദിനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എടപ്പാൾ സ്വദേശികളായ രണ്ട് പേരിൽ നിന്നായി 1.3 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. പൊലീസ് കേസെടുത്തതോടെ പ്രധാന പ്രതികളെല്ലാം ഒളിവിലാണ്. ഇവരിൽ ചിലർ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. നിലവിൽ തട്ടിപ്പിനിരയായ പത്തോളം പരാതികൾ ചങ്ങരംകുളം പൊലീസിന് ലഭിച്ചതായി സിഐ അറിയിച്ചു. ലാഭ വിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണവും പണവും നൽകിയവർക്കാണു പണം നഷ്ടപ്പെട്ടത്. സ്വർണം നിക്ഷേപമായി നൽകിയവരും തട്ടിപ്പിൽ ഉൾപ്പെട്ടു.
ഏകദേശം 50 കോടിയോളം രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തതായാണ് പ്രാഥമിക വിവരം. ഉടമകൾ ബിനാമികളുടെ പേരിൽ ഭൂമി വാങ്ങിച്ചതായും പരാതി ഉയരുന്നുണ്ട്. ആദ്യഘട്ടത്തിൽ കൃത്യമായി ലാഭവിഹിതം നൽകിയിരുന്നെങ്കിലും അടുത്തിടെ ഇത് നിലച്ചു. ഇതോടെയാണ് നിക്ഷേപകർ രംഗത്തെത്തിയത്. മാസ തവണകളായി ഇടപാടുകാരിൽ നിന്ന് തുക സ്വീകരിച്ച് സ്വർണമായി തിരിച്ചു നൽകുന്ന പദ്ധതിയും നടത്തി വന്നിരുന്നു. ഇത്തരത്തിൽ നിർധനരായ ഒട്ടേറെ പേർക്കും പണം നഷ്ടപ്പെട്ടു. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.