രാങ്ങാട്ടൂർ കമ്പനിപ്പടിയിൽ അൻപതോളം കുടുംബങ്ങളുടെ വഴിയടച്ച് റെയിൽവേ

Mail This Article
കുറ്റിപ്പുറം∙ ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാക്കുകൾക്ക് ഇരുവശത്തും ഇരുമ്പുവേലികൾ സ്ഥാപിക്കുമ്പോൾ വഴിയടയുന്നതു രാങ്ങാട്ടൂർ കമ്പനിപ്പടിയിലെ അൻപതോളം കുടുംബങ്ങൾക്ക്. ഇവർക്കു മുന്നിൽ താമസിയാതെ ഇരുമ്പുവേലി ഉയരും.ഇരുമ്പുവേലി നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. ഇതോടെ പ്രദേശത്തെ വിദ്യാർഥികൾ അടക്കമുള്ളവർ ബുദ്ധിമുട്ടിലാകും. കുറ്റിപ്പുറം പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിൽ ഉൾപ്പെട്ട ഈ പ്രദേശത്തേക്കു നിലവിൽ നേരിട്ടുള്ള വഴിയില്ല. ഒരു വശത്തു വയലും മറുവശത്തു റെയിൽവേ ട്രാക്കുമാണ്. വയലിലൂടെ റോഡ് നിർമിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും പാതിവഴിയിൽ നിലച്ചു. റെയിൽവേ ട്രാക്കിനു മറുവശത്തു വാഹനങ്ങൾ നിർത്തിയാണ് പ്രദേശത്തുള്ളവർ വീടുകളിൽ എത്തുന്നത്.
ഈ നടപ്പാതയും മാസങ്ങൾക്കു മുൻപു റെയിൽവേ വേലികെട്ടി അടച്ചിരുന്നു. ട്രാക്കിന് ഇരുവശത്തും പൂർണമായി വേലികൾ ഉയർന്നാൽ രോഗികളെ ആശുപത്രികളിൽ എത്തിക്കാൻപോലും കഴിയില്ല. പ്രദേശത്തേക്ക് എത്തിപ്പെടാൻ ഗതാഗത സംവിധാനം ഒരുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. റെയിൽവേ ട്രാക്കിന് അടിയിലൂടെ ഗതാഗത സംവിധാനം ഒരുക്കാൻ കഴിയുമോ എന്നാണു പ്രദേശവാസികൾ ചോദിക്കുന്നത്. ഇതിനായി പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർക്കു നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ് ഈ കുടുംബങ്ങൾ. അല്ലെങ്കിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മറുവശത്തുകൂടി റോഡ് നിർമിച്ചു നൽകണമെന്നാണ് ആവശ്യം.