സംസ്ഥാന മോട്ടർ വാഹന വകുപ്പിന്റെ ആദ്യ ചെക്പോസ്റ്റ് കെട്ടിടം ഇനി ഓർമ

Mail This Article
വാളയാർ ∙ പുതിയ ആർടിഒ ഇൻ ചെക്പോസ്റ്റ് നിർമിക്കാൻ പഴയ കെട്ടിടം പൊളിച്ചു തുടങ്ങി. ഓർമയാകുന്നതു സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ മോട്ടർ വാഹന ചെക്പോസ്റ്റുകളിലൊന്ന്. ഏഷ്യയിലെ ഏറ്റവും വലുതും നികുതി വരുമാനത്തിൽ ഒന്നാമതുമായ വാളയാർ ചെക്പോസ്റ്റുകളിലെ ചരിത്ര അടയാളമായിരുന്ന ചെക്പോസ്റ്റ് കെട്ടിടമാണു പൊളിച്ചുമാറ്റിയത്.
1958ൽ സംസ്ഥാന മോട്ടർ വാഹന വകുപ്പ് രൂപീകൃതമായപ്പോൾ ആദ്യം സ്ഥാപിച്ച കെട്ടിടങ്ങളിലൊന്നായിരുന്നു വാളയാർ ഇൻ ചെക്പോസ്റ്റ്. മോട്ടർ വാഹന വകുപ്പിന്റെ സ്വന്തം സ്ഥലത്താണു കെട്ടിടമുള്ളത്. പൊലീസ് വകുപ്പിലുണ്ടായിരുന്ന മോട്ടർ ട്രാൻസ്പോർട് എസ്ഐമാരെ മാറ്റി നിയോഗിച്ചാണു അന്നു മോട്ടർവാഹന വകുപ്പിനു രൂപം നൽകിയത്. ദേശീയപാതയ്ക്കു പുതിയ മുഖം വന്നപ്പോഴും പഴമയുടെ തലയെടുപ്പോടെ നിലനിന്ന കെട്ടിടത്തിന് ഒടുവിൽ പുതിയ തലമുറയ്ക്കായി വഴിമാറേണ്ടി വന്നു.
വാളയാറിൽ ഒരുങ്ങുന്നത് ന്യൂജനറേഷൻ ചെക്പോസ്റ്റ്
വാളയാറിൽ ഒരുങ്ങുന്നത് മോട്ടർ വാഹന വകുപ്പിന്റെ ‘ന്യൂജനറേഷൻ’ ചെക്പോസ്റ്റ്. 3 നിലകളിലായി ഓട്ടമാറ്റിക് ടോൾപ്ലാസയുടെ മാതൃകയിലാണു കെട്ടിടം ഒരുക്കുന്നത്. ചലിക്കുമ്പോൾ തന്നെ ഭാരം പരിശോധിക്കാൻ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടെയുള്ള 3 വേബ്രിജുകളും ഒരു സ്റ്റാൻഡിങ് വേബ്രിജും ഇവിടെ ഒരുക്കും. 16 ക്യാമറകളും സിസിടിവികളും തത്സമയ റെക്കോർഡിങ് സംവിധാനവും ഉണ്ടാകും.
ഇവിടത്തെ കൺട്രോൾ റൂം തിരുവനന്തപുരത്തു ട്രാൻസ്പോർട് കമ്മിഷണർക്കു നിരീക്ഷിക്കാവുന്ന രീതിയിലാകും പ്രവർത്തിക്കുക. ഗതാഗതക്കുരുക്കും അഴിമതി ആരോപണങ്ങളും ഇല്ലാതാക്കുകയാണു ചെക്പോസ്റ്റ് ലക്ഷ്യമിടുന്നതെന്നും അസി. നോഡൽ ഓഫിസർ എ.കെ.രാജീവൻ പറഞ്ഞു. 9 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ചുമതല ഊരാളുങ്കലിനും കോസ്റ്റ്ഫോഡിനുമാണ്.
7 മാസത്തിനുള്ളിൽ പുതിയ ചെക്പോസ്റ്റ് യാഥാർഥ്യമാക്കാനാണു ശ്രമം.ഫെബ്രവരി 15നാണു ഇതിനു തറക്കല്ലിട്ടത്.പഴയ ആർടിഒ ഇൻ ചെക്പോസ്റ്റ് പൊളിച്ചതിനാൽ നിലവിൽ താൽകാലികമായി കണ്ടെയനറിൽ സജീകരിച്ച ചെക്പോസ്റ്റ് പ്രവർത്തിക്കുന്നത് മലബാർ സിമന്റ് റോഡിലാണ്.