ADVERTISEMENT

പാലക്കാട്∙ പാതിരാവിൽ ഹൈവേയിലെ ഇരുളിൽ നിന്നുയർന്ന നിലവിളികൾ ഇന്നും സമീപവാസികളുടെ കാതുകളിൽ മുഴങ്ങുന്നു. ദേശീയപാതയിൽ വടക്കാഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിൽ 5 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 9 പേരാണു മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയ സംഘത്തിന്റെ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചു മറിയുകയായിരുന്നു. വിനോദയാത്രാ സംഘത്തിൽ 42 വിദ്യാർഥികളും 5 അധ്യാപകരും കൊട്ടാരക്കരയിൽ നിന്നു കോയമ്പത്തൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ 40 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.

ടൂറിസ്റ്റ് ബസിലെ 5 വിദ്യാർഥികളും ഒരു അധ്യാപകനും കെഎസ്ആർടിസി ബസിലെ 3 യാത്രക്കാരുമാണു മരിച്ചത്. ബസ് ദുരന്തത്തിനു പ്രധാന കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അമിതവേഗമാണെന്നു മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ദേശീയപാതയുടെ ഇടതുവശത്തു തിരിച്ചറിയൽ വരയും (റോഡ് എഡ്ജ് മാർക്കിങ്) തെരുവുവിളക്കുകളും ഇല്ലാത്തതും മാലിന്യക്കൂമ്പാരവും അപകടത്തിന് ആക്കം കൂട്ടി. അപകടത്തിനു തൊട്ടുമുൻപ് യാത്രക്കാരനെ ഇറക്കുന്നതിനു കെഎസ്ആർടിസി ബസ് വേഗം കുറച്ചെന്നും അതും അപകടകാരണമായെന്നും കണ്ടെത്തിയിരുന്നുകെഎസ്ആർടിസി ബസിന്റെ പിന്നിൽ വലതുവശത്ത് ഇടിച്ച ശേഷം പിൻഭാഗം കൊളുത്തി വലിച്ചു ടൂറിസ്റ്റ് ബസ് മുന്നോട്ടുപോവുകയായിരുന്നു.

അപകടം നടന്ന പ്രദേശത്ത് ഇപ്പോഴും  കിടക്കുന്ന മാലിന്യക്കൂമ്പാരം. ചിത്രം: മനോരമ   

ദേശീയപാതയിൽ വേഗനിയന്ത്രണത്തിനായുള്ള മഞ്ഞ മാർക്ക്
1. അപകടം നടന്ന പ്രദേശത്ത് ഇപ്പോഴും കിടക്കുന്ന മാലിന്യക്കൂമ്പാരം, 2. ദേശീയപാതയിൽ വേഗനിയന്ത്രണത്തിനായുള്ള മഞ്ഞ മാർക്ക്

പിന്നീട് കെഎസ്ആർടിസിയുമായി വേർപെട്ട ടൂറിസ്റ്റ് ബസ് ആദ്യം റോഡിനു നടുവിലെ മീഡിയനു നേരെ പോകുകയും പിന്നീട് ഇടത്തോട്ടു തിരിഞ്ഞു റോഡിന്റെ വശവും കടന്നു മാലിന്യക്കൂമ്പാരത്തിനു മുകളിലേക്കു കയറി മറിയുകയുമായിരുന്നു. മറിഞ്ഞ ശേഷം നിരങ്ങിയാണു നിന്നത്. അപകടം നടക്കുമ്പോൾ കെഎസ്ആർടിസി ബസിന്റെ വേഗം മണിക്കൂറിൽ 10 കിലോമീറ്റർ താഴെയും ടൂറിസ്റ്റ് ബസിന്റെ വേഗം 97.7 കിലോമീറ്ററുമായിരുന്നു.9 ജീവനുകൾ പൊലിഞ്ഞ ദേശീയപാതയിലെ അപകടം നടന്നിട്ട് 100 ദിനങ്ങളിലേക്കു കടക്കുമ്പോഴും റോഡിലെ അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ പോകുന്നതേയുള്ളൂ.

പരിശോധനകൾ കർശനമാക്കിയും വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കിയും മോട്ടർ വാഹന വകുപ്പ് ഉണർന്നു പ്രവർത്തിക്കുന്നുണ്ട്.വടക്കഞ്ചേരി അപകടത്തിനു ശേഷം ദേശീയപാതയിലെ അപകടം കുറയ്ക്കാൻ ഒട്ടേറെ നടപടികൾ സ്വീകരിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചു. അമിതവേഗമാണ് അപകടത്തിനു കാരണമെന്നതിനാൽ അതു നിയന്ത്രിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു. ജംക്‌ഷനുകൾക്ക് മുന്നോടിയായി വേഗം കുറയ്ക്കുന്നതിനുള്ള മഞ്ഞനിറത്തിലുള്ള പ്രത്യേകതരം മാർക്കുകൾ വരച്ചു. ഇതിലൂടെ കയറിപ്പോകുമ്പോൾ വണ്ടിക്ക് ചെറിയ കുലുക്കവും ഒപ്പം വേഗ നിയന്ത്രണവും ഉണ്ടാകും.

15 സ്ഥലത്താണ് ഇതു ചെയ്തത്. കൂടുതൽ മുന്നറിയിപ്പു ബോർഡുകൾ, സ്റ്റഡുകൾ എന്നിവ സ്ഥാപിച്ചു. രാത്രികാലങ്ങളിൽ സ്റ്റഡുകൾ തിളങ്ങുന്നതു മൂലം റോഡ് കൃത്യമായി അറിയാം. സീബ്ര ലൈനുകൾ, മറ്റു മുന്നറിയിപ്പു വരകൾ എന്നിവ വരച്ചു. മീഡിയനുകളിൽ രാത്രിയിൽ തിളങ്ങുന്ന ദണ്ഡ് രൂപത്തിലുള്ള ഉപകരണം സ്ഥാപിച്ചു. രാത്രികളിൽ തിളങ്ങുമെന്നതിനാൽ മീഡിയനുകൾ കൃത്യമായി തിരിച്ചറിയാൻ കഴിയും. മീഡിയനുകളിലും റോഡിന്റെ വശങ്ങളിലും വരകൾ തയാറാക്കി. സ്വകാര്യ ഏജൻസിയെ നിയോഗിച്ച് ഓഡിറ്റ് നടത്തി. ഏതാനും സ്ഥലങ്ങളിൽ കൂടി തെരുവുവിളക്കുകൾ സ്ഥാപിക്കുമെന്നും എൻഎച്ച്എഐ അറിയിച്ചു.

വെളിച്ചക്കുറവു മുതൽ പാർക്കിങ് വരെ

പാലക്കാട് ∙ വാളയാറിനും വടക്കഞ്ചേരിക്കുമിടയിൽ ദേശീയപാതയിൽ വെളിച്ചക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കു പരിഹാരം വേണമെന്നും മുന്നറിയിപ്പ് ബോർഡുകൾ, ബാരിയറുകൾ, സ്റ്റഡുകൾ, സീബ്ര വരകൾ എന്നിവ സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കണമെന്നും കലക്ടർ അധ്യക്ഷയായ റോഡ് സുരക്ഷാ കൗൺസിൽ ശുപാർശ ചെയ്തു. മദ്യശാലകൾ നീക്കണമെന്നും ശുപാർശയുണ്ട്. മീഡിയനുകളിലെ വിടവുകൾ ആവശ്യമില്ലാത്തതു കണ്ടെത്തി അടയ്ക്കും.

വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കെഎസ്ആർടിസി ബസിനു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് 9 പേർ മരിച്ച സംഭവത്തിനു ശേഷം ചേർന്ന സമിതിയാണ് ഈ നിർദേശങ്ങൾ നൽകിയത്. സ്വീകരിച്ച നടപടികൾ ദേശീയപാത അതോറിറ്റി(എൻഎച്ച്എഐ) സമിതിയെ അറിയിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവി, പൊലീസ്, മോട്ടർവാഹന വകുപ്പ്, ദേശീയപാത അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്നതാണു കൗൺസിൽ.

മറ്റു നടപടികളും നിർദേശങ്ങളും

കണ്ണാടി വടക്കുമുറി, എരിമയൂർ എന്നിവിടങ്ങളിലെ ബവ്റിജസ് ഔട്ട്ലറ്റുകൾ മാറ്റാൻ കത്തു നൽകും. കൽമണ്ഡപത്തു മദ്യം വാങ്ങുന്നതിന് ദേശീയപാത കടക്കുന്നത് അപകടത്തിന് കാരണമാകുന്നതിനാൽ ആളുകൾ ചാടിക്കടക്കാത്ത രീതിയിൽ മീഡിയൻ ബാരിയർ സ്ഥാപിക്കാനും ആവശ്യമായ വെളിച്ചം ഏർപ്പെടുത്തുന്നതിനും ദേശീയപാത വിഭാഗത്തിനു നിർദേശം നൽകി.ദേശീയപാതയ്ക്കു സമീപത്തെ ഹോട്ടലുകളിൽ വരുന്ന വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നുണ്ടെങ്കിൽ ഉടമകൾക്കു നോട്ടിസ് നൽകും

ദേശീയപാതയുമായി ചേരുന്ന കണ്ണന്നൂർ–തിരുനെല്ലായ് റോഡ്, വടക്കഞ്ചേരി–കണ്ണമ്പ്ര റോഡ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.പാതയോരത്ത് മാലിന്യം തള്ളൽ തടയാൻ പൊലീസ് നടപടികൾ ശക്തമാക്കുംബസുകൾ ആലത്തൂർ സ്വാതി ജംക്‌ഷനിൽ നിന്ന് ടൗണിലേക്ക് വരുന്നത് ഒഴിവാക്കാൻ ഗുരുകുലം ജം‌ക്‌ഷൻ വഴി തിരിച്ചുവിടുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആലത്തൂർ ഡിവൈഎസ്പിയെ നിയോഗിച്ചു

ഓരോ മേഖലയ്ക്കുമായി കൗൺസി‍ൽ നൽകിയ നിർദേശങ്ങൾ

വാളയാർ ഡാം റോഡ്, മോട്ടർവാഹന ചെക്ക്പോസ്റ്റ്, അതിർത്തി എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് വെളിച്ചം വേണം. അതിർത്തിയിൽ അനധികൃത പാർക്കിങ് അരുത്.പതിനാലാംകല്ലിൽ മെയിൻ ഗാരിജ് റോഡിലെ മീഡിയൻ അടയ്ക്കണംഅട്ടപ്പള്ളത്ത് അനധികൃത പാർക്കിങ് ഒഴിവാക്കണം,സിഗ്നൽ സംവിധാനം വേണംആലമരം റോഡ്, കുരുടിക്കാട് ജംക്‌ഷനിൽ സിഗ്നൽ ലംഘനം പിടികൂടാൻ ക്യാമറ (ആർഎൽവിഡി ക്യാമറ) സ്ഥാപിക്കണം. കഞ്ചിക്കോട് ആശുപത്രി ജംക്‌ഷനിൽ സിഗ്നൽ സ്ഥാപിക്കണംപുതുശ്ശേരി ജംക്‌ഷനിൽ സീബ്ര ലൈൻ സ്ഥാപിക്കണം. ചന്ദ്രനഗറിൽ ബ്ലിംഗർ ലൈറ്റ് വേണംഐടിഐക്ക് മുൻവശം ആളുകൾ റോഡ് കടക്കുന്നത് ഒഴിവാക്കാൻ ബാരിയറുകളുടെ ഇടയിലെ വിടവ് അടയ്ക്കണംമെഡിക്കൽ കോളജിന് മുൻവശം ആവശ്യമായ വെളിച്ചം ഏർപ്പെടുത്താനും സർവീസ് റോഡ് കാര്യക്ഷമമാക്കാനും ദേശീയപാത അതോറിറ്റിക്കു നിർദേശം നൽകി. ഹൈമാസ്റ്റ് വെളിച്ചം സ്ഥാപിക്കാൻ ഫണ്ട് നൽകാൻ മെഡിക്കൽ കോളജ് അധികൃതർക്കു കത്തു നൽകും

2 വർഷത്തിനുള്ളിൽ 2 പേരുടെ മരണവും 8 പേർക്ക് ഗുരുതര അപകടവും സംഭവിച്ച കാഴ്ചപറമ്പ് ജംക്‌ഷനിൽ സർവീസ് റോഡിലെ സിഗ്നൽ സംവിധാനത്തിനു കെൽട്രോണിന്റെ സാങ്കേതികസഹായം തേടുംകാഴ്ചപറമ്പ് കണ്ണാടി റോഡിൽ നിലവിലെ മേൽ നടപ്പാലം ഉപയോഗിക്കുന്നില്ല. അതിനാൽ കണ്ണാടി സ്കൂളിനു മുൻവശത്തേക്കു മാറ്റാനാകുമോയെന്നു പരിശോധിക്കുംകണ്ണനൂർ–തിരുനെല്ലായ് റോഡിൽ വേഗത്തട പുനർനിർമിച്ച് അപകടസാധ്യത കുറയ്ക്കണം.കുഴൽമന്ദം ജംക്‌ഷനിൽ ബസുകൾ ഇറക്കുന്നതും കയറ്റുന്നതും നിശ്ചയിച്ച സ്ഥലത്തു തന്നെയാണെന്ന് പൊലീസ് ഉറപ്പാക്കണം. കുളവൻമുക്കിൽ സർവീസ് റോഡിൽ ബസുകൾ ആളെ കയറ്റി ഇറക്കാൻ സൗകര്യം ഏർപ്പെടുത്തണം

വെള്ളപ്പാറയിൽ വാഹനം പാർക്ക് ചെയ്യാൻ യാർഡ് നിർമിക്കാനുള്ള സാധ്യത അന്വേഷിക്കണംഇരട്ടക്കുളം ജംക്‌ഷനിൽ സിഗ്നൽ ലംഘനം തടയുന്നത് കണ്ടെത്താൻ ക്യാമറ സ്ഥാപിക്കണംമംഗലം പാലത്തിന് ഇരുവശത്തും അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടി വേണംവടക്കഞ്ചേരി ഡയാന ഹോട്ടലിനു സമീപം സർവീസ് റോ‍ഡിൽ നിന്നു മെയിൻ റോഡിലേക്കു വാഹനം പ്രവേശിക്കുന്നത് അപകടത്തിനു കാരണമാകുന്നു. ഈ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കണംപന്നിയങ്കര ടോൾപ്ലാസയിൽ അനധികൃത പാർക്കിങ് നിയന്ത്രിക്കണം. പന്നിയങ്കരയിൽ വേഗം നിയന്ത്രിക്കാനും വെളിച്ചമൊരുക്കാനും നടപടി വേണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com