എസ്എഫ്ഐ കോട്ടകളിൽ വിള്ളൽ

Mail This Article
പാലക്കാട് ∙ ജില്ലയിൽ എസ്എഫ്ഐ കോട്ടകളിൽ വിള്ളൽ വീഴ്ത്തി കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ ഒരു കോളജിൽ പോലും യൂണിയൻ നേടാൻ കഴിയാതെ പോയ കെഎസ്‍യു ഇത്തവണ 10 കോളജുകളിൽ ജയം നേടിയതായി അവകാശപ്പെട്ടു. മൂന്നിടത്ത് എംഎസ്എഫ് ജയം നേടി. 31 കോളജുകളിലാണു തിരഞ്ഞെടുപ്പ് നടന്നത്. 18 കോളജുകളിൽ യൂണിയൻ നേടിയതായി എസ്എഫ്ഐ അവകാശപ്പെട്ടു. പാലക്കാട് ഗവ.വിക്ടോറിയ കോളജ് യൂണിയൻ 23 വർഷത്തിനുശേഷവും ഒറ്റപ്പാലം എൻഎസ്എസ് കോളജ് യൂണിയൻ 20 വർഷത്തിനുശേഷവും കെഎസ്‍യു പിടിച്ചെടുത്തു. തൃത്താല റോയൽ കോളജ് കെഎസ്‍യുവിൽ നിന്ന് എസ്എഫ്ഐ പിടിച്ചെടുത്തു.
മുൻ എസ്എഫ്ഐ വനിതാ നേതാവു വ്യാജരേഖ നിർമിച്ചു ജോലിക്കു ശ്രമിച്ച അട്ടപ്പാടി ആർജിഎം ഗവ.കോളജിൽ ചരിത്രത്തിൽ ആദ്യമായി കെഎസ്‍യുവിനു ജയം. സർക്കാർ കോളജുകളിൽ കെഎസ്‍യുവിനു വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞതായി ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടിയും 6 കോളജുകളിൽ മുഴുവൻ സീറ്റും എസ്എഫ്ഐ നേടിയതായി ജില്ലാ പ്രസിഡന്റ് എസ്.വിപിനും പറഞ്ഞു. 6 കോളജുകളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ. 4 കോളജുകളിൽ എല്ലാ സീറ്റിലും എതിരില്ലാതെ എസ്എഫ്ഐ വിജയം. പട്ടാമ്പി ഗവ.സംസ്കൃത കോളജിൽ 40 വർഷത്തിനു ശേഷം ചെയർമാൻ സ്ഥാനം കെഎസ്‍യുവിനു ലഭിച്ചു.
∙ എസ്എഫ്ഐ നേടി:
ചിറ്റൂർ ഗവ.കോളജ്, പത്തിരിപ്പാല ഗവ.കോളജ്, ഷൊർണൂർ എസ്എൻ കോളജ്, ചെർപ്പുളശ്ശേരി ഐഡിയൽ, വിടിബി ശ്രീകൃഷ്ണപുരം, ചെമ്പൈ സംഗീത കോളജ്, കൊഴിഞ്ഞാമ്പാറ ഗവ.കോളജ്, അയിലൂർ ഐഎച്ച്ആർഡി, എലവഞ്ചേരി തുഞ്ചത്തെഴുത്തച്ഛൻ കോളജ്, വി.ആർ.കൃഷ്ണനെഴുത്തച്ഛൻ ലോ കോളജ്, നെന്മാറ നേതാജി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജ്, തോലനൂർ ഗവ.കോളജ്, ആലത്തൂർ എസ്എൻ കോളജ്, മുടപ്പല്ലൂർ ലയൺസ് കോളജ്, വടക്കഞ്ചേരി ഐഡിയൽ, തൃത്താല റോയൽ, ശ്രീകൃഷ്ണപുരം വിടിബി കോളജ്, ശ്രീനാരായണ ഗുരു കോളജ് അഡ്വാൻസ് സ്റ്റഡീസ്,
∙ കെഎസ്‍യു നേടി: പാലക്കാട് ഗവ.വിക്ടോറിയ കോളജ്, ഒറ്റപ്പാലം എൻഎസ്എസ് കോളജ്, നെന്മാറ എൻഎസ്എസ് കോളജ്, പറക്കുളം എൻഎസ്എസ് കോളജ്, തൃത്താല ഗവ.കോളജ്, പടിഞ്ഞാറങ്ങാടി മൈനോറിറ്റി കോളജ്, ആനക്കര എഡബ്ലുഎച്ച് കോളജ്, പട്ടാമ്പി ലിമെന്റ് കോളജ്,അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളജ്, പട്ടാമ്പി ഗവ.കോളജ് (യുഡിഎസ്എഫ്)
∙ എംഎസ്എഫ് നേടി: മണ്ണാർക്കാട് എംഇഎസ്, മണ്ണാർക്കാട് നജാത്ത് കോളജ്, മണ്ണാർക്കാട് യൂണിവേഴ്സൽ കോളജ്.
ഒറ്റപ്പാലം എൻഎസ്എസിൽ അട്ടിമറി ജയം
ഒറ്റപ്പാലം ∙ എൻഎസ്എസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് അട്ടിമറി വിജയം. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമാണു കലാലയത്തിൽ കെഎസ്‌യു ഭരണസാരഥ്യത്തിലെത്തുന്നത്. യൂണിയനിലെ 9 ജനറൽ സീറ്റുകളിലും കെഎസ്‌യു വിജയിച്ചു. 51 ക്ലാസ് പ്രതിനിധികളിൽ ഇരുപത്തിയെട്ടും നേടിയാണു കെഎസ്‌യു ആധിപത്യം ഉറപ്പിച്ചത്. എസ്എഫ്ഐ ഇരുപതും എബിവിപി മൂന്നും സീറ്റുകൾ നേടി. 7 സീറ്റുകളിൽ എസ്എഫ്ഐയും ഒന്നിൽ കെഎസ്‌യുവും എതിരില്ലാതെയാണു തിരഞ്ഞെടുക്കപ്പെട്ടത്. 22 വർഷം മുൻപാണു കെഎസ്‌യുവിന് അവസാനമായി യൂണിയൻ ലഭിച്ചിരുന്നത്. ഇതിനു ശേഷം ചില വർഷങ്ങളിൽ ഒറ്റപ്പെട്ട ജനറൽ സീറ്റുകളിൽ വിജയിച്ചിരുന്നെങ്കിലും യൂണിയൻ ഭരണം ലഭിച്ചിരുന്നില്ല.