പന്നിയങ്കര ടോൾ പ്ലാസ: സ്കൂള്‍ വാഹനങ്ങള്‍ ടോള്‍ നല്‍കാത്തതിനെതിരെ വക്കീല്‍ നോട്ടിസ്
Mail This Article
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ സ്കൂൾ വാഹനങ്ങൾ ടോൾ നൽകാത്തതിനെതിരെ നിര്‍മാണ കമ്പനി വാഹന ഉടമകള്‍ക്ക് വക്കീൽ നോട്ടിസ് അയച്ചു. ടോൾ പ്ലാസയിലൂടെ കടന്നുപോകുന്ന സ്കൂൾ വാഹനങ്ങൾ 2022 മാർച്ച് 9 മുതല്‍ അനധികൃതമായി കടന്നു പോകുകയാണെന്നു കാണിച്ചാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ലക്ഷങ്ങളുടെ തുകയാണ് പിഴയായി വാഹന ഉടമകളില്‍ നിന്നു കമ്പനി ആവശ്യപ്പെടുന്നത്. പന്തലാംപാടം മേരിമാതാ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒരു വാഹനത്തിന് അമ്പതിനായിരത്തി എണ്ണൂറ്റി ഇരുപത് രൂപ (50,820) പന്ത്രണ്ട് ശതമാനം പലിശ അടക്കം അടയ്ക്കണമെന്നാണ് ടോള്‍ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ വാഹനങ്ങള്‍ തടയുമെന്നും തൃശൂര്‍ എക്സ്പ്രസ് വേ ലിമിറ്റഡ് കമ്പനി അറിയിച്ചു.
പ്രദേശവാസികളില്‍ നിന്നും സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കില്ലെന്ന് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ കലക്ട്രേറ്റില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുത്തിരുന്നു. ഇത് ലംഘിച്ചാണ് ഇപ്പോള്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇരുപത്തഞ്ചോളം വാഹനങ്ങളില്‍ നിന്നായി 8 ലക്ഷം രൂപയോളം അടയ്ക്കണമെന്നാണ് നോട്ടിസിൽ ആവശ്യപ്പെടുന്നത്. സ്കൂൾ വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കിയാൽ വിദ്യാർഥികളുടെ യാത്രാ നിരക്കില്‍ വന്‍ വര്‍ധവ് ഉണ്ടാകുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
2022 മാർച്ച് 9 മുതലാണ് പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. 24 ദിവസം പിന്നിട്ടപ്പോൾ 2022 ഏപ്രിൽ മുതൽ വീണ്ടും നിരക്ക് വർധിപ്പിച്ചു. പിന്നീട് എല്ലാ വര്‍ഷവും തുക ഉയര്‍ത്തി. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ പ്രദേശവാസികളായ യാത്രക്കാർ ഇപ്പോൾ സൗജന്യയാത്ര തുടരുന്നുണ്ടെങ്കിലും അതും പിൻവലിക്കുമെന്നാണ് സൂചന.
പ്രതിഷേധം ശക്തമാക്കി സംഘടനകൾ
∙ വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, സംയുക്ത സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ സ്കൂള്‍ വാഹനങ്ങള്‍ക്ക് ടോൾ നല്‍കുന്നതിനെതിരെ പ്രതിഷേധ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വടക്കഞ്ചേരി ജനകീയവേദിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയ്ക്കു മുൻപിൽ നാളെ പ്രതിഷേധ ജ്വാല തെളിക്കും. സ്കൂള്‍ വാഹനങ്ങള്‍ക്ക് സൗജന്യയാത്ര തുടരണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകളും പതിക്കും. ജനപ്രതിനിധികളോടു പോലും ആലോചിക്കാതെ ഏകപക്ഷീയമായി ടോൾ തുക ആവശ്യപ്പെട്ട കരാർ കമ്പനിയുടെ നീക്കം അനുവദിക്കാൻ കഴിയില്ലെന്നും ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.