മണിപ്പുരിലെ കുഞ്ഞുങ്ങൾക്കു സർക്കാർ അനുമതിയോടെ പഠന സൗകര്യം ഒരുക്കാം: മാർത്തോമ്മാ മെത്രാപ്പൊലീത്ത
Mail This Article
തിരുവല്ല ∙ മണിപ്പുർ കലാപത്തിൽ ഇരയാക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് സർക്കാർ സംവിധാനങ്ങളുടെ അനുമതിയോടെ മാർത്തോമ്മാ സഭയുടെ ഭാരതത്തിലെ വിവിധ റസിഡൻഷ്യൽ സ്കൂളുകളിൽ പഠനസൗകര്യം ഒരുക്കുന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മാർത്തോമ്മാ സുവിശേഷക സേവികാ സംഘത്തിന്റെ മഞ്ഞാടിയിലെ ശാലേം ഭവൻ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതു കുഞ്ഞിനും അവകാശപ്പെട്ട സംരക്ഷണം ആലുവയിലെ അതിഥി തൊഴിലാളി ബാലികയ്ക്ക് ലഭിക്കാതെ പോയത് ഈ നാടിന്റെ അപരാധമാണ്.
കുരുന്നിലെ കരിയുന്ന കുഞ്ഞുങ്ങളും സമുഹത്തിന്റെ കൊടും ക്രൂരതക്ക് മുന്നിൽ ഞെരിഞ്ഞമരുന്ന ബാല്യങ്ങളും ഇപ്പോഴുമുണ്ടെന്നു മെത്രാപ്പൊലീത്ത പറഞ്ഞു. സംഘം പ്രസിഡന്റ് ഡോ.ഏബ്രഹാം മാർ പൗലോസ് അധ്യക്ഷനായിരുന്നു. മന്ത്രി വീണാ ജോർജ് സന്ദേശം നൽകി. നഗരസഭാധ്യക്ഷ അനു ജോർജ്, കൗൺസിലർ ജാസ് നാലിൽ പോത്തൻ, വികാരി ജനറൽ റവ. ജോർജ് മാത്യു, സഭാ സെക്രട്ടറി റവ. സി.വി.സൈമൺ, റേയ്ച്ചൽ മാത്യു, റവ. അനീഷ് തോമസ് തോമസ്, ഡോ. അച്ചാമ്മ മാത്യു, റവ.സാമുവൽ സന്തോഷം, ടി.റോസമ്മ എന്നിവർ പ്രസംഗിച്ചു.