ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഷർട്ടിട്ട് പ്രവേശിച്ച് എസ്എൻഡിപി പ്രവർത്തകർ

Mail This Article
റാന്നി പെരുനാട് ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് ദർശനം നടത്തി എസ്എൻഡിപി യോഗം ശാഖാ പ്രവർത്തകർ. എസ്എൻഡിപി പെരുനാട് പഞ്ചായത്ത് സംയുക്ത സമിതി നേതൃത്വത്തിലാണ് പ്രവർത്തകർ ദർശനത്തിനെത്തിയത്. പൊലീസ് സാന്നിധ്യത്തിൽ ദർശനം നടത്തിയശേഷം അവർ മടങ്ങി.
ശബരിമലയോളം പഴക്കവും പ്രാധാന്യവുമുള്ളതാണ് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രം. മകര സംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണം മടക്കയാത്രയിൽ പെരുനാട് ക്ഷേത്രത്തിൽ അണിയിക്കാറുണ്ട്. ദേവസ്വം ബോർഡിന്റെ മറ്റു ക്ഷേത്രങ്ങളിൽ എഴുതിവച്ചിട്ടുള്ളതു പോലെ ഷർട്ട് ധരിച്ച് ദർശനം നടത്തരുതെന്ന് ഇവിടെയും ബോർഡുണ്ട്. എന്നാൽ നിയന്ത്രണമില്ലെന്ന് ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസർ അരുൺ പറഞ്ഞു.
തിരുവാഭരണം ചാർത്തുന്ന ദിവസം പൊലീസ് ഉദ്യോഗസ്ഥരടക്കം യൂണിഫോമിലും ഷർട്ട് ധരിച്ചുമാണ് ദർശനം നടത്തുന്നത്. ആരും തടയാറില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സോമനാഥപിള്ള പറഞ്ഞു. അനാചാരം നിലനിൽക്കുന്നതിലാണ് ഷർട്ട് ധരിച്ച് ദർശനം നടത്തിയതെന്ന് സംയുക്ത സമിതി പ്രസിഡന്റ് പ്രമോദ് വാഴാംകുഴി പറഞ്ഞു.