സ്വകാര്യ പങ്കാളിത്തത്തോടെ വിളക്കുകൾ സ്ഥാപിച്ചു; ചാലക്കുടി റെയിൽവേ മേൽപാലത്തിലെ ഇരുളകന്നു

Mail This Article
ചാലക്കുടി ∙ റെയിൽവേ മേൽപാലത്തിൽ വിളക്കുകൾ തെളിഞ്ഞു. നഗരസഭയാണു സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ വിളക്കുകൾ സ്ഥാപിച്ചത്. നഗരസഭ, സ്വകാര്യ കമ്പനിയുമായി സഹകരിച്ചു നടപ്പാക്കുന്ന, വഴിയോര സൗന്ദര്യവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി ചാലക്കുടി - മാള റോഡിലെ റെയിൽവേ മേൽപാലത്തിൽ 122 പുതിയ എൽഇഡി വിളക്കുകളാണു സ്ഥാപിച്ചത്. സോളമൻസ് അഡ്വർട്ടൈസിങ് കമ്പനിയാണ് ചെലവുകൾ വഹിച്ചത്.
7 വർഷത്തേക്ക് ഇതിന്റെ പരിപാലനവും വൈദ്യുതിച്ചാർജും കമ്പനി നൽകും . കൂടാതെ 5 ലക്ഷം രൂപ നഗരസഭയിൽ വിവിധ ഘട്ടങ്ങളിലായി ഇവർ ഫീസായി നൽകും. ഇവർക്കു പരസ്യം സ്ഥാപിക്കാൻ നഗരസഭ കൃത്യമായ അളവും നിബന്ധനകളും നിർദേശിച്ചു.വിളക്കുകാലുകളിൽ 22 വാട്സ് എൽഇഡി ലൈറ്റുകളാണ് സ്ഥാപിച്ചത്. ഇതിനായി നഗരസഭ പ്രത്യേകം വൈദ്യുതി കണക്‌ഷൻ നേരത്തെ എടുത്തിരുന്നു.
റെയിൽവേ മേൽപാലത്തിനു പുറമേ വെട്ടുകടവ് പാലം, കോട്ടാറ്റ് പറയൻതോട് പാലം എന്നിവിടങ്ങളിലും പദ്ധതി പ്രകാരം കമ്പനി ലൈറ്റുകൾ സ്ഥാപിക്കുമെന്ന് നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സൂസമ്മ ആന്റണി എന്നിവർ അറിയിച്ചു.