ബസിൽ കയറാൻ തലങ്ങും വിലങ്ങും ഓടുന്ന യാത്രക്കാർ; റോഡ് നിയമങ്ങൾ ഇതൊക്കെ: ഇനി എന്നു പാലിക്കാനാ...
Mail This Article
തൃശൂർ ∙ നഗരത്തിൽ ഓട്ടോയിലോ ഇരുചക്ര വാഹനത്തിലോ കാറിലോ യാത്ര ചെയ്യുന്നവർ ഭയക്കേണ്ട അവസ്ഥയാണ്. ലെയ്ൻ ട്രാഫിക് പാലിക്കാൻ പലർക്കും മടി. സ്റ്റോപ് ഇല്ലാത്തിടത്തു ബസുകൾ നിർത്തുന്നത് പതിവ്. സ്റ്റോപ് ഉള്ളിടത്തു തന്നെ എവിടെ നിർത്തുമെന്ന് അറിയാത്ത സ്ഥിതി. ബസിൽ കയറാൻ തലങ്ങും വിലങ്ങും ഓടുന്ന യാത്രക്കാർ. പല ഭാഗത്തുനിന്നു വരുന്ന ബസുകൾ എംഒ റോഡിലൂടെ പോകുന്നുണ്ടെങ്കിലും എല്ലാ ബസുകൾക്കും മുനിസിപ്പൽ ഓഫിസിനു സമീപം ഇപ്പോൾ സ്റ്റോപ്പില്ല എന്ന് പല യാത്രക്കാർക്കും അറിയില്ല; ബസുകാർക്കും അറിയില്ല. അയ്യന്തോളിലേക്കു പോകുന്ന ബസുകൾക്കു മാത്രമാണ് ഇവിടെ നിർത്താൻ അനുമതിയുള്ളത്.
ഇവിടെനിന്ന് ശക്തൻ സ്റ്റാൻഡിലേക്കു പോകണമെങ്കിൽ അയ്യന്തോളിലേക്കുള്ള ബസിൽ കയറണം. അല്ലെങ്കിൽ പുതിയ പോസ്റ്റ് ഓഫിസിനു മുൻപിലുള്ള സ്റ്റോപ്പിലേക്കു പോകണം. എംഒ റോഡിലെ തിരക്കു നിയന്ത്രിക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ബസ് സ്റ്റാൻഡ് ഇവിടെനിന്നു മാറ്റിയത്. എന്നാൽ പല ബസുകളും അനുമതി ഇല്ലാതെ ഇവിടെ നിർത്തുന്നു.
തൃപ്രയാറിലേക്കും ഒല്ലൂരിലേക്കും വാടാനപ്പള്ളിയിലേക്കുമെല്ലാം പോകുന്ന ബസുകൾ മുനിസിപ്പൽ ഓഫിസിനു സമീപം നിർത്തുമ്പോൾ ആളുകൾ ഓടിക്കയറുകയും ചാടിയിറങ്ങുകയും ചെയ്യുന്നു. ഇത് മറ്റു വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. ട്രാഫിക് പൊലീസിന്റെ നിയന്ത്രണമുണ്ടായിട്ടും ബസുകൾ നിയമം തെറ്റിക്കുന്നത് ഇവിടെ പതിവുകാഴ്ച.
നിയമം വേറെ ട്രാക്കിൽ
സ്വരാജ് റൗണ്ടിൽ റോഡിന്റെ ഇടതുവശത്താണ് ബസുകൾക്കുള്ള ട്രാക്ക്. അത് തെറ്റിച്ച് റോഡിനു നടുവിൽ കൂടിയും വലതുവശം ചേർന്നും ഓടുന്ന ബസുകൾ എംഒ റോഡിലേക്കു കടക്കുമ്പോൾ മറ്റു യാത്രക്കാർക്ക് ഉണ്ടാക്കുന്ന ഭീഷണി വലുതാണ്. ഇരുചക്ര വാഹനയാത്രക്കാരും ഓട്ടോക്കാരും ഏറെ ഭയപ്പെടുന്ന അവസ്ഥ. അപകടങ്ങൾ ഉണ്ടായിട്ടും നിയമം കർശനമാക്കുന്നില്ല. നടുവിലാൽ ഭാഗത്തെ സ്റ്റോപ്പിൽ കാഞ്ഞാണി ഭാഗത്തുനിന്ന് എംജി റോഡിലൂടെ വരുന്ന ബസുകൾക്കു മാത്രമേ നിർത്താൻ അനുമതിയുള്ളു. പക്ഷേ, അതല്ല പലപ്പോഴും സംഭവിക്കുന്നത്. ലെയ്ൻ ട്രാഫിക് തെറ്റിച്ചു വരുന്ന ബസുകൾ വടക്കേ സ്റ്റാൻഡിലേക്കു തിരിയുമ്പോഴും അപകടഭീഷണി ഉണ്ടാകുന്നുണ്ട്.
ഒരു നിശ്ചയവുമില്ല ഒന്നിനും
പുതിയ പോസ്റ്റ് ഓഫിസിനു മുന്നിലുള്ള സ്റ്റോപ്പിലാണു ശക്തൻ സ്റ്റാൻഡിലേക്കും ഒല്ലൂർ, ആമ്പല്ലൂർ, കൂർക്കഞ്ചേരി, അഞ്ചേരി ഭാഗങ്ങളിലക്കുമുള്ള ബസുകൾ നിർത്തുന്നത്. എംഒ റോഡിൽ നിർത്താൻ അനുമതിയില്ലാത്ത എല്ലാ ബസുകൾക്കും ഇവിടെ സ്റ്റോപ്പുണ്ട്. എന്നാൽ ഒരേ സമയത്ത് പല ബസുകൾ നിർത്തുന്നതാണ് അപകടം. സ്റ്റോപ്പിൽ 4 കാത്തിരിപ്പുകേന്ദ്രങ്ങളാണ് ഉള്ളത്. ഒരേ സമയം പല സ്ഥലങ്ങളിലേക്കു പോകുന്ന ബസുകൾ സ്റ്റോപ്പിന്റെ പലയിടത്തായി നിർത്തുന്നതു മൂലം ആളുകൾക്ക് ഓടിക്കയറേണ്ടിവരുന്നു. വൈകിവരുന്ന ബസുകൾ ഇവിടെ നിർത്തുന്നതു കുറവാണ്.
നിർത്തിയാൽ പെട്ടെന്നുതന്നെ എടുക്കുന്നതുകൊണ്ട് ആളുകൾ തിരക്കുപിടിച്ച് ബസിൽ കയറേണ്ടിവരുന്നു. 4 കാത്തിരിപ്പു കേന്ദ്രങ്ങൾ ഉണ്ടായിട്ടും പല ഭാഗത്തേക്കുള്ള ബസുകൾ പലയിടത്തായി നിർത്തിയിടുന്നതിനാൽ ബസ് എവിടെ വരുമെന്ന കൃത്യമായ ധാരണ ആളുകൾക്കും ഇല്ല.
ലെയ്ൻ ട്രാഫിക് ഉറപ്പാക്കുമെന്ന് കമ്മിഷണർ
സ്വരാജ് റൗണ്ടിൽ ലെയ്ൻ ട്രാഫിക് നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ ആർ.ഇളങ്കോ ഉറപ്പുനൽകിയതായി ടു വീലർ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ. അടുത്ത ട്രാഫിക് റെഗുലേറ്ററി അതോറിറ്റി യോഗത്തിൽ തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് ഉറപ്പ്. ഒട്ടേറെ അപകടമരണങ്ങൾക്കു ശേഷം അസോസിയേഷൻ ആവശ്യപ്പെട്ട പ്രകാരം വിളിച്ചുകൂട്ടിയ യോഗത്തിൽ മാർച്ച് മുതൽ ലെയ്ൻ ട്രാഫിക് നടപ്പാക്കാൻ അന്നത്തെ കമ്മിഷണർ തീരുമാനിച്ചിരുന്നു.
മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം നടപ്പാക്കാത്തതിനെക്കുറിച്ചു ടു വീലർ യൂസേഴ്സ് അസോസിയേഷൻ പുതിയ കമ്മിഷണർക്കും റേഞ്ച് ഡിഐജിക്കും പരാതി നൽകി. തുടർന്നാണ് കമ്മിഷണർ ആർ.ഇളങ്കോ അസോസിയേഷൻ ചെയർമാൻ ജയിംസ് മുട്ടിക്കൽ, സെക്രട്ടറി ജോണി പുല്ലോക്കാരൻ എന്നിവരുമായി ചർച്ച നടത്തി ഉറപ്പു നൽകിയത്.