പുതിയ സസ്യത്തെ കണ്ടെത്തി സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം
Mail This Article
തൃശൂർ ∙ സെന്റ് തോമസ് കോളജിന്റെ ബോട്ടണി വിഭാഗത്തിൽ നിന്നും പുതിയൊരു സസ്യത്തെകൂടി കണ്ടെത്തി. ഇതിനോടകം പതിനാറു പുതിയ ഇനം സസ്യങ്ങളെ പരിചയപ്പെടുത്തിയ ബോട്ടണി വിഭാഗത്തിൽ നിന്നുമുള്ള പതിനേഴാമത്തെ സസ്യം കൂടിയാണിത്.
മുന്തിരിവള്ളിയുടെ വർഗത്തിൽപെട്ട 'പാർത്തിനോസിസ് വല്ലിച്ചിയാനസ്' എന്ന സസ്യമാണ് ജില്ലയിലെ കായാംപൂവത്തുനിന്ന് കണ്ടെത്തിയത്. ഇന്ത്യയിലെ സസ്യങ്ങളെ കുറിച്ചുള്ള പഠനത്തിൽ പ്രധാന പങ്കുവഹിച്ച പ്രശസ്ത സസ്യ ശാസ്ത്രജ്ഞനായ നഥാനിയേൽ വല്ലിച്ചിനോടുള്ള ബഹുമാനാർഥമാണ് ഈ സസ്യത്തിന് വല്ലിച്ചിയാനസ് എന്ന പേര് നൽകിയിരിക്കുന്നത്.
ബോട്ടണി വിഭാഗം അധ്യാപകൻ ഡോ. പി. വി ആന്റോയുടെ നേതൃത്വത്തിൽ ഗവേഷണം നടത്തിയ നിമ്മി സി. ഡോമിനിഗോസ്, കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി അധ്യാപകൻ ഡോ. എ.കെ. പ്രദീപ് എന്നിവരുടെ സംഘമാണ് കണ്ടുപിടിത്തത്തിനു പിന്നിൽ. പ്ലാന്റ് സയൻസ് ടുഡേ എന്ന ഇന്റർനാഷനൽ ജേർണലിൽ ഈ സസ്യത്തെക്കുറിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്.