ADVERTISEMENT

ഇന്ത്യയും യുഎസും തമ്മിൽ പ്രഫഷനലുകളെയും വിദ്യാർഥികളെയും മറ്റും പരസ്പരം കൈമാറുന്ന പദ്ധതികൾ യുണൈറ്റഡ് സ്റ്റേറ്റ്സ്–ഇന്ത്യ എജ്യുക്കേഷനൽ ഫൗണ്ടേഷന്റെ (USIEF) നിയന്ത്രണത്തിലുണ്ട്. ഇന്ത്യക്കാർക്ക് 2025-’26 വർഷത്തെ വിവിധ ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

എ) ഫുൾബ്രൈറ്റ്–നെഹ്റു മാസ്റ്റേഴ്സ് ഫെലോഷിപ്സ്: നേതൃഗുണമുള്ള സമർഥരായ ഇന്ത്യക്കാർക്ക് യുഎസിൽ ഉപരിപഠനം / പരിശീലനം നടത്തി, സ്വദേശത്തു മടങ്ങിയെത്തി സമൂഹത്തിനു സംഭാവന ചെയ്യാൻ അവസരമൊരുക്കുന്നു. യുഎസിലെ ബാച്‌ലർ ബിരുദത്തിനു തുല്യമായ യോഗ്യത 55% എങ്കിലും മാർക്കോടെ നേടി, 3 വർഷത്തെയെങ്കിലും പ്രഫഷനൽ പരിചയമുള്ള സമർഥർക്കാണ് ഫെലോഷിപ് നൽകുക. സാധാരണഗതിയിൽ ഇന്ത്യയിലെ നാലുവർഷ ബിരുദമോ പിജി ബിരുദമോ വേണ്ടിവരും. മൂന്നുവർഷ ബിരുദവും ഫുൾടൈം പിജി ഡിപ്ലോമയും ഉണ്ടെങ്കിലും പരിഗണിക്കും. ചില മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു 2 വർഷം വരെ സഹായം ലഭിക്കും. വീസ, യാത്ര, പഠനം, താമസം, ഇൻഷുറൻസ് എന്നിവയ്‌ക്കുൾപ്പെടെയുള്ള ചെലവിന്റെ ഗണ്യമായ പങ്ക് സഹായമായി കിട്ടും.

ഇനി പറയുന്നവയിൽ താൽപര്യമുള്ള വിഷയം സ്വീകരിക്കാം: ഇക്കണോമിക്സ്, പരിസ്ഥിതി, ഉന്നതവിദ്യാഭ്യാസ ഭരണം, രാജ്യാന്തരകാര്യങ്ങൾ, രാജ്യാന്തരനിയമം, ജേണലിസം, പൊതുഭരണം, പൊതുജനാരോഗ്യം, നഗരാസൂത്രണം, ജെൻഡർ / വിമൻസ് സ്റ്റഡീസ്.

https://apply.iie.org/ffsp2025 വെബ്സൈറ്റിൽ മേയ് 15നു രാത്രി 11.59 വരെ അപേക്ഷ സ്വീകരിക്കും‌. പ്രാഥമിക സിലക്‌ഷനുള്ളവരെ ഓഗസ്റ്റ് ആദ്യം വിവരമറിയിക്കും. ഓഗസ്റ്റ് അവസാനം ഇന്റർവ്യൂ. അപേക്ഷകർ TOEFL, GRE തുടങ്ങിയ പരീക്ഷയെഴുതണം. അർഹരുടെ പേരുകൾ ശുപാർശ ചെയ്ത് ഒക്ടോബറിൽ അപേക്ഷകൾ യുഎസിലെ ഫുൾബ്രൈറ്റ് ഫോറിൻ സ്കോളർഷിപ് ബോർഡിന് അയയ്ക്കും. ബോർഡിന്റെ അംഗീകാരം ലഭിച്ചവരെ 2025 മാർച്ച് / ഏപ്രിൽ സമയത്ത് സിലക്‌ഷൻ കാര്യം അറിയിക്കും. മേയ് / ജൂണിൽ പ്രീ–ഡിപ്പാർച്ചർ ഓറിയന്റേഷൻ, ജൂലൈ / ഓഗസ്റ്റിൽ യുഎസിൽ പ്രീ–അക്കാദമിക് ട്രെയ്നിങ് എന്നിവ കഴിഞ്ഞ് 2025 ഓഗസ്റ്റ് / സെപ്റ്റംബർ സമയത്തു ക്ലാസുകൾ തുടങ്ങും.

Representative image. Photo Credit : Tolikoff Photography/Shutterstock
Representative image. Photo Credit : Tolikoff Photography/Shutterstock

അപേക്ഷകർക്കുവേണ്ടി അവരുടെ താൽപര്യം പരിഗണിച്ച് ന്യൂയോർക്കിലെ ഐഐഇ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ എജ്യുക്കേഷൻ) 4 സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കും. അപേക്ഷകർ സർവകലാശാലകളുമായോ സ്ഥാപനങ്ങളുമായോ നേരിട്ടു ബന്ധപ്പെടേണ്ട. സംശയപരിഹാരത്തിന് ഇമെയിൽ: ip@usief.org.in അഥവാ masters@usief.org.in

Representative image. Photo Credit : ABHISHEK KUMAR SAH/iStock
Representative image. Photo Credit : ABHISHEK KUMAR SAH/iStock

∙മറ്റു ചില ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾ
ബി) ഫുൾബ്രൈറ്റ്–നെഹ്റു ഫെലോഷിപ്പുകൾ
ഡോക്ടറൽ റിസർച് ഫെലോഷിപ്സ് – ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂലൈ 15
പോസ്റ്റ് ഡോക്ടറൽ റിസർച് ഫെലോഷിപ്സ്: ജൂലൈ 15
അക്കാദമിക് ആൻഡ് പ്രഫഷനൽ എക്സലൻസ് ഫെലോഷിപ്സ്: ജൂലൈ 1
വിസിറ്റിങ് ചെയർ പ്രോഗ്രാം അറ്റ് എമറി യൂണിവേഴ്സിറ്റി: സെപ്റ്റംബർ 18
വിസിറ്റിങ് ചെയർ പ്രോഗ്രാം അറ്റ് യൂണിവേഴ്സിറ്റി ഓഫ് മാസച്യുസിറ്റ്സ്: സെപ്റ്റംബർ 18
സി) ഫുൾബ്രൈറ്റ്–കലാം ഫെലോഷിപ്പുകൾ
ക്ലൈമറ്റ് ഫെലോഷിപ്സ് ഫോർ ഡോക്ടറൽ റിസർച്: ജൂലൈ 15
ക്ലൈമറ്റ് ഫെലോഷിപ്സ് ഫോർ പോസ്റ്റ് ഡോക്ടറൽ റിസർച്: ജൂലൈ 15
ക്ലൈമറ്റ് ഫെലോഷിപ്സ് ഫോർ അക്കാദമിക് ആൻഡ് പ്രഫഷനൽ എക്സലൻസ്: ജൂലൈ 15. ഫെലോഷിപ്പുകളുടെ ലിസ്റ്റ് സമ്പൂർണമല്ല.  www.usief.org.in

Content Summary:

Fulbright Fellowship 2025-26: Transform Your Career with US-India Educational Exchange Programs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com