വനിതകളുടെ തൊഴിൽപങ്കാളിത്തം ഇന്ത്യയിൽ 37%; രാജ്യാന്തര ശരാശരിയെക്കാൾ താഴെ: ഡോ.ഗീത റാവു ഗുപ്ത
Mail This Article
കോർപറേറ്റ് ജോലികളിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ്–ഇന്ത്യ അലയൻസ് ഫോർ വിമൻസ് ഇക്കണോമിക് എംപവർമെന്റ് എന്ന പുതിയ കൂട്ടായ്മ രൂപംകൊണ്ടിരിക്കുകയാണ്. ഇരുസർക്കാരുകൾക്കു പുറമേ കോർപറേറ്റ് കമ്പനികളും ഇതിന്റെ ഭാഗമാണ്. അലയൻസിന്റെ ആദ്യ യോഗത്തിനായി ഇന്ത്യയിലെത്തിയ യുഎസ് അംബാസഡർ അറ്റ് ലാർജ് ഫോർ ഗ്ലോബൽ വിമൻസ് ഇഷ്യൂസ് ഡോ.ഗീത റാവു ഗുപ്ത ‘മനോരമ’യോടു സംസാരിക്കുന്നു.
∙ യുഎസ്–ഇന്ത്യ അലയൻസിനെക്കുറിച്ച്?
തൊഴിലുകളിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കുന്നതിനു പുറമേ വനിതാ സംരംഭകർക്ക് വായ്പയും വിപണിയും ഉറപ്പാക്കുക, സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‍സ് എന്നിവ ചേർന്ന STEM മേഖലയിൽ പ്രാതിനിധ്യം നൽകുന്ന എന്നിവയാണ് ലക്ഷ്യങ്ങൾ. കൂടുതൽ കോർപറേറ്റ് കമ്പനികളുടെ പങ്കാളിത്തവും തേടുന്നുണ്ട്. പൊതുവിടങ്ങളൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നേരിടുന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നു.
∙ പ്രവർത്തനത്തിന്റെ ചില ഉദാഹരണങ്ങൾ?
ജോലി അന്വേഷിക്കുന്ന വനിതകൾക്കായി അലയൻസിന്റെ ഭാഗമായ മഹീന്ദ്ര ഗ്രൂപ്പ് ഒരു പോർട്ടൽ ആരംഭിക്കുകയാണ്. അലയൻസിലെ മറ്റ് കോർപറേറ്റ് കമ്പനികൾക്ക് അവർക്ക് ആവശ്യമുള്ളവരെ ഇതുവഴി കണ്ടെത്താം. പോർട്ടലിനപ്പുറം പുതിയ ജോലികൾക്ക് ആവശ്യമായ ‘അപ്സ്കില്ലിങ്ങും’ ഇതിന്റെ ഭാഗമാണ്. മാരിയറ്റ് പോലെയുള്ള ഗ്രൂപ്പുകൾ ഇതിന്റെ ഭാഗമാകാൻ താൽപര്യമറിയിച്ചുകഴിഞ്ഞു. ബോയിങ് കമ്പനി വനിതകൾക്കായി നടത്തുന്ന ‘STEM Labs’ മറ്റൊരു ഉദാഹരണമാണ്. വനിതകളുടെ കോർപറേറ്റ് തൊഴിൽപങ്കാളിത്തം സംബന്ധിച്ച് ലിങ്ക്ഡിനിൽ നിന്ന് ഡേറ്റ തേടാനും തീരുമാനിച്ചിട്ടുണ്ട്
∙ ഇന്ത്യയിലെ സ്ത്രീ സമത്വത്തെക്കുറിച്ച്?
30 വർഷത്തോളം ഞാൻ ഇന്ത്യയിലാണ് പ്രവർത്തിച്ചത്. തീർച്ചയായും പുരോഗതിയുണ്ട്, എന്നാൽ ഞാൻ കാണാൻ ആഗ്രഹിച്ച അത്ര മുന്നേറ്റമുണ്ടായിട്ടില്ല. വനിതകളുടെ തൊഴിൽപങ്കാളിത്തം ഇന്ത്യയിൽ 37% മാത്രമാണ്. ഇത് രാജ്യാന്തര ശരാശരിയായ 50 ശതമാനത്തിലും തീർത്തും താഴെയാണ്. ഇതിൽ കാര്യമായ മാറ്റം വരേണ്ടിയിരിക്കുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും പരിപാലനം, വേതനമില്ലാത്ത ജോലിയുടെ ആധിക്യം, തൊഴിലിടത്തിലേക്കുള്ള യാത്രയിലെ സുരക്ഷയില്ലായ്മ തുടങ്ങിയവ വെല്ലുവിളികളാണ്.
∙ പങ്കാളിത്തം 37 ശതമാനമാക്കണമെങ്കിൽ?വെല്ലുവിളികൾ തിരിച്ചറിയുകയാണ് ആദ്യപടി. വനിതാ സംരംഭകരെ പിന്തുണയ്ക്കാനായി ഇന്ത്യൻ സർക്കാർ മന്ത്രാലയങ്ങളുടെ വാർഷിക പ്രൊക്വയർമെന്റിന്റെ 3% വനിതാ ഉടമസ്ഥതയിലുള്ള എംഎസ്എംഇകളിൽ നിന്നായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് പ്രൈവറ്റ് കമ്പനികളും നടപ്പാക്കിയാലുണ്ടാകുന്ന മാറ്റത്തിന്റെ തോത് ഒന്ന് സങ്കൽപ്പിച്ചുനോക്കൂ.
∙ പൊതുഗതാഗത്തിലെ സുരക്ഷ സംബന്ധിച്ച് എന്താണ് ആലോചന? യുഎസിന്റെ സാമ്പത്തികപിന്തുണയുണ്ടാകുമോ.
നിക്ഷേപത്തിന്റെ കാര്യത്തിലടക്കം ഇനിയും ആലോചനകൾ നടക്കേണ്ടതുണ്ട്. പ്രശ്നങ്ങൾ മനസ്സിലാക്കുകയായിരുന്നു ഈ വരവിന്റെ ലക്ഷ്യം. എന്തൊക്കേ വേണമെന്ന് പിന്നീട് തീരുമാനിക്കും. യുഎസ് സർക്കാരിന്റെ സഹായത്തോടെ ഇന്ത്യയിൽ നടപ്പാക്കിയ ഇ–ബസുകളിൽ ഈ സുരക്ഷാക്രമീകരണങ്ങൾ ആദ്യം ഉറപ്പാക്കും. പാനിക് ബട്ടൺ, നിരത്തുകളിലെ ലൈറ്റിങ് തുടങ്ങിയവയൊക്കെ പ്രധാനമാണ്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിനാണ് ശ്രമിക്കുന്നത്.