പ്ലസ് വൺ: ഒഴിവുള്ള മെറിറ്റ് സീറ്റുകൾ 3588 മാത്രം
Mail This Article
തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റും പൂർത്തിയാകുമ്പോൾ ഒഴിവുള്ള മെറിറ്റ് സീറ്റുകൾ 3588 മാത്രം. ഭിന്നശേഷിക്കാർക്കടക്കം ആകെയുള്ള 3,09142 മെറിറ്റ് സീറ്റുകളിൽ 3,05,554 സീറ്റുകളാണ് മുഖ്യഘട്ടത്തിൽ അലോട്ട് ചെയ്തത്. 4,66,071 അപേക്ഷകളാണ് ആകെയുള്ളത്. അതിൽ 44,410 എണ്ണം മറ്റു ജില്ലകളിൽ നിന്നുള്ളതാണ്.
അതേസമയം എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ക്വോട്ടയിൽ ആകെയുള്ള 38,672 സീറ്റുകളിൽ 36,187 എണ്ണവും കമ്യൂണിറ്റി ക്വോട്ടയിൽ ആകെയുള്ള 24,253 സീറ്റുകളിൽ 9547 എണ്ണവും ഒഴിവുണ്ട്. 20% വീതമാണ് മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട. അൺ എയ്ഡഡ് സ്കൂളുകളിൽ 53,736 സീറ്റുള്ളതിൽ 51,127 സീറ്റുകളും ബാക്കിയാണ്. സ്പോർട്സ് ക്വോട്ടയിലും 2721 സീറ്റുകൾ ശേഷിക്കുന്നുണ്ട്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ്, മാനേജ്മെന്റ്, കമ്യൂണിറ്റി, സ്പോർട്സ് ക്വോട്ടകളിലായി 49,322 സീറ്റുകളാണ് ബാക്കിയുള്ളത്. പട്ടികക്ഷേമ വകുപ്പിനു കീഴിലുള്ള 12 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലായി 251 സീറ്റുകളുമുണ്ട്. ഒഴിവുള്ള 3588 മെറിറ്റ് സീറ്റിൽ 3197 എണ്ണം ജനറൽ വിഭാഗത്തിലും 391 എണ്ണം സംവരണ വിഭാഗത്തിലുമാണ്. മെറിറ്റിൽ ഉൾപ്പെട്ട മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 7234 സീറ്റിൽ 17 എണ്ണം മാത്രമാണു ശേഷിക്കുന്നത്. സംവരണ വിഭാഗങ്ങളിൽ വേണ്ടത്ര അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടന്ന സീറ്റുകൾ കൂടി മെറിറ്റ് ക്വോട്ടയിലേക്കു മാറ്റിയാണ് മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചത്.
മൂന്ന് അലോട്മെന്റുകളായുള്ള മുഖ്യഘട്ട പ്രവേശനം നാളെ പൂർത്തിയാകും. 24ന് ക്ലാസുകൾ ആരംഭിക്കും. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തതടക്കം ഒഴിവുള്ള സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി പ്രവേശന നടപടികൾ പിന്നാലെ ആരംഭിക്കും. സീറ്റ് ക്ഷാമമുള്ള മലപ്പുറം അടക്കമുള്ളയിടങ്ങളിൽ ആവശ്യമെങ്കിൽ അധിക സീറ്റ് സപ്ലിമെന്ററി ഘട്ടത്തിൽ അനുവദിക്കുമെന്നാണ് സർക്കാർ വാഗ്ദാനം.