പഠിച്ചത് പോളിടെക്നിക്, ജോലി മെയ്ക് അപ് ആർട്ടിസ്റ്റ്; മോഡലിങ്ങിലൂടെ അഭിനയമോഹം സാക്ഷാത്കരിച്ച് ഐശ്വര്യ
Mail This Article
നടിയാകണമെന്ന മോഹമുണ്ടായിരുന്നെങ്കിലും ഐശ്വര്യ ഷിബിൻ പഠിച്ചത് പോളിടെക്നിക് കോളജിൽ. ഡിപ്ലോമ കഴിഞ്ഞപ്പോൾ കരിയറാക്കിയത് മെയ്ക് അപ് ആർട്ടിസ്റ്റ് എന്ന നിലയിൽ. ഇടയ്ക്ക് മോഡലിങ് കൂടി ചെയ്തപ്പോൾ വഴിയൊരുങ്ങിയത് തന്റെ സ്വപ്നത്തിലേക്ക്– ഒരു സിനിമയിൽ കേന്ദ്ര കഥാപാത്രമായതടക്കം 4 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഈ തേഞ്ഞിപ്പലം സ്വദേശി.
ലഹരിക്കെതിരെയുള്ള പ്രമേയവുമായി ഇറങ്ങിയ മയക്കം എന്ന ചിത്രത്തിലാണ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ചത്. മാർച്ചിൽ ഇറങ്ങിയ പാതിരാക്കാറ്റ് എന്ന ചിത്രത്തിൽ പാഷാണം ഷാജിയുടെ കഥാപാത്രത്തിന്റെ ഭാര്യയായി മികച്ച വേഷത്തിൽ.
മമ്മൂട്ടിയും ജയറാമും ഒക്കെ അഭിനയിച്ച മറ്റൊരു സിനിമയിലും ചെറിയ വേഷം അഭിനയിച്ചെങ്കിലും പുറത്തിറങ്ങാനിരിക്കുന്നതേയുള്ളൂ. കംപ്യൂട്ടർ സയൻസിൽ ഡിപ്ലോമയെടുത്ത ശേഷമാണ് മെയ്ക് അപ്പുമായി ബന്ധപ്പെട്ട കോഴ്സ് ചെയ്തത്. ഇപ്പോൾ 8 വർഷമായി മെയ്ക് അപ് രംഗത്തുണ്ട്. കല്യാണ വർക്കുകൾ തന്നെയാണ് പ്രധാനം. ഇതിനിടെയാണ് 3 വർഷം മുൻപ് മോഡലിങ് രംഗത്തേക്ക് കടന്നത്. അതിനിടയിലാണ് പാതിരാക്കാറ്റ് സിനിമയിലേക്ക് അപേക്ഷിച്ചത്. അങ്ങനെ ഓഡിഷൻ വഴി സിനിമയിലെത്തി. അഭിനയം തന്നെയാണ് ലക്ഷ്യമെന്ന് ഐശ്വര്യ പറയുന്നു.
ഗ്രീനിഷ് ഷെയ്ഡ് ഫ്രോക്ക്
കോട്ടൺ മിക്സ് മെറ്റീരിയലിൽ ഫ്ലോറൽ ഗ്രീനിഷ് ലുക്കിൽ തയാറാക്കിയ ഫ്രോക്ക് ആണിത്. പൂക്കളുടെ ഡിസൈനിൽ ത്രെഡ് വർക്ക് ചെയ്തിട്ടുണ്ട്. ക്രോപ് പോർഷൻ പൂർണമായും ഫ്ലോറൽ ഡിസൈൻ. വി നെക്ക്, പഫ്ഡ് ത്രെഡ് വർക്ക് ചെയ്ത സ്ലീവ് എന്നിവയും പ്രത്യേകതയാണ്. ഭാരം കുറഞ്ഞ വസ്ത്രം. കാഷ്വൽ ആയും പാർട്ടിവെയർ ആയും ഉപയോഗിക്കാം.