സിനിമ, ഫൊട്ടോഗ്രഫി, പാമ്പു പിടുത്തം, ഒപ്പം സാമൂഹിക പ്രവർത്തനവും ; വാഹിദ ബിസിയാണ്
Mail This Article
പെരിന്തൽമണ്ണ∙ സിനിമാ പ്രവർത്തകയും ഫൊട്ടോഗ്രഫറും കലാകാരിയുമൊക്കെയാണെങ്കിലും മുപ്പത്തിരണ്ടുകാരി വാഹിദ അബുവിനു കൂട്ട് പാമ്പുകളോടാണ്. സിനിമാ അസി.ഡയറക്‌ടറും പ്രൊഡക്‌ഷൻ അസിസ്‌റ്റന്റുമൊക്കെയായി ഏഴോളം സിനിമകളുടെ ഭാഗമായി. അറിയപ്പെടുന്ന ഫൊട്ടോഗ്രഫറാണ്. കയ്യിൽ കിട്ടിയതെന്തും നിമിഷങ്ങൾക്കകം മൂല്യമേറിയ മനോഹര കലാവസ്‌തുവാക്കും വാഹിദ. അത് സിമന്റായാലും കുപ്പിയായാലും മരക്കമ്പായാലും വർണക്കടലാസായാലും.
എവിടെയെങ്കിലും പാമ്പ് ഭീഷണിയുണ്ടെന്ന് കേട്ടാൽ, സ്വന്തമായുണ്ടാക്കിയ സ്‌നേക്ക് സ്‌റ്റിക്കുമായി സ്വന്തം ബൈക്കിൽ യാത്ര തിരിക്കുകയായി. ആ പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറിയിട്ടേ പിന്നീട് വിശ്രമിക്കൂ. വാഹിദ അബുവിന്റെ പാമ്പുസ്‌നേഹം വനംവകുപ്പ് അധികൃതർക്കും നന്നായറിയാം. കഴിഞ്ഞ ഒരു വർഷമായി വനംവകുപ്പിന്റെ അംഗീകൃത സ്‌നേക് റെസ്‌ക്യൂവർ കൂടിയാണ് വാഹിദ അബു. കഴിഞ്ഞ 2 വർഷത്തിനിടെ നൂറിലേറെ പാമ്പുകളെ പിടികൂടിയതായി വാഹിദ പറയുന്നു. എടപ്പറ്റ പൂളത്ത് വാഹിദ അബു ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്‌റ്റേഷൻ യൂണിറ്റ് വനിതാ കോ–ഓർഡിനേറ്റർ കൂടിയാണ്.
പ്ലസ്‌ടു പഠനത്തിനു ശേഷം ഫൊട്ടോഗ്രഫിയിലേക്കു തിരിയുകയായിരുന്നു. ഇടയ്‌ക്ക് ബ്യൂട്ടിഷ്യൻ കോഴ്സും കംപ്യൂട്ടർ കോഴ്സുകളും പൂർത്തിയാക്കി. സഹോദരി സാജിത, ഉമ്മ ആമിന, ഉമ്മയുടെ ജ്യേഷ്‌ഠത്തി ഫാത്തിമ എന്നിവരോടൊപ്പമാണ് താമസം. തന്റെ സാമൂഹികസേവന പ്രവർത്തനങ്ങൾക്കെല്ലാം ഇവരുടെ ആത്മാർഥമായ പിന്തുണയും കയ്യടിയുമാണ് കരുത്തെന്ന് വാഹിദ.
മേലാറ്റൂർ പെയിൻ ആൻഡ് പാലിയേറ്റീവ് വൊളന്റിയറും ഏലംകുളം സ്‌നേഹതീരം ചാരിറ്റബിൾ ട്രസ്‌റ്റ് വൊളന്റിയറുമാണ്. രക്തദാന സന്നദ്ധ സംഘടനയായ ബിഡികെയുടെ പെരിന്തൽമണ്ണയിലെ വനിതാ കോ–ഓർഡിനേറ്ററാണ്. എല്ലാ നാലു മാസത്തിലൊരിക്കലും രക്തദാനം നടത്താറുണ്ട്. ഇതിനകം ഒട്ടേറെത്തവണ രക്തദാനം നടത്തിയും മാതൃകയായി.