ADVERTISEMENT

തിര പിൻവലിഞ്ഞതോടെ കോഴിക്കോട് വെസ്റ്റ്ഹിൽ കോന്നാട് കടപ്പുറത്ത് ജീവനോടെ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞിരുന്നു. അന്തരീക്ഷ താപനിലയിലുണ്ടായ വ്യത്യാസമാണ് ഇവയെ കരയ്ക്കടുപ്പിച്ചതെന്ന് ബിലോ സീ ലെവൻ ഫാമിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും മത്സ്യ ഗവേഷണ ശാസ്ത്രജ്ഞനുമായ ഡോ. കെ. ജി. പദ്മകുമാർ ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു. പ്രദേശത്ത് താപനില കൂടിയതിനെ തുടർന്ന് തെർമോക്ലൈൻ ഉണ്ടായിട്ടുണ്ടാകും (മുകളിലെ വെള്ളത്തിന്റെയും താഴ്ഭാഗത്തെ വെള്ളത്തിന്റെയും സാന്ദ്രതയിൽ വ്യത്യാസം ഉണ്ടാകുന്നു. ഇവ രണ്ടും മിക്സ് ആകാത്ത രീതിയിൽ നടുഭാഗത്ത് ഒരു പാളിയുണ്ടാകുന്നു). ഇതിനെ തുടർന്ന് മത്തിക്ക് (ചാള) അടിത്തട്ടിൽ ഓക്സിജൻ ലഭിക്കാതെ വരികയും അവ കൂട്ടത്തോടെ കരയ്ക്കടുക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ട് രീതിയിൽ മത്സ്യങ്ങൾ കരയിലെത്താം. ഒന്ന് തെർമൽ സ്ട്രാറ്റിഫിക്കേഷൻ. കടൽവെള്ളത്തെ മുകൾഭാഗം, മധ്യഭാഗം, അടിത്തട്ട് എന്നിങ്ങനെ മൂന്ന് പാളികളായി തിരിക്കാം. മുകളിലത്തെ പാളിയിൽ ചൂട് പിടിക്കുമ്പോൾ താഴ്ഭാഗത്ത് ഓക്സിജൻ എത്താതെ വരുന്നു. ഇതോടെ മരണവെപ്രാളത്തിൽ മത്സ്യങ്ങൾ മുകളിലേക്ക് എത്തുന്നു. എന്നാൽ കനത്ത ചൂടുകാരണം അവ കരയിൽ പിടഞ്ഞുചാവുന്നു. മറ്റൊന്ന് ഹാലോക്ലൈൻ ആണ്. അടിത്തട്ടിൽ ഉപ്പിന്റെ അളവ് കൂടുകയും  മത്സ്യം മുകളിലേക്ക് എത്തുകയും ചെയ്യുന്നു. ഇത് തണുപ്പുകാലങ്ങളിൽ മാത്രമാണ് അനുഭവപ്പെടുക. നിലവിലെ സാഹചര്യത്തിൽ ഹാലോക്ലൈൻ അല്ലെന്ന് വ്യക്തമാണ്.

കൂട്ടമായാണ് ചാളകൾ ഒരു പ്രദേശത്തേക്ക് എത്തുന്നത്. ദശലക്ഷണക്കണക്കിന് മീനുകൾ ഒരുമിച്ചെത്തുമ്പോൾ ഓക്സിജൻ തികയാതെ വരുന്നു. ഇവർ എത്തുന്ന ഭാഗത്തെല്ലാം ഇതായിരിക്കും അവസ്ഥ. താഴത്തെ പാളിയിൽ ഓക്സിജന്റെ അളവ് കുറവായിരിക്കും. അതിനാൽ ഇവയ്ക്ക് ആവശ്യമായ പ്രാണവായു ലഭിക്കുന്നത് മുകളിൽ നിന്നാണ്. അവ ലഭിക്കാതെ വരുമ്പോഴാണ് കൂട്ടമായി തന്നെ ഇവർ ചത്തൊടുങ്ങുന്നത്.

അധികം ആഴത്തിൽ ജീവിക്കാത്ത മത്സ്യമാണ് മത്തി അല്ലെങ്കിൽ ചാള. ഇവ ചൂട് കൂടിയ സ്ഥലത്തുനിന്നും തണുത്ത പ്രദേശത്തേക്ക് നീങ്ങുന്നവരാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മത്തിയിലൂടെ പ്രതിഫലിക്കുമെന്ന് പറയാറുണ്ട്.

കൊല്ലം മുതൽ മംഗലാപുരം വരെയുള്ള തീരത്താണ് മത്തി ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. മംഗലാപുരമാണ് മത്തിയുടെ കേന്ദ്രം. ചൂട് കൂടുമ്പോൾ ഇവ ഗുജറാത്ത് പോലെയുള്ള വടക്കൻ മേഖലയിലേക്ക് നീങ്ങുന്നു. നവംബർ മാസത്തിൽ ഈ തീരത്തായിരിക്കും താമസം. അയല മത്സ്യം കുറച്ചുകൂടി ആഴക്കടലിൽ സഞ്ചരിക്കുന്നവയാണ്.

English Summary:

Thousands of Sardines Beached ALIVE in India: Is Climate Change to Blame?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com