മഞ്ചേശ്വരത്ത് 24 മണിക്കൂറിൽ 378.2 മില്ലിമീറ്റർ മഴ; ശക്തികൂടിയ ന്യൂനമർദം അറബിക്കടലിലേക്ക്
Mail This Article
വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം വടക്കൻ കേരളത്തിനു മുകളിലൂടെ സഞ്ചരിച്ചു കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ശക്തികൂടിയ ന്യൂനമർദമായി മാറി. ഇനിയുള്ള ദിവസങ്ങളിൽ പൊതുവെ മഴ കുറയാൻ സാധ്യത. വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്നും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് മഞ്ചേശ്വരം, ഉപ്പള, മംഗൽപാടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ്. മഞ്ചേശ്വരത്ത് 378.2 മില്ലിമീറ്റർ മഴയും ഉപ്പളയിൽ 358 മില്ലിമീറ്റർ മഴയുമാണ് ലഭിച്ചത്. മംഗൽപാടി–253.5, പരപ്പനങ്ങാടി–213.8, ഹൊസ്തുർഗ്–196, ഏനാമാക്കൽ–196, ഏരിക്കുളം–194, പാലക്കടവ്–193.2, വടകര– 178, പൊന്നാനി–172 എന്നിങ്ങനെയാണ് കണക്കുകൾ.
മഞ്ചേശ്വരം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. അൻപതിലേറെ വീടുകളിലെ സാധനങ്ങൾ വെള്ളം കയറി നശിച്ചു. കുമ്പള, ഷിറിയ എന്നിവിടങ്ങളിലെ ദേശീയപാതകളിൽ വെള്ളം നിറഞ്ഞതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പിന്നീട് വെള്ളം ഒഴുക്കി വിട്ടതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കാസർകോട് ജില്ലയിൽ അതിശക്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ഈ ദിവസങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെന്ന് കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. തീരദേശങ്ങളിലും മലയോരങ്ങളിലും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ മീൻപിടിത്തത്തിന് പോകാൻ പാടില്ല. ജില്ലയിൽ ക്വാറികളിലെ ഖനനവും ഈ ദിവസങ്ങളിൽ നിർത്തണമെന്ന് നിർദേശമുണ്ട്.