കടലിലെ വിചിത്രവസ്തുവിനെ തലയണയാക്കി, വില കോടികൾ; ജയിലിലാക്കും ഈ ‘ട്രോഫി’
Mail This Article
കടലിലുള്ള മുഴുവൻ തിമിംഗലങ്ങൾക്കു ദഹനക്കേടും ഛർദ്ദിലുമാണോയെന്നു സംശയം തോന്നുന്ന രീതിയിലാണു കേരളത്തിലും തമിഴ്നാട്ടിലും ആംബർഗ്രിസ് വേട്ട നടക്കുന്നത്. കഴിഞ്ഞ ദിവസം വില്ലുപുരത്തു നടത്തിയ പരിശോധനയിൽ പിടികൂടിയത് 15 കിലോ ആംബർഗ്രിസായിരുന്നു. സംഗതി ഒറിജിനലാണെങ്കിൽ കൊത്തിക്കൊണ്ടു പോകാൻ ആളെത്തും. പക്ഷേ, ഡീൽ ഉറപ്പിച്ച പലർക്കും പിന്നീട് ‘പണി’ നൽകാൻ പൊലീസെത്തുന്നതാണ് ഇപ്പോൾ കാണുന്ന പതിവ്. കിലോഗ്രാമിന് 1 കോടി മുതൽ 2 കോടി വരെ വില നൽകാൻ ആളുകൾ തയാറാകുന്നതാണു പ്രധാനമായും ഈ കടലിലെ നിധി തേടി പോകാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. പൊലീസിന്റെ കണ്ണുവെട്ടിച്ചും കണ്ണിൽ പൊടിയിട്ടും പലയിടത്തും വിൽപനയും നടക്കുന്നുണ്ട്.
ബാഗിൽ എന്താണ്..?
വില്ലുപുരത്ത് രാത്രി പട്രോളിങ് നടത്തുന്നതിനിടെ, ചെന്നൈ പൊലീസിനു മുന്നിൽ ബാഗുമായി അഞ്ചംഗ സംഘം കുടുങ്ങി. ഒരു വീട്ടിൽ നിന്നു പതുങ്ങി ബാഗുമായി പുറത്തിറങ്ങിയ സംഘത്തോടു ബാഗിലെന്താ സാധനം എന്നു ചോദിച്ചതോടെ സംഘം പരുങ്ങി. ഇതോടെ ഇവരെ പൊലീസ് ജീപ്പിൽ തന്നെ സ്റ്റേഷനിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്യൽ തുടങ്ങിയതോടെ ബാഗിലെ രഹസ്യം പുറത്തെത്തി. ആംബർഗ്രിസ്! ഏതാണ്ട് 15 കിലോ തൂക്കം വരും.
ഒറിജിനൽ സാധനമാണെങ്കിൽ മാർക്കറ്റിൽ 30 കോടി രൂപ വരെയാണു വില. സംഘത്തിലെ ഓരോരുത്തർക്കും 6 കോടി വീതം എന്ന വാഗ്ദാനത്തിൽ വീണാണു സംഘം വിൽപനയ്ക്കിറങ്ങിയതെന്നും ബോധ്യമായി. ആംബർഗ്രിസ് കടത്തിനെപ്പറ്റി രഹസ്യവിവരം ലഭിച്ച പൊലീസ് ഇവർക്കായി വല വിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പ്– എളുപ്പത്തിൽ ധനികനാകാന്‍ ആംബർഗ്രിസ് വിൽപനയെ ആശ്രയിക്കുന്നവരെ തിരഞ്ഞു പിടികൂടാന്‍ പൊലീസും വന്യജീവി വകുപ്പും രണ്ടുംകൽപിച്ചാണ് ഇറങ്ങിയിരിക്കുന്നത്.
കടലിൽ ഒഴുകിയ നിധി
ചേറ്റുവയിൽനിന്ന് അടുത്തിടെ പിടികൂടിയ ആംബർഗ്രിസ് ലഭിച്ചത് കടലിൽ നിന്നാണെന്നാണു പ്രതികൾ മൊഴി നൽകിയത്. മലപ്പുറം സ്വദേശിയായ മത്സ്യത്തൊഴിലാളി കടലിൽ പോയപ്പോൾ ഒഴുകി നടന്നിരുന്ന ആംബർഗ്രിസ് കാണുകയായിരുന്നെന്നാണു പ്രതികൾ പറഞ്ഞത്. മൽസ്യത്തൊഴിലാളിക്ക് ആംബർഗ്രിസിന്റെ മൂല്യം മനസ്സിലായില്ല. ഇയാൾ ഇതു കരയിലെത്തിച്ചു. മത്സ്യത്തൊഴിലാളിയെ വനംവകുപ്പ് സംഘം ബന്ധപ്പെട്ടപ്പോൾ ലഭിച്ചത് കൗതുകം നിറഞ്ഞ മറുപടി. കടലിൽ ഒഴുകി നടക്കുന്ന പരന്ന, ഗന്ധമുള്ള, വിചിത്ര വസ്തു കണ്ടപ്പോൾ വെറുതേ വള്ളത്തിലിട്ടു കൊണ്ടുപോരുകയായിരുന്നത്രെ. കടൽത്തീരത്തു വിശ്രമിക്കുമ്പോൾ ‘തലയണ’ പോലെ ഉപയോഗിച്ചിരുന്നു എന്നും തൊഴിലാളി മറുപടി നൽകി. ആംബർഗ്രിസിന്റെ മൂല്യം മനസ്സിലാക്കിയ അത്തർ വ്യാപാരി ഇടപെട്ടതോടെ കളി കോടികളുടേതായി. പക്ഷേ, കച്ചവടം നടന്നില്ല. അതിനു മുൻപേ പൊലീസെത്തി.
‘അൺക്യുവേർഡ് ട്രോഫി’
കടലിൽ കിടക്കുന്ന തിമിംഗലത്തിന്റെ കാര്യത്തിൽ വനംവകുപ്പിനെന്ത് കാര്യം എന്ന സംശയത്തിന് ഒറ്റവാക്കിലുള്ള ഉത്തരമാണ് ‘അൺക്യുവേർഡ് ട്രോഫി’ എന്ന നിയമ പ്രയോഗം. വളർത്തുമൃഗങ്ങളുടെയും വന്യജീവികളുടെയുമൊക്കെ ശരീരമോ ശരീരഭാഗങ്ങളോ സംരക്ഷിച്ചു സൂക്ഷിക്കുന്ന അവസ്ഥയെ ആണ് വന്യജീവി നിയമത്തിൽ ട്രോഫി എന്നു വിശദീകരിക്കുന്നത്. ഇങ്ങനെ സൂക്ഷിക്കാൻ ലൈസൻസ് ആവശ്യമാണ്. തിമിംഗലം പുറന്തള്ളുന്ന ആംബർ ഗ്രിസും വനംവകുപ്പിന്റെ കണ്ണിൽ അൺക്യുവേർഡ് ട്രോഫി ആണ്. അതു ലൈസൻസില്ലാതെ കൈവശം വയ്ക്കുന്നതും വിൽക്കാൻശ്രമിക്കുന്നതുമെല്ലാം നിയമവിരുദ്ധമാണ്.
ആംബർ ഗ്രിസിനുണ്ടോ മണം..?
സുഗന്ധദ്രവ്യ നിർമാണത്തിന് ഉപയോഗിക്കുന്ന ആംബർ ഗ്രിസിന് എന്തുതരം ഗന്ധമാണെന്നറിയാൻ എല്ലാവർക്കും കൗതുകമുണ്ടാകും. സുഗന്ധദ്രവ്യ നിർമാണത്തിന് ആയിരം വർഷത്തിലേറെയായി ആംബർ ഗ്രിസ് ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും സുഗന്ധം കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ (ഫിക്സേറ്റീവ്) എന്ന നിലയിലാണ് ഇവയുടെ മൂല്യമേറുന്നത്. ശരീരത്തിൽ നിന്നു പുറന്തള്ളപ്പെടുമ്പോൾ ഇവയ്ക്കു ദുർഗന്ധമാണുണ്ടാകുക. പതിറ്റാണ്ടുകൾ കടലിലൊഴുകി ഇവ സങ്കീർണ വാസനകൾ ആവാഹിക്കും. പുകയില, പഴകിയ തടി, കടൽപായൽ, ചന്ദനം തുടങ്ങിയ ഗന്ധങ്ങൾ കൈവരും. ആംബർ ഗ്രിസിനു സമാനമായ ഗന്ധമുള്ള ബദൽ രാസസംയുക്തങ്ങൾ നിർമിക്കാൻ ശാസ്ത്രജ്ഞർക്കു കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഇവ യഥാർഥ ആംബർ ഗ്രിസിനു പകരമാകില്ലെന്ന ധാരണ പെർഫ്യൂം വ്യവസായികൾ ഇപ്പോഴും തുടരുന്നതാണ് വില കോടികളിലെത്താൻ കാരണം.
ആരു തരും ആംബർഗ്രിസ്?
സ്‍പേം വെയ്ൽ എന്ന തിമിംഗലത്തിന്റെ വയറ്റിൽ ഉൽപാദിപ്പിക്കപ്പെടുന്നതാണ് ആംബർഗ്രിസ് (Ambergris). ഒരുകാലത്ത് സുഗന്ധ വ്യാപാരത്തിലെ അവിഭാജ്യ ഘടകമായിരുന്നു ഇത്. സുഗന്ധം ദീർഘനേരം നിൽക്കാനാണ് പ്രധാനമായി ഉപയോഗിക്കുന്നത്. തിമിംഗലങ്ങളുടെ ആമാശയത്തിലുണ്ടാകുന്ന ദഹനസഹായികളായ സ്രവങ്ങൾ ഉറഞ്ഞു കൂടിയാണ് ആംബർഗ്രിസ് ഉണ്ടാകുന്നത്. അധികമാകുമ്പോൾ തിമിംഗലം ഇതു ഛർദിച്ചു കളയും. കടലിൽ ഇത് ജലനിരപ്പിലൂടെ ഒഴുകി നടക്കും.
ഏതാണ്ട് ഖരാവസ്ഥയിൽ, മെഴുകു പോലെ മഞ്ഞ കലർന്ന ചാര നിറമാണ് ആംബർഗ്രിസിനുള്ളത്. ഉൽപാദിപ്പിക്കപ്പെടുമ്പോൾ ഇതിന് രൂക്ഷ ഗന്ധമായിരിക്കും. എന്നാൽ ദീർഘനാൾ കഴിയുമ്പോൾ സുഗന്ധമാകും. ഈ വിഭാഗം തിമിംഗലങ്ങളിൽ ഒരു ശതമാനത്തിനു മാത്രമാണ് ആംബർഗ്രിസ് ഉൽപാദിപ്പിക്കാൻ കഴിയുന്നത്. അതിൽ തന്നെ 20% ആംബർഗ്രിസിനു മാത്രമേ സുഗന്ധമുണ്ടാകൂ. സുഗന്ധദ്രവ്യങ്ങൾക്കു പുറമേ മരുന്നു നിർമാണത്തിനായും ഉപയോഗിച്ചിരുന്നു.
സ്വർണത്തേക്കാൾ വില
വിപണിയിൽ സ്വർണത്തിനേക്കാൾ വിലയാണ് ആംബർഗ്രിസിന്. കിലോഗ്രാമിന് 1 കോടി മുതൽ 2 കോടി വരെയാണു വില. ആന്ധ്ര പ്രദേശ്, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്നു വൻതോതിൽ ആംബർഗ്രിസ് പിടിച്ചെടുത്തിട്ടുണ്ട്. ഒമാൻ തീരം ആംബർഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. ലോകത്തു കണ്ടെത്തിയതിൽ ഏറ്റവും വലിയ (127 കിലോ) ആംബർഗ്രിസ് യെമനിലെ 35 മത്സ്യത്തൊഴിലാളികൾക്ക് കിട്ടിയിരുന്നു.
പിഴയും ‘പെടയും’ കിട്ടും
വന്യജീവി സംരക്ഷണ നിയമത്തിലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുന്നതാണ് സ്‍പേം തിമിംഗലങ്ങൾ. ഇന്ത്യയിൽ തിമിംഗല ഛർദിയുടെ വിൽപന വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്. കൈവശം വച്ചാലും കൈമാറ്റം ചെയ്താലും 3 വർഷം വരെ കഠിനതടവും 25,000 രൂപ വരെ പിഴയുമാണു ശിക്
English Summary: Why smugglers are after excreta of sperm whales