ADVERTISEMENT

ലോകത്തെ വിവിധ പ്രദേശങ്ങളിൽ വലിയ തോതിലുള്ള യുദ്ധങ്ങൾ പൊട്ടുപുറപ്പെടുമ്പോൾ അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടി വരുന്നത് മനുഷ്യർ മാത്രമല്ല. മൃഗങ്ങളും മറ്റ് ജീവികളും കൂടിയാണ്. പ്രത്യേകിച്ചും മനുഷ്യനിയന്ത്രണത്തിൽ കഴിയുന്ന മൃഗശാലകളിലും മറ്റുമുള്ള ജീവികൾ. സമീപകാലത്തുണ്ടായ സിറിയൻ യുദ്ധം മുതൽ യുക്രെയ്ൻ അധിനിവേശം വരെയുള്ള പോരാട്ടങ്ങളിൽ മൃഗശാലയിലെ ജീവികൾ ബോംബാക്രമണം മുതൽ പട്ടിണി വരെയുള്ള പ്രതിസന്ധികളെ നേരിട്ടിരുന്നു.

ഇതിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറ്റവുമധികം വാർത്തയിൽ നിറഞ്ഞ മൃഗശാലയാണ് യുക്രെയ്നിലെ കസ്കോവാ മൃഗശാല. റഷ്യൻ ഷെല്ലാക്രമണത്തെയും, ബോംബാക്രമണത്തെയും അതിജീവിച്ചാണ് ഈ മൃഗശാല മാസങ്ങളോളം നിലനിന്നത്. ഈ ജീവികളെ പുറത്ത് എത്തിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും റഷ്യൻ ആക്രമണത്തിൽ മൃഗശാലയിലേക്കുള്ള റോഡുകൾ മുഴുവൻ തകർന്നതോടെ ജീവികളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുകയും ചെയ്തു.

kazkova-1
കസ്കോവാ മൃഗശാലയിലെ ജീവികൾ (Photio: Twitter/@NatalkaKyiv)

ശൈത്യകാലപ്രതിസന്ധി

ഇതിനിടെ ശൈത്യകാലമെത്തി. ഭക്ഷണം പോലും എത്തിക്കാനുള്ള വഴി അടിഞ്ഞിരിക്കുന്ന മൃഗശാലയിലെ ജീവികൾക്കായി പ്രദേശവാസികളാണ് ഭക്ഷണം എത്തിച്ച് നൽകിയത്. ശൈത്യകാലത്ത് മൃഗങ്ങൾക്ക് ചൂട് ലഭിക്കാനുള്ള സംവിധാനം തകരാറിലായി. വൈദ്യുത ബന്ധം നിലയ്ക്കുക കൂടി ചെയ്തതോടെ മൃഗശാലയിലെ ജീവനക്കാർ തണുപ്പിൽ ഒട്ടും അതിജീവിക്കില്ല എന്ന് ഉറപ്പുള്ള ജീവികളെ വീട്ടിലേക്ക് കൊണ്ടുപോയാണ് സംരക്ഷിച്ചത്.

റോഡുകൾ തകർന്ന് കിടക്കുന്നതിനാലും ഈ മേഖലയിൽ റഷ്യൻ ആക്രമണം നിരന്തരം നടക്കുന്നതിനാലും മൃഗശാലയിലേക്ക് എത്താൻ ജീവനക്കാർ ആശ്രയിച്ചത് സമീപത്തുള്ള നദിയാണ്. നദിയുടെ തീരത്തിലൂടെ കിലോമീറ്ററുകളോളം നടന്നാണ് ജീവനക്കാർ മൃഗശാലയിലേക്ക് ജീവികൾക്കുള്ള ഭക്ഷണവുമായി എത്തിയത്.

അരയന്നങ്ങളും താറാവുകളും മാത്രം

പോണി വിഭാഗത്തിലുള്ള ഒരു ചെറു കുതിര, ഒരു കോവർ കഴുത, ഏതാനും ഗിനി പിഗുകൾ, ഒരു കാക്ക, തത്തകൾ, അൻഫിസാ, ചാർലി എന്നീ രണ്ട് ചെറു കുരങ്ങുകൾ ഇങ്ങനെ പോകുന്നു ഈ മൃഗശാലയിലെ ജീവികളുടെ പട്ടിക. ഇവയെ കൂടാതെ ചെറു പക്ഷികൾ, ഏതാനും അരയന്നങ്ങൾ, താറാവുകൾ എന്നിവയും ഈ മൃഗശാലയിൽ ഉണ്ടായിരുന്നു.

മൂന്നൂറോളം ജീവികളാണ് ഈ മൃഗശാലയിൽ ഉണ്ടായിരുന്നത്. ഇവയിൽ ഏതാനും അരയന്നങ്ങളും താറാവുകളും മാത്രമാണ് ഇന്ന് ബാക്കിയുള്ളത്. എന്നാൽ ഇതിനുകാരണം യുദ്ധമല്ല. ഒരു കാലത്ത് ഇതേ മൃഗങ്ങൾക്ക് സുരക്ഷിതമായി ഭക്ഷണം എത്തിക്കാൻ പാതയൊരുക്കിയ നദിയാണ്.

kazkova-2
കസ്കോവാ മൃഗശാല വെള്ളപ്പൊക്കത്തിനു മുൻപ് (Photio: Twitter/@tweet4anna)

തകർന്ന അണക്കെട്ടും വെള്ളപ്പൊക്കവും

നൈഫർ എന്ന യുക്രെയ്നിലെ തന്നെ ഏറ്റവും വലിയ നദികളിൽ ഒന്നിന്റെ തീരത്തായാണ് ഈ മൃഗശാല സ്ഥിതി ചെയ്തിരുന്നത്. കഖോവ അണക്കെട്ടിന്റെ താഴ്ഭാഗത്തുമാണ്. ഈ അണക്കെട്ടാണ് ജൂൺ ആറിന് പുലർച്ചെ തകർന്നത്. ഏകദേശം രണ്ട് ദിവസത്തോളം ഈ പ്രദേശം വെള്ളത്തിനടിയിലായിരുന്നു. വെള്ളം കെട്ടടങ്ങിയ ശേഷം ജീവനക്കാർ മൃഗശാലയിൽ എത്തിയപ്പോൾ ജീവനോടെ കണ്ടത് അരയന്നങ്ങളെയും താറാവുകളെയും മാത്രമാണ്.

സോവിയറ്റ് യൂണിയന്റെ കാലത്ത് നിർമിച്ചതാണ് കഖോവ അണക്കെട്ട്. അണക്കെട്ട് തകർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 20ലധികം പേർ മരിച്ചതായാണ് വിവരം. നിരവധി വളർത്തുമൃഗങ്ങളും ചത്തൊടുങ്ങി. നാല് ദിവസത്തെ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ പൂർണ്ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായത്.

English Summary: A Ukrainian zoo survived through war. The Kakhovka flood ended it

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com