ADVERTISEMENT

ലോകാരോഗ്യ സംഘടന നിരന്തരം മുന്നറിപ്പു നൽകുകയാണ്. 2025 ഓടെ ലോകജനസംഖ്യയുടെ പകുതിയിലധികം, ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ജീവിക്കേണ്ടി വരുമെന്നാണ് ആ മുന്നറിയിപ്പ്. ആഗോളതലത്തിൽ 200 കോടി ജനങ്ങൾക്ക് കുടിക്കേണ്ടി വരുന്നത് മനുഷ്യ വിസർജ്യത്താൽ മലിനമായ ജലമാണത്രേ! നമ്മുടെ വികസനക്കുതിപ്പിന്റെ പൊള്ളത്തരം വിളിച്ചു പറയുന്നതാണ് കുടിവെള്ളത്തെക്കുറിച്ച് ലഭിക്കുന്ന സ്ഥിതിവിവരകണക്കുകൾ. ഐക്യരാഷ്ട്ര സംഘടന സ്വപ്നം കാണുന്ന 2030 ലെ സുസ്ഥിര വികസന അജൻഡയിലെ ആറാമത്തെ സുസ്ഥിര വികസന ലക്ഷ്യമാണ് (Sustainable Development Goal 6-SDG 6) എല്ലാവര്‍ക്കും കുടിവെള്ളവും വെള്ളത്തിന്റെ ബുദ്ധിപൂര്‍വമായ ഉപയോഗവും എന്നത് ഓർക്കുക.

ജീവിതം ആനന്ദപൂർണമാക്കാനുള്ള മനുഷ്യാവകാശങ്ങളിൽ ഒന്ന്

ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളത്തിനും ശുചിത്വത്തിനുമുള്ള അവകാശത്തെ, ജീവിതത്തെ ആനന്ദപൂർണമാക്കാനുള്ള എല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനമായി 2010 ൽ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചു. കുടിവെള്ളം മാത്രമല്ല, ദൈനംദിന ജീവിതത്തിനാവശ്യമായ ജലത്തിന്റെ അവകാശവും പ്രധാനമാണ് ശുചിത്വപാലനം, തുണി കഴുകൽ, ഭക്ഷണമൊരുക്കല്‍, വ്യക്തിശുചിത്വം, വീടിന്റെ ശുചിത്വം ഇങ്ങനെ എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള ജലത്തിന് മനുഷ്യര്‍ക്ക് അവകാശമുണ്ട്. ശുദ്ധജലത്തിനായുള്ള ഈ ഓട്ടത്തില്‍ വിവേചനം നേരിട്ട് പിന്നിലാകുന്നവരുണ്ട്. ലിംഗം, വംശം, ജാതി, മതം, ഭാഷ, രാജ്യം, പ്രായം, അനാരോഗ്യം തുടങ്ങിയ കാരണങ്ങള്‍ ഇത്തരം വിവേചനത്തിന് പിന്നിലുണ്ടാകാം. ഇത്തരം മതിലുകളെ പൊളിച്ചെറിഞ്ഞ്, ഒരാളെയും പിന്നിലാക്കാന്‍ അനുവദിക്കാതെ, ഏവര്‍ക്കും ശുദ്ധജലത്തിലേക്ക് തുല്യ അവസരം നേടിയെടുക്കാന്‍ ഐക്യരാഷ്ട്ര സംഘടന അംഗരാഷ്ട്രങ്ങളെ നിരന്തരം ഓര്‍മിപ്പിക്കുന്നു. UN- Water എന്ന സംവിധാനമാണ് ഐക്യരാഷ്ട്ര സംഘടനയുടെ ജലസംബന്ധിയായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

(Credit:onuma Inthapong/Istock)
(Credit:onuma Inthapong/Istock)

 കണക്കുകള്‍ അമ്പരപ്പിക്കുന്നത്

1. 210 കോടിയോളം ജനങ്ങള്‍ക്ക് വീട്ടില്‍ ശുദ്ധജലം ലഭ്യമല്ല

2. ലോകത്തിലെ നാലിലൊന്ന് പ്രാഥമിക വിദ്യാലയങ്ങളില്‍ ശുദ്ധജലം ലഭ്യമല്ല.

3. സുരക്ഷിതമല്ലാത്ത ജലത്തിന്റെ ഉപയോഗം, ശുചിത്വമില്ലായ്മ ഇവമൂലം പ്രതിദിനം മരണമടയുന്നത് അഞ്ചുവയസ്സില്‍ താഴെയുള്ള എഴുനൂറിലധികം കുട്ടികളാണ് 

4. സുരക്ഷിതമല്ലാത്ത ജല ഉപയോഗത്തിന് വിധിക്കപ്പെട്ടവരില്‍ എണ്‍പതു ശതമാനം ഗ്രാമീണരാണ്.

5 .ജലലഭ്യതയില്ലാത്ത പത്തുവീടുകളില്‍ എട്ടെണ്ണത്തിലും വെള്ളം ശേഖരിച്ചെത്തിക്കേണ്ട ചുമതല സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമാണ്.

6. ശുദ്ധജമില്ലാത്തതിനാല്‍ ഏഴ് കോടിയോളം ആളുകള്‍ക്ക് വീടുവിട്ട് പോകേണ്ടിവന്നിരിക്കുന്നു.

7. നാനൂറു കോടിയോളം ആളുകള്‍ അതായത് ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടോളം വര്‍ഷത്തില്‍ ഒരു മാസമെങ്കിലും കടുത്ത ജല ദൗര്‍ലഭ്യം നേരിടുന്നു.

8. 2030 ഓടെ ഏകദേശം 70 കോടി ആളുകള്‍ക്ക് ജലദൗര്‍ലഭ്യം കാരണം പലായനം ചെയ്യേണ്ടി വരും

9. മലിന ജലം മൂലമുണ്ടാകുന്ന വയറിളക്കം, കോളറ, ടൈഫോയ്ഡ് എന്നിവ മൂലം വർഷംതോറും ലക്ഷക്കണക്കിന് മരണങ്ങൾ.

10. ഭൂഗർഭജലത്തിന്റെ ഉപയോഗത്താൽ ഇന്ത്യ ലോകത്തിൽ ഒന്നാമത്.

(Credit:Sukarman karman/ Istock)
(Credit:Sukarman karman/ Istock)

വെള്ളം വെള്ളം സര്‍വത്ര

ജലം നിറഞ്ഞ ഭൂമിയിലാണ് നമ്മുടെ വാസം. ഭൂമിയുടെ നാലില്‍ മൂന്നും ജലമാണ്. വെള്ളമില്ലാതെ ഭൂമിയില്‍ ഒരു ജീവനും നിലനില്‍പില്ല. ബഹിരാകാശത്തു നിന്ന് നോക്കിയാല്‍ ഭൂമി നീലഗ്രഹമായി തോന്നുന്നത് ജലത്തിന്റെ സാന്നിധ്യം കൊണ്ടുതന്നെ. ഭൂമിയിലെ ആകെയുള്ള ജലത്തിന്റെ 97 ശതമാനം സമുദ്രജലമാണ്. അതായത് ശുദ്ധജലം കേവലം മൂന്നു ശതമാനം മാത്രം. ശുദ്ധജലത്തിന്റെ ഏകദേശം 77 ശതമാനം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികളായി കിടക്കുന്നു. ബാക്കിയുള്ളതില്‍ 20 ശതമാനത്തിലധികം ഭൂമിക്കടിയില്‍ സ്ഥിതിചെയ്യുന്നു. അവശേഷിക്കുന്ന ശുദ്ധജലത്തില്‍ 0.35 ശതമാനം ശുദ്ധജലതടാകങ്ങളിലും 0.17 ശതമാനം മണ്ണില്‍ ഈര്‍പ്പമായും 0.001 ശതമാനം ധാതുക്കളിലുമാണ്. ജീവജാലങ്ങളുടെ ശരീരഭാരത്തിന്റെ ശരാശരി 50 ശതമാനം ജലമാണ്. ജലത്തിന്റെ ഖര, ദ്രാവക, വാതക അവസ്ഥകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുന്ന ചൂടാണ് ഭൂമിയിലുള്ളത്. ഭൂമിയുടെ വലുപ്പവും സൂര്യനില്‍ നിന്നുള്ള അകലവുമാണ് കാരണം. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ നീരാവിയെ അന്തരീക്ഷത്തില്‍ പിടിച്ചു നിര്‍ത്താനും കഴിയും. ചുരുക്കത്തില്‍, സര്‍വത്ര വെള്ളമെങ്കിലും മനുഷ്യന് എളുപ്പത്തില്‍ ലഭ്യമായ ശുദ്ധജലത്തിന്റെ അളവ് അല്‍പ്പം മാത്രമാണെന്നതാണ് നാം ഓര്‍ക്കേണ്ട വസ്തുത.

ജലവിനിയോഗം - കണക്കുകള്‍

ലോകത്തുള്ള ശുദ്ധജലത്തിന്റെ 70 ശതമാനം ജലസേചനത്തിനും, 22 ശതമാനം വ്യവസായങ്ങളിലും 8 ശതമാനം വീട്ടാവശ്യത്തിനും ഉപയോഗിക്കുന്നു എന്നാണ് കണക്ക്. നമ്മുടെ നിത്യോപയോഗ സാധനങ്ങളില്‍ മിക്കവയും ഉൽപാദിപ്പിക്കാന്‍ വലിയ അളവില്‍ വെള്ളം ആവശ്യമാണ്. ഉദാഹരണത്തിന് ഒരു കിലോഗ്രാം അരി ഉണ്ടായി വരുമ്പോഴേക്കും ആയിരം മുതല്‍ മൂവായിരം വരെ ലീറ്റര്‍ വെള്ളം ഉപയോഗിക്കപ്പെടും. ഒരു ബാരല്‍ പെട്രോളിയം ശുദ്ധീകരിക്കാന്‍ 7000 ലീറ്റര്‍ വെള്ളം വേണം. ഒരു ടയറിന് 1,900 ലീറ്ററും ഒരു കാറിന് 1,13,550 ലീറ്ററും വെള്ളം വേണം. ഒരു ഗ്ലാസ് പാലിന് 200 ലീറ്റര്‍, ഒരു മുട്ട 450 ലീറ്റര്‍, ഒരു തക്കാളി 13 ലീറ്റര്‍ എന്നിങ്ങനെയൊക്കെയാണ് വെള്ളത്തിന്റെ ഉപഭോഗം.

(Credit:ognianm/Istock)
(Credit:ognianm/Istock)

പാഴാക്കാനാവില്ല തുള്ളി പോലും

ഭൂമിയിലെ ശുദ്ധജലത്തിന്റെ പകുതിയിലധികം ഉപയോഗിക്കുന്നത് മനുഷ്യനാണ്. ജനസംഖ്യ കൂടുന്നതോടെ ഉപയോഗവും വർധിക്കുന്നു. ഓരോ ഇരുപതു വര്‍ഷത്തിലും ജലത്തിന്റെ ഉപയോഗം ഇരട്ടിയാകുന്നു എന്നാണു കണക്ക്. സാങ്കേതിക വ്യവസായ പുരോഗതി, ആധുനിക കൃഷി രീതി, നഗരവൽക്കരണം, വാഹനങ്ങളുടെ പെരുക്കം തുടങ്ങി നിരവധി ഘടകങ്ങള്‍ ജല ഉപഭോഗം വർധിപ്പിച്ചു. ഒപ്പം മലിനീകരണവും ശാപമായി തുടരുന്നു. മഴയുടെ കുറവും പെട്ടെന്നുണ്ടാകുന്ന പെരുമഴയുമൊക്കെ ജലക്ഷാമം രൂക്ഷമാക്കുന്നു. ജലസ്രോതസ്സുകളും ജലസംഭരണികളായ കാടുകളും കുന്നുകളുമൊക്കെ കയ്യേറിയത് ജലവഴികളടച്ചു. അതിനാല്‍ വിവേകത്തോടെയുള്ള ജലസംരക്ഷണവും ഉപഭോഗവും ഇല്ലെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ധന എണ്ണയേക്കാള്‍ വിലയേറിയതാവും കുടിവെള്ളം. പലരും ചൂണ്ടിക്കാട്ടുന്നതുപോലെ, മൂന്നാമതൊരു ലോകമഹായുദ്ധമുണ്ടായാല്‍ അത് ജലത്തിന് വേണ്ടിയാകും.

മാറ്റമില്ലാത്ത വെള്ളം, മാറുന്ന മനുഷ്യൻ

ശുദ്ധജലത്തിന്റെ ഭൂമിയിലെ ഒരേയൊരു ഉറവിടം മഴയാണ്. ബാക്കിയുള്ള ജലസ്രോതസ്സുകളൊക്കെ മഴവെള്ളത്തിന്റെ സൃഷ്ടിയാണ്. ഭൂമിയില്‍ ആകെ ലഭ്യമായ വെള്ളം ഏകദേശം 140 കോടി ക്യുബിക് കിലോമീറ്ററാണ്. ഭൂമി ഉണ്ടായതുമുതല്‍ ഈ അളവ് കുറഞ്ഞിട്ടും കൂടിയിട്ടുമില്ല. അന്തമില്ലാതെ ജലചക്രമായി യാത്ര തുടരുന്നു. കുടിവെള്ളക്ഷാമവും വരള്‍ച്ചയും മനുഷ്യന്റെ എണ്ണപ്പെരുക്കം കൊണ്ടും അമിത ചൂഷണം കൊണ്ടുമാണ് എന്ന് ഇതിൽനിന്നു മനസ്സിലാക്കാം.

English Summary:

Unsafe Drinking Water Alert: 200 Million Exposed to Contaminated Supply, Warns WHO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com