ഒരു പയറുമണിയേക്കാൾ വലുപ്പം കുറവ്; ലോകത്തിലെ ഏറ്റവും കുഞ്ഞൻ തവളയെ പരിചയപ്പെടാം
Mail This Article
തവളകൾ സർവസാധാരണമാണ്. പല നിറത്തിലും വലുപ്പത്തിലും ഇവയെ കാണപ്പെടുന്നു. ഇതിൽ ലോകത്തെ ഏറ്റവും ചെറിയ തവള ഏതാണെന്ന് അറിയാമോ? അറിയില്ലെങ്കിൽ അറിഞ്ഞോളൂ... ആ തവളയുടെ പേരാണ് ടീനി ടൈനി ഫ്‌ളിയ ടോഡ്. ലോകത്തിലെ ഏറ്റവും ചെറിയ തവള എന്നതിനപ്പുറം ലോകത്തെ ഏറ്റവും ചെറിയ, കശേരുക്കളുള്ള ജീവി കൂടിയാണ് ഈ തവള.
ഈ വർഗത്തിലുള്ള ആൺതവളകൾക്ക് ശരാശരി 7 മില്ലിമീറ്റർ നീളവും പെൺ തവളകൾക്ക് 8 മില്ലിമീറ്റർ നീളവുമാണുള്ളത്. അതായത് ഒരു പയറുമണിയേക്കാളൊക്കെ വലുപ്പം കുറവാണ് ഈ തവളകൾക്കെന്ന് സാരം. ഫ്‌ളിയ ടോഡ് വംശത്തിലുള്ള തവളകൾ ബ്രസീലിലെ തെക്കൻ ബഹിയ മേഖലയിലാണുള്ളത്. 2011ലാണ് ഇവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
കണ്ടെത്തിയ കാലയളവിൽ തന്നെ ലോകത്തിലെ ഏറ്റവും ചെറിയ തവള ഇതാണോയെന്ന് ജന്തുശാസ്ത്രജ്ഞർക്കിടയിൽ സംശയമുണ്ടായിരുന്നു. തുടർന്ന് ഇതുസംബന്ധിച്ച് ബ്രസീലിലെ സാന്റ ക്രൂസ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി നിരവധി പഠനങ്ങൾ നടത്തി. വിവരങ്ങൾ പുറത്തുവന്നതോടെ ഏറ്റവും ചെറിയ തവളയായി കണക്കാക്കിയിരുന്ന പെഡ്രോഫൈൻ അമാവെൻസിസ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പസിഫിക് സമുദ്രത്തിലെ ദ്വീപായ പാപ്പുവ ന്യൂഗിനിയിൽ നിന്നുള്ളതാണ് പെഡ്രോഫൈൻ തവളകൾ.
വലുപ്പം കുറഞ്ഞ തവളകൾ പലയിടത്തുമുണ്ട്. ഒരു ജീവിക്ക് അതിന്റെ വലുപ്പത്തിൽ കുറവ് വരുമ്പോൾ ശാരീരികമായി ചില പ്രത്യേകതകൾ ഉണ്ടാകാറുണ്ട്. ചില ചെറിയ തവളകൾക്ക് ചാടാൻ സാധിക്കാത്തതൊക്കെ ഇത്തരം പരുവപ്പെടലുകൾക്ക് ഉദാഹരണമാണ്.