ഭീതിപ്പെടുത്തുന്ന നോട്ടം, ഒരടി നീളമുള്ള കൊക്ക്! ഷൂ ബിൽ; പക്ഷികളിലെ കൊടുംവില്ലൻ
Mail This Article
ചൂഴ്ന്നിറങ്ങുന്ന നോട്ടം, ശ്രദ്ധയോടെ പരിസരം വീക്ഷിച്ചിട്ട് പൊടുന്നനെ പറന്നിറങ്ങി ഇരയെ കൊക്കിലൊതുക്കുന്ന വേട്ടരീതി. ഈ പക്ഷികളാണ് ഷൂ ബില്ലുകൾ. കിഴക്കൻ ആഫ്രിക്കയിലെ വരണ്ട പ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലുമൊക്കെയാണ് ഈ പക്ഷി ജീവിക്കുന്നത്. മീനുകളെയും ഉരഗങ്ങളെയുമാണ് ഇവ ഭക്ഷിക്കുന്നത്.
അഞ്ചടി വരെ നീളം വയ്ക്കുന്ന ഈ പക്ഷികൾക്ക് ഒരടി നീളമുള്ള കൊക്കുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ലോകത്ത് ഏറ്റവും നീളമുള്ള കൊക്കുള്ള മൂന്നാമത്തെ പക്ഷിയാണ് ഷൂബിൽ. കാറ്റ്ഫിഷ് എന്നയിനം മത്സ്യത്തെയാണ് ഷൂബിൽ പക്ഷികൾ പൊതുവെ ഭക്ഷിക്കാറുള്ളത്. ഇവയുടെ ഡയറ്റിലെ 71 ശതമാനവും ഈ മീനുകളാണ്. ഈലുകൾ, പാമ്പുകൾ തുടങ്ങിയവയെയും ഇവ അകത്താക്കാറുണ്ട്.
പൊതുവെ ഏകാന്തമായി ജീവിക്കുന്ന പക്ഷികളാണ് ഷൂബില്ലുകൾ. എന്നാൽ പ്രജനന സമയത്ത് ഇവ ഇണചേരാനായി ബന്ധത്തിലാകും. ഒരു പങ്കാളിയുമായി മാത്രമേ ഇവ ഒരു സീസണിൽ ബന്ധം പുലർത്തുകയുള്ളൂ. ഒരു കുട്ടിയായിരിക്കും ഒരു പ്രജനന സീസണിൽ ഇവയ്ക്കുണ്ടാകുക.
Read Also: എജിയോ അദ്ഭുതമരുന്നിനായി കൊല്ലപ്പെടുന്നത് ദശലക്ഷക്കണക്കിന് കഴുതകൾ: ചൈനയുടെ പാരമ്പര്യവൈദ്യം
സ്റ്റോർക്ക് എന്ന പക്ഷിയുടെ ഗണത്തിൽ ഇവയെപ്പെടുത്താറുണ്ടെങ്കിലും ഇതു തെറ്റായ ഒരുൾപ്പെടുത്തലാണ്. ബാലാനിസെപ്‌സ് എന്ന ജനുസ്സിൽ ഉൾപ്പെട്ട ഒരേയൊരു പക്ഷിയാണ് ഷൂബിൽ. പെലിക്കനുകളാണ് ഇവയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ. 14.5 കോടി മുതൽ 6.6 കോടി വരെ വർഷം മുൻപാണ് ഈ പക്ഷികളുടെ പൂർവികർ ഭൂമിയിൽ ഉദ്ഭവിച്ചതെന്ന് പൊതുവെ കരുതപ്പെടുന്നു.
കാര്യം ഇത്ര ഭീകരനൊക്കെയാണെങ്കിലും പ്രതിസന്ധി നേരിടുന്ന പക്ഷികളുടെ കൂട്ടത്തിലാണ് ഷൂബില്ലുകൾ ഉൾപ്പെട്ടിരിക്കുന്നത്. 5000 മുതൽ 8000 വരെ പക്ഷികളാണ് ഇനി ഭൂമിയിൽ ബാക്കിയുള്ളതാണ് ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ നൽകുന്ന വിവരം.