മൃഗലോകത്തുമുണ്ട് തിരഞ്ഞെടുപ്പുകൾ; ജീവികൾ നേതാക്കളെ തിരഞ്ഞെടുക്കുന്ന വിവിധവഴികൾ
Mail This Article
തിരഞ്ഞെടുപ്പുകൾ ജനാധിപത്യവ്യവസ്ഥയുടെ ചക്രങ്ങളാണ്. തങ്ങൾക്കിഷ്ടപ്പെട്ട നേതാക്കളെ ജനങ്ങൾ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പുകളിലൂടെയാണ്. ജനാധിപത്യ ഇതര വ്യവസ്ഥകളിലും പല രീതികളിൽ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ കാണാം. എന്നാൽ മൃഗങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പുണ്ടോ, അവരെങ്ങനെയാണ് തങ്ങളുടെ നേതാക്കളെ തിരഞ്ഞെടുക്കുന്നത്.
മൃഗലോകത്തിലെ പല സമൂഹങ്ങളിലും ശക്തിയാണ് അധികാരത്തിന്റെ മാനദണ്ഡം. ഉദാഹരണം സിംഹങ്ങൾ. കരുത്തനായ ഒരാൺസിംഹമാകും ഒരു സിംഹക്കൂട്ടത്തെ നയിക്കുക. പരിണാമദിശയിൽ നമ്മോട് അടുത്തുനിൽക്കുന്ന ചിമ്പാൻസികളും പറ്റങ്ങളായി തിരിഞ്ഞ് നേതാവിന്റെ നേതൃത്വത്തിലാണ് കഴിയുന്നത്. എന്നാൽ അധികാരം ഉറപ്പിക്കാനായി ചിമ്പാൻസി നേതാക്കൾ മറ്റു കരുത്തരായ അംഗങ്ങളുടെ പിന്തുണ ഉറപ്പുവരുത്താറുണ്ടെന്ന് ഗവേഷകർ പറയുന്നു. എന്നാൽ മറ്റു ചില കുരങ്ങുവംശജർ പൂർണമായും അരാജകത്വത്തിൽ ജീവിക്കാനിഷ്ടപ്പെടുന്നുണ്ട്. ബ്രസീലിലെ മൂറിക്വിസ് എന്നയിനം കുരങ്ങുകൾ ഇതിനുദാഹരണം. വലിയ സമൂഹങ്ങളായാണ് ഇവ ജീവിക്കുന്നത്. എന്നാൽ ആരും മറ്റൊരു അംഗങ്ങളുടെയും മേൽ ആധിപത്യം ഉറപ്പിക്കാൻ ഈ സമൂഹത്തിൽ ശ്രമിക്കാറില്ല.
എന്നാൽ വോട്ടിങ് പോലുള്ള പ്രക്രിയയകൾ പല ജീവിവർഗങ്ങളിലും കാണാൻ സാധിക്കാറുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇതിനു മികച്ച ഉദാഹരണമായി കാണിക്കുന്നത് തേനീച്ചകളെയാണ്. തേനീച്ചകൾ തങ്ങളുടെ കൂട് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോൾ കൂട്ടത്തിലെ കുറച്ചുതേനീച്ചകൾ പറ്റിയ സ്ഥലം അന്വേഷിച്ചു പോകും. ഇവ തിരികെയെത്തി തങ്ങൾ കണ്ടെത്തിയ സ്ഥലത്തേക്കുറിച്ച് നൃത്തത്തിലൂടെ മറ്റുള്ളവരെ അറിയിക്കും. ആരെ പിന്തുടരണമെന്ന് കൂട്ടത്തിലുള്ളവർക്ക് തീരുമാനിക്കാം.
റാണി വ്യവസ്ഥ നിലനിൽക്കുന്ന മറ്റൊരു കീടക്കൂട്ടമാണ് ഇന്ത്യൻ ജംപിങ് ആന്റ്സ് എന്നയിനം ഉറുമ്പുകൾ. ഇവയുടെ സമൂഹത്തിൽ ഒരു റാണിയുടെ ജീവിതചക്രം തീരുന്നതോടെ തർക്കം തുടങ്ങും. അങ്ങോട്ടുമിങ്ങോട്ടും അടി. ഈ അടിയുടെ അവസാനമാണ് റാണിയാകാനുള്ള കുറേയേറെ മത്സരാർഥികൾ തിരഞ്ഞെടുക്കപ്പെടുക. ഇതിൽ നിന്ന് ഒരു റാണി തിരഞ്ഞെടുക്കപ്പെടും.
ചിലയിനം പ്രാവുകളിലും ഇത്തരം പ്രവണതകൾ കാണാറുണ്ട്. ആകാശത്തു പറക്കുമ്പോൾ ഈ പ്രാവുകളെ നയിച്ച് പറക്കുന്ന പ്രാവ് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഈ പ്രാവിന് തീരുമാനങ്ങൾ തെറ്റുന്നെന്നു മറ്റു പ്രാവുകൾക്ക് തോന്നിയാൽ ഇവ അതിനെ പിന്തുടരുന്നതു നിർത്തും. നേതൃസ്ഥാനം ഉപേക്ഷിക്കാൻ മുൻപിൽ പോകുന്ന പ്രാവ് നിർബന്ധിതനാകുകയും ചെയ്യും.
ബാക്ടീരിയകളിലും ചില ‘വോട്ടിങ്’ രീതികൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഒരു കൂട്ടം ബാക്ടീരിയകൾ എപ്പോൾ അതിന്റെ ഇരകളെ ആക്രമിക്കണം എന്നുൾപ്പടെ തീരുമാനിക്കുന്നത് ചില രാസവസ്തുക്കൾ പുറപ്പെടുവിച്ചുകൊണ്ടാണ്. ഈ രാസസിഗ്നലുകളാണത്രേ ബാക്ടീരിയകളുടെ വോട്ടുകൾ.