2023ല്‍ കേരളത്തില്‍ ഏറ്റവും മലിനമായ പുഴ കല്ലായി; കരമന വരെ മാലിന്യംതന്നെ: നദികള്‍ക്ക് ‘മരണമണി’ മുഴക്കുന്നതാര്?
Mail This Article
‘‘കല്ലായി പുഴയൊരു മണവാട്ടി കടലിന്‍റെ കടലിന്‍റെ പൂന്നാര മണവാട്ടി’’ മലയാളിയുടെ പുന്നാര മണവാട്ടി പുഴയിന്ന് മാലിന്യവാഹിനിയാണ്. കല്ലായി പുഴ മുതല്‍ കരമന നദി വരെയുള്ള നദികളിലെ മലിനീകരണ തോത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തുവിട്ടിരിക്കുകയാണ്. മലയാളിയുടെ ജീവിതത്തിന്‍റെ നിത്യസുഗന്ധമായിരുന്ന 44 നദികളും മലിനപ്പെട്ടതല്ല. നാം മലിനപ്പെടുത്തിയതാണ്. വികസനത്തിന്‍റെ തേരോട്ടത്തിനിടയില്‍ കാല്‍കീഴിലെ മണ്ണും കണ്‍മുന്നിലെ വായുവും വെള്ളവുമെല്ലാം മലിനപ്പെട്ടത് നാം കാണാതിരുന്നുകൂടാ. പർവതനിരയുടെ പനിനീരായി കുളിരും കൊണ്ട് കുണുങ്ങി നടന്ന മലയാളിപ്പെണ്ണായ പെരിയാറില്‍ വ്യാപകമായി മത്സ്യങ്ങള്‍ ഉച്ഛാസ്വവായു കിട്ടാതെ ചത്തു മലര്‍ത്തത് എത്ര നിസാരമായാണ് നാം കണ്ടത്. രണ്ടു പഠന സ്ഥാപനങ്ങള്‍ തികച്ചും വ്യത്യസ്തമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയത് മുന്നിലുണ്ട്. ബന്ധപ്പെട്ടവര്‍ അതും വച്ച് ഉറങ്ങുകയാണോ എന്നതും പ്രധാനമാണ്. ഒരു വിഷയത്തില്‍ കേന്ദ്ര സംസ്ഥാന ഗവേഷണ പഠന സ്ഥാപനങ്ങളിലെ അംഗങ്ങളെ ചേര്‍ത്തുള്ള ഒരു പൊതുസമിതി പഠനങ്ങള്‍ നടത്തേണ്ട പുതിയ രീതിയാണ് നാം അവലംബിക്കേണ്ടത്.
2023 ല്‍ കേരളത്തില്‍ ഏറ്റവും മലിനമായ പുഴ കല്ലായിയാണ്. 2022 ല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കരമന നദി ഇപ്പോള്‍ രണ്ടാം സ്ഥാനത്തായി തൊട്ടുപിന്നാലെ ഉണ്ട്. ആകെ 130 ഇടങ്ങളില്‍ നടത്തിയ പഠനത്തില്‍ 103 സ്ഥലങ്ങളിലും കുളിക്കാന്‍ പോലും വെള്ളം കൊള്ളില്ല. നദികളിലെ ബയോകെമിക്കല്‍ ഓക്സിജന്‍ ഡിമാന്‍സ് 3 മില്ലിഗ്രാം മാത്രമെ ആകാവൂ. കല്ലായിപുഴയില്‍ ഇവ 12.8 മില്ലി ഗ്രാം ആണ്. പഠന വിധേയമാക്കിയ പ്രധാന നദികളിലെ വിവരം ചുവടെ ചേര്‍ക്കുന്നു.
പ്രധാനകാരണങ്ങള്‍
അശാസ്ത്രീയമായ രീതിയില്‍ മലിനജലം പുഴകളിലേക്ക് ഒഴുക്കുന്ന രീതി പെരിയാര്‍ തീരത്തുള്‍പ്പെടെ കാണാവുന്നതാണ്. രാസവളങ്ങള്‍, കീടനാശിനികള്‍ എന്നിവയുടെ നദീതടങ്ങളിലെ അമിതോപയോഗവും പ്രശ്നമാണ്. നദികളുടെയും പുഴകളയുടെയും തീരങ്ങളിലും നദീതടങ്ങളിലും നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ കക്കൂസ് മാലിന്യങ്ങള്‍ സംസ്കാരിക്കാതെ നേരിട്ട് കുഴലുകളിലൂടെ നദികളുടെ അടിഭാഗത്ത് വിടുന്ന രീതി വ്യാപകമായി കാണാവുന്നതാണ്. വ്യാവസായിക ഫാക്ടറികളിലെ ദ്രവ മാലിന്യങ്ങള്‍ ശുദ്ധികരിച്ച് വിഷരഹിതമായി മാത്രമേ ജലസ്രോതസുകളിലും വിടാവൂ എന്നിരിക്കെ അതൊന്നും ചെയ്യാതെ നേരിട്ട് പുഴകളിലേക്ക് ഒഴുക്കിവിടുന്ന രീതിയാണ് കാണുന്നത്. കോടാനുകോടി സൂഷ്മ ജീവികളുടെ ആവാസ വ്യവസ്ഥകൂടിയാണ് പുഴകള്‍. വിവിധ കാലങ്ങളില്‍ ആവശ്യത്തിന് നദികളില്‍ നീരൊഴുക്കുണ്ടായാല്‍ മാത്രമേ സമീപ പ്രദേശങ്ങളിലും ജലസ്രോതസുകളില്‍ ജലം സുലഭമായി കാണുകയുള്ളൂ. നദീജലം മലിനപ്പെട്ടാല്‍ നദീതീരങ്ങളിലെ മറ്റ് ജലസ്രോതസുകളും മലിനപ്പെടാന്‍ സാധ്യതയുണ്ട്.
നദീതീരങ്ങളിലെ ആശുപത്രികള്‍, അറവുശാലകള്‍, ഫാക്ടറികള്‍, ഹോട്ടലുകള്‍, കെട്ടിടങ്ങള്‍, കോഴി ഫാമുകള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നേരിട്ടും അല്ലാതെയും നദികളില്‍ ഇടുന്നുണ്ട്. നഗരങ്ങളിലെ വിവിധ സ്ഥാപനങ്ങളിലെ കക്കൂസ് മാലിന്യങ്ങള്‍ ഇരുളിന്‍റെ മറവില്‍ ആളൊഴിഞ്ഞ പുഴയിടങ്ങളില്‍ നേരിട്ട് ഒഴുക്കി വിടുന്ന എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
യാതൊരു അച്ചടക്കവും തത്വദീക്ഷയുമില്ലാതെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും അഭയസ്ഥാനം നദികളാണ് പലപുഴകളിലും മാലിന്യ തുരുത്തു കള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായി മാലിന്യങ്ങള്‍ കൊണ്ടിടാന്‍ പറ്റിയ ഇടങ്ങളായി നദികളെ കാണുന്ന രീതി നല്ലതല്ല. വീടുകളിലെയും സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യങ്ങള്‍ സംസ്കരിക്കുവാനുള്ള സെപ്റ്റേജ് ട്രീറ്റ്മെന്‍റ് സംവിധാനങ്ങളുടെ കുറവ് മൂലം സെക്കന്‍റ് ജനറേഷന്‍ സാനിട്ടറി പ്രശ്നങ്ങള്‍ കൂടി വരികയാണ്. ഖരദ്രവ്യ മാലിന്യങ്ങളുടെ വർധനവും ശാസ്ത്രീയമായ സംസ്കരണ സംവിധാനമില്ലായ്മയും കൂടി ആകുമ്പോള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.
ആരാണ് പ്രതി?
സംസ്ഥാനത്ത് നിർമിക്കുന്ന കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ കക്കൂസ് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാത്തതാണോ പ്രശ്നം. ഫാക്ടറികളിലെ മലിനജലവും ഖരദ്രവമാലിന്യങ്ങളും നിശ്ചിത അളവില്‍ ശുദ്ധികരിക്കാതെ പുഴകളിലേക്ക് വിടുന്നവരാണോ പ്രതികള്‍. ഏറ്റവും ശാസ്ത്രീയമായ മലിനജല പരിപാലന മാർഗങ്ങളും രീതികളും വികസിപ്പിക്കാത്തതാണോ പ്രതിസന്ധി. തന്‍റെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ ജലസ്രോതസുകള്‍ മലിനപ്പെടുന്നത് നേരിട്ടോ മറ്റൊരാള്‍ വഴിയോ അിറഞ്ഞാല്‍ 25000/- രൂപ വരെ പിഴ ചുമത്താന്‍ അധികാരമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ അത് നിര്‍വഹിക്കാത്തതാണോ പ്രശ്നം?.
പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചാല്‍ 2,00000/- രൂപയോ 3 വര്‍ഷത്തെ ജയില്‍വാസമോ രണ്ടും കൂടിയോ ചുമത്താന്‍ വകുപ്പുള്ള നാട്ടില്‍ എങ്ങനെയാണ് ഇത്രയധികം പുഴമലിനീകരണം നടക്കുന്നത്. ഒന്നുകില്‍ പരാതികള്‍ ലഭിക്കുന്നില്ല. അല്ലെങ്കില്‍ പരാതികളില്‍ നടപടിയുണ്ടാകുന്നില്ല. എന്തായാലും ഇതൊക്കെ ഗൗരവമായി പരിശോധിക്കപ്പെടണം. പുഴകളിലേക്കും നദികളിലേക്കും മാലിന്യങ്ങള്‍ ഒഴുക്കി വിടുകയും തള്ളുകയും ചെയ്യുന്ന പൊതുജനങ്ങളില്‍ കുറച്ച് പേരെങ്കിലും അവരുടെ പങ്ക് ഭംഗിയാക്കുന്നുണ്ട്. സന്ധ്യനേരത്ത് കരമനയാറിന്‍റെ ആളൊഴിഞ്ഞ ഭാഗത്ത് സ്കൂട്ടറില്‍ മാലിന്യം കൊണ്ടെറിഞ്ഞത് സാധാരണയാളല്ല. പ്രഫഷനല്‍ ബിരുധമുള്ള സര്‍ക്കാര്‍ ജീവനക്കാരായ പ്രതികളാണ്. തല്‍ക്കാലം പേര് വെളിപ്പെടുത്തുന്നില്ല. പിടിക്കപ്പെട്ടപ്പോള്‍ പിഴയടച്ച് തടിയൂരി.
പരിഹാരമാർഗങ്ങള്‍
ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ തന്നെ അവ ശുദ്ധീകരിക്കുവാനുള്ള മുഴുവന്‍ ചിലവും വഹിക്കണമെന്ന പൊല്യൂട്ടര്‍ പെ പ്രിന്‍സിപ്പല്‍ നിലവിലുണ്ട്. നമുക്കും അതൊക്കെ വേണ്ടിവരും. സമഗ്രവും ശാസ്ത്രീയവും പ്രാദേശീകവുമായ ഖര, ദ്രവ, പ്ലാസ്റ്റിക് മാലിന്യസംസ്കരണ, പരിപാലന മാര്‍ഗങ്ങളും രീതികളും ഇനിയും കൂടുതലായി വികസിപ്പിക്കേണ്ടതുണ്ട്. നദികള്‍ മലിനമാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ മാപ്പിങ് അത്യാവശ്യമാണ്. നദീതടങ്ങളിലുള്ള കെട്ടിടങ്ങളിലെ സാനിട്ടറി ആഡിറ്റിംഗ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കണം. ഫാക്ടറികളിലെ മാലിന്യങ്ങള്‍ നേരിട്ട് പുഴകളിലേക്ക് വിടുന്നവരെ കണ്ടെത്തി ശാസ്ത്രീയ രീതികള്‍ സജ്ജമാക്കാന്‍ ആവശ്യപ്പെടണം. അങ്ങനെ ചെയ്യാത്തവരുടെ ലൈസന്‍സ് പുതുക്കി നല്‍കരുത്.
എല്ലാ സ്ഥാപനങ്ങളിലും വേസ്റ്റ് ഡിസ്പോസല്‍ മോണിറ്ററിംഗ് സമിതി രൂപീകരിക്കണം. അവയില്‍ സ്ഥാപനത്തിലെ അംഗങ്ങള്‍ക്കു പുറമെ ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കും പങ്കാളിത്തം നല്‍കണം. ഇതിനാവശ്യമായ നയവും ചട്ടവും നിയമവും ശുചിത്വമിഷന്‍ തയ്യാറാക്കി നിയമപരമാക്കി മാറ്റണം ലൈസന്‍സ് പുതുക്കലില്‍ പ്രധാന മാനദണ്ഡമായി വേസ്റ്റ് ഡിസ്പോസല്‍ കൊണ്ടുവരണം. പൊല്യൂട്ടര്‍ പ്രിന്‍സിപ്പലിന്‍റെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കേണ്ടതാണ്.
നദികളുടെ മലിനീകരണം ഒഴിവാക്കുന്നതുള്‍പ്പെടെ ചേര്‍ത്തുള്ള ഒരു സ്റ്റേറ്റ് ലെവല്‍ സാനിട്ടറി പോളിസി അടിയന്തിരമായി തയ്യാറാക്കണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കര്‍ശനമായ നടപടികളിലേക്ക് പോകേണ്ടതുമത്യാവശ്യമാണ്. സെപ്റ്റേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ കൂടുതല്‍ വ്യാപകമാക്കണം. ഇറച്ചി കോഴി കടകളിലെ മാലിന്യം എവിടെയാണ് സംസ്കരിക്കപ്പെടുന്നതെന്ന് വിലയിരുത്തപ്പെടണം.
ഓരോ വാര്‍ഡിലും പുഴ ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കണം. അവര്‍ക്ക് കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനു പുറമെ നടപടികള്‍ക്കുള്ള അവകാശം കൂടി നല്‍കണം. അതിനനുസൃതമായി ലോക്കല്‍ വെലല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് സമിതികള്‍ക്ക് രൂപം നല്‍കണം ഇത്തരം സമിതികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാവുന്നതുമാണ്. അധികാരദുര്‍വിനിയോഗവും അഴിമതിയും നടക്കാതിരിക്കുവാനുള്ള സുതാര്യമായ നടപടിക്രമങ്ങള്‍ക്ക് രൂപം നല്‍കണം.
നദികള്‍ നാടിന്‍റെ നാഡീവ്യൂഹവുമാണ്. നാടിന്‍റെ സമ്പത്താണവ. സംസ്കാരത്തിന്‍റെ അടയാളങ്ങളായിരുന്ന നദികളെ കേവല മാലിന്യ വാഹിനികളായ ഓടകളാക്കി മാറ്റുന്നത് ശരിയല്ല. ശുദ്ധജലലഭ്യതക്കും ആരോഗ്യത്തിനുമൊക്കെ നദികള്‍ പ്രധാനമാണ്. അവ സംരക്ഷിക്കേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്. അവയുടെ പരിശുദ്ധിയോടെ തന്നെ...