ADVERTISEMENT

ഉപതിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തെ നേരില്‍ക്കണ്ട് വോട്ടുതേടിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ജമാഅത്തെ ഇസ്‌ലാമി നേതാവ് എം.ഐ.അബ്ദുൽ അസീസുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. പിണറായി വിജയൻ നേരിട്ട് പാർട്ടിക്കുവേണ്ടി ജമാഅത്തെ ഇസ്‌ലാമിയുമായി തിരഞ്ഞെടുപ്പ് ഡീല്‍ നടത്തിയെന്ന വിവരണത്തോടെയാണ് പ്രചാരണം. എന്നാൽ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചിത്രത്തിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. ‌

∙ അന്വേഷണം

ചിത്രത്തിലുള്ളത് ജമാഅത്തെ ഇസ്‌ലാമി മുന്‍ കേരള അമീര്‍ എ.ഐ അബ്ദുൽ അസീസാണ്. ഇത് ചിത്രം പഴയതാകാമെന്ന സൂചന നല്‍കി. തുടര്‍ന്ന് കീവേഡുകള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി പേര്‍ ഇത് പഴയ ചിത്രമാണെന്ന തരത്തില്‍ പ്രതികരിച്ചതായും കണ്ടെത്തി. ഔദ്യോഗിക സന്ദര്‍ശനമാണെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കാമെന്ന അനുമാനത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ഫെയ്‌സ്ബുക് പേജില്‍ കീവേഡുകളുപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇത് 2017ലെ ചിത്രമാണെന്ന് വ്യക്തമായി.

2017 ഓഗസ്റ്റ് 21 ന് പങ്കുവച്ച ചിത്രത്തിനൊപ്പം നല്‍കിയ വിവരണത്തില്‍ ഇത് മുസ്‌ലിം സംഘടനയ്ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധമറിയിക്കാനും പൊലീസിന്റെ പക്ഷപാതപരമായ നടപടിയെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനുമായിരുന്നു സന്ദര്‍ശനമെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇതോടെ പറവൂരില്‍ മുജാഹിദ് വിസ്‌ഡം സംഘടനാ പ്രവര്‍ത്തകര്‍ക്കതിരെയുണ്ടായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ടാണ് ജമാഅത്തെ ഇസ്‌ലാമി മുഖ്യമന്ത്രിയെ ആശങ്ക അറിയിച്ചത്.

തുടര്‍ന്ന് ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകളും ലഭിച്ചു.

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചാരണം രാഷ്ട്രീയപ്രേരിതമാണെന്നും വസ്തുതാ വിരുദ്ധമാണെന്നും അവര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സാമുദായികപരമായ ചില വിഷയങ്ങള്‍ സംസാരിക്കാനാണ് സംഘടന പ്രവര്‍ത്തകരെത്തിയതെന്നും അത് കേള്‍ക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബാധ്യതയാണെന്നും മറിച്ച് അതില്‍ രാഷ്ട്രീയപരമായി യാതൊന്നുമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ മുഖ്യമന്ത്രി ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുമായി തിരഞ്ഞെടുപ്പിന് വോട്ടുതേടുന്ന ചിത്രമെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. ‌ 

∙ വസ്‌തുത

മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കുവേണ്ടി വോട്ടുചോദിച്ച് ജമാഅത്തെ ഇസ്‌ലാമി നേതാക്കളുമായി സംസാരിക്കുന്ന ചിത്രമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2017ലെ ഈ ചിത്രം ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ ചില സാമുദായിക ആശങ്കകള്‍ ശ്രദ്ധയില്‍പെടുത്തുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയുടേതാണ്.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്‌മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )

English Summary :The picture circulating with the claim that it is a picture of Chief Minister Pinarayi Vijayan talking to Jamaat-e-Islami leaders asking for votes for the party is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com