മുംബൈയിലെ ഓർമകളുടെ നിരത്തിലൂടെ 'പദ്മിനി'യുടെ പിൻവാങ്ങൽ

Mail This Article
കാലി പീലി ടാക്സി എന്ന പേരിൽ കറുപ്പും മഞ്ഞയും നിറത്തിൽ മുംബൈയിൽ ഓടിയിരുന്ന ‘പ്രീമിയർ പദ്മിനി’ ടാക്സി കാറുകൾ ഇനി ഓർമ. ആറു പതിറ്റാണ്ടോളം നഗരനിരത്തിൽ നിറഞ്ഞോടിയിരുന്ന ‘പദ്മിനി’യാണ് ന്യൂജൻ കാറുകൾക്കു വഴിമാറിയിരിക്കുന്നത്. ടാക്സി കാറുകൾക്ക് ഗതാഗതവകുപ്പ് നിശ്ചയിച്ച ആയുസ്സ് 20 വർഷമായതിനാൽ ഇൗ കാലാവധിയായ കാറുകൾ ഓരോന്നായി പിൻവാങ്ങുകയായിരുന്നു. ഞായറാഴ്ചയോടെ അവസാനത്തെ പദ്മിനി ടാക്സിയും സർവീസ് മതിയാക്കി.

നഗരത്തിൽ ഓടിയ അവസാനത്തെ പ്രീമിയർ പദ്മിനി കാലി പീലി ടാക്സിയുടെ ഡ്രൈവർ അബ്ദുൽ കരീം കലേസ്കർ പ്രിയവാഹനത്തെക്കുറിച്ച് പറയുന്നു...
പ്രീമിയർ പദ്മിനി ടാക്സി കാർ ഇനി ഓടിക്കാൻ കഴിയില്ലെന്ന് ഓർക്കുമ്പോൾ വലിയ ദുഃഖമുണ്ട്. ചരിത്രത്തിൽ ഇടംപിടിച്ച വാഹനമാണ് എന്റേത്. പ്രീമിയർ പദ്മിനിയുടെ അവസാനത്തെ കാലി പീലി ടാക്സി ആയതിനാൽ, ഇൗ വാഹനം പുരാവസ്തുവായി സംരക്ഷിക്കണമെന്നാണ് എന്റെ ആവശ്യം. അതിന് ആർടിഒ അധികൃതരുടെയും യൂണിയൻ നേതാക്കളുടെയും സഹായം തേടിയിട്ടുണ്ട്.
എനിക്ക് മാരുതിയുടെ മറ്റൊരു വാഹനമുണ്ടെങ്കിലും അതിലും ഇഷ്ടം കാലപ്പഴക്കം ചെന്ന ഇൗ കാർ ഓടിക്കാനാണ്. ഇത് ഓടിക്കുമ്പോൾ ഒരുപാട് സ്നേഹം കിട്ടുമായിരുന്നു. പ്രീമിയർ പദ്മിനി വാഹനത്തിൽ യാത്ര ചെയ്യാനുള്ള ആഗ്രഹം കൊണ്ട് ചിലർ എന്നെ തേടി വരുമായിരുന്നു. അഭിനേതാക്കളായ കത്രീന കൈഫ്, മനോജ് ബാജ്പേയ് തുടങ്ങി ഒട്ടേറെ പ്രമുഖർ എന്റെ പ്രീമിയർ പദ്മിനി കാറിൽ യാത്ര ചെയ്തിട്ടുണ്ട്. ഇർഫാൻ ഖാന്റെ മകൻ മുംബൈ ദർശൻ യാത്ര നടത്തിയിട്ടുണ്ട്. ആലിയ ഭട്ട് അഭിനയിച്ച ഒരു പരസ്യം ഈ കാറിലാണ് ചിത്രീകരിച്ചത്.

കാലി പീലി പ്രീമിയർ പദ്മിനിയെക്കുറിച്ച് മുംബൈ മലയാളി സജേഷ് നമ്പ്യാർ (താനെ)
മായില്ല മനസ്സിൽ നിന്നൊരിക്കലും
‘മുംബൈയുടെ ജീവിതകഥകൾ ഇത്രയേറെ പങ്കുവയ്ക്കാൻ മറ്റാർക്കാണ് കഴിയുക? ഇൗ നഗരത്തിന്റെ ശ്വാസനിശ്വാസങ്ങൾ അറിയുന്ന ‘പ്രീമിയർ പദ്മിനി’ അഥവാ ‘കാലി പീലി’. എത്രയെത്ര യാത്രകൾ, എത്രയെത്ര ജീവിതങ്ങൾ, പ്രണയം, സന്തോഷം, ദുഃഖം, എല്ലാറ്റിനും സാക്ഷിയായിട്ടുണ്ട് മുംബൈയുടെ സ്വന്തം പ്രീമിയർ പദ്മിനി. വർഷങ്ങളായുള്ള ഓട്ടത്തിന് ബ്രേക്ക് വീണിരിക്കുന്നു.
കറുപ്പും മഞ്ഞയും ചേർന്നുള്ള ആ നിറം മുംബൈയുടെ നിറംപോലെയാണ്. വളരെ ചെറിയ തുകയ്ക്ക് യാത്ര ചെയ്യാം എന്നതാണ് ഇവയെ ഇത്രയേറെ പ്രിയപ്പെട്ടതാക്കിയത്. എത്ര പഴകിയ കാറായാലും സുഖകരമായ യാത്ര സാധ്യമായിരുന്നു. ഡ്രൈവർമാർക്ക് പ്രീമിയർ പദ്മിനി കാറുകൾ അവരുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. കെട്ടിടങ്ങളിലെ ഭാരിച്ച വാടക കാരണം പല ഡ്രൈവർമാരും താമസിച്ചിരുന്നത് ഈ വാഹനത്തിലാണ്. രണ്ട് ജോഡി ഡ്രസും ഒരു പ്രീമിയർ പദ്മിനിയുമായി മുംബൈയിൽ ജീവിതയോട്ടം തുടങ്ങി വിജയിച്ച ഒട്ടേറെ ഡ്രൈവർമാരുണ്ട്.
ടാക്സിയിൽ യാത്ര ചെയ്യുമ്പോൾ അനുഭവകഥ ചോദിച്ചാൽ വളരെ ആവേശപൂർവം അവർ വിവരിക്കും. ഒരു കാലത്ത് ഹിന്ദി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു പ്രീമിയർ പദ്മിനി. പുതിയ മോഡൽ എസി കാറുകൾ നിരത്ത് കീഴടക്കുമ്പോഴും മുംബൈയുടെ മനസ്സിൽ നിന്നു ‘പദ്മിനി’ മായില്ല. നഗരവാസികളുടെ മനസ്സിൽ, നഗരത്തിൽ നേരത്തേ വന്നുപോയവരുടെ മനസ്സിൽ, ഒട്ടേറെ ഓർമകളുമായി ‘പദ്മിനി’ ഓടിക്കൊണ്ടിരിക്കും.’