വാഗൺആറിൽ തുടങ്ങി മെഴ്‌സിഡീസിന്റെ ആഡംബരത്തിലേക്ക്; രഹാനെയുടെ മെയ്ബ എസ്‌യുവി
Mail This Article
മാരുതി വാഗൺ ആറിൽ നിന്നും തുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയുടെ യാത്രയ്ക്ക് ഇനി കൂട്ടാകുന്നത് മെഴ്‌സിഡീസ് മെയ്ബ ജി എൽ എസ് 600 ന്റെ അത്യാഡംബരമാണ്. ക്രിക്കറ്റിനൊപ്പം തന്നെ വാഹനങ്ങളെയും ഇഷ്ടപ്പെടുന്ന രഹാനെയുടെ ഗാരിജിലെത്തിയ ഒടുവിലത്തേതാണ് മെയ്‌ബ. ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡീസിന്റെ മെയ്ബ ജിഎല്‍എസ് 600 എസ്‌യുവി സെലിബ്രിറ്റികളുടെ ഇഷ്ട വാഹനങ്ങളിലൊന്നാണ്.
മുംബൈയിലെ മെഴ്‌സിഡീസ് വിതരണക്കാരായ ഓട്ടോഹാങ്ങറിൽ നിന്നാണ് രഹാനെ വാഹനം സ്വന്തമാക്കിയത്. പോളാർ വൈറ്റ് നിറത്തിലുള്ള വാഹനത്തിന് 2.96 കോടി രൂപയാണ് എക്സ് ഷോറൂം വില. താരം മെയ്ബ സ്വന്തമാക്കിയ വിവരം വിതരണക്കാരായ ഓട്ടോഹാങ്ങറാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഭാര്യക്കൊപ്പമെത്തിയാണ് രഹാനെ തന്റെ പുതിയ എസ് യു വി യുടെ ഡെലിവെറി സ്വീകരിക്കുന്നത്. മെയ്ബ കൂടാതെ, ബി എം ഡബ്ള്യു സിക്സ് സീരീസ്, ഔഡി തുടങ്ങിയ ആഡംബര വാഹനങ്ങളും രഹാനെയ്ക്ക് സ്വന്തമായുണ്ട്.
മെഴ്‌സിഡീസിന്റെ എസ് യു വി നിരയിലെ അത്യാഢംബര വാഹനങ്ങളിൽ പ്രധാനിയാണ് മെയ്ബ ജി എൽ എസ് 600. ആഡംബരത്തിന്റെ അവസാന വാക്കായ മെയ്ബയുടെ എക്സ്റ്റീരിയറും ഇന്റീരിയറും ഏറെ ആകർഷകമാണ്. പനോരാമിക് സൺ റൂഫ്, പിൻസീറ്റ് യാത്രക്കാർക്കു ഡിസ്പ്ലേ സ്ക്രീനുകൾ, വെന്റിലേറ്റഡ്, മസാജിങ് സീറ്റുകള്‍ എന്നുതുടങ്ങി നീളുകയാണ് മെയ്ബയിലെ ആഡംബര സൗകര്യങ്ങൾ. നാലു ലീറ്റർ ട്വീൻ ടർബോ വി 8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എൻജിനിൽ നിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്. വാഹനത്തിൽ ഒൻപത് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണുള്ളത്.
2021ൽ ഇന്ത്യൻ വിപണിയിലെത്തിയ ഈ ആഡംബര എസ്‌യുവിക്ക് ആവശ്യക്കാർ ഏറെയാണ്. നയൻതാര, ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, കൃതി സിനോൺ, നിധിൻ റെഡ്ഡി, റാം ചരൺ, ദീപിക പദ്കോൺ, ദുൽഖർ സൽമാൻ, രാകുൽ പ്രീത് തുടങ്ങിയ നിരവധി താരങ്ങൾ മെയ്ബ 600 ഉടമകളാണ്.