16,041 കാറുകൾ പരിശോധിക്കാൻ മാരുതി; നിങ്ങളുടെ വാഹനമുണ്ടോ എന്നറിയാം
Mail This Article
16000 വാഹനങ്ങൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ മാരുതി സുസുക്കി. ജനപ്രിയ ഹാച്ച്ബാക്കുകളായ വാഗൺ ആർ, ബലേനോ എന്നീ മോഡലുകളാണ് പരിശോധിക്കുന്നത്. 2019 ജൂലൈ 30 മുതൽ 2019 നവംബർ 01 വരെ നിർമിച്ച 11851 ബലേനോയും 4190 വാഗൺആറുമാണ് ഈ പട്ടികയിലുള്ളത്. ഫ്യൂവൽ പമ്പ് മോട്ടോറുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് പരിശോധിക്കുന്നത്. ഈ പ്രശ്‌നം മൂലം ചിലപ്പോൾ എൻജിൻ സ്റ്റാർട്ട് ആകാതിരിക്കാനിടയുണ്ട്.
സൗജന്യമായി വാഹനം പരിശോധിച്ച് തകരാറ് പരിഹരിക്കുന്നതിന് കാറുടമകളെ മാരുതി നേരിട്ട് ബന്ധപ്പെടും. മേല്‍പറഞ്ഞ കാലയളവിൽ നിർമിക്കപ്പെട്ട വാഹനമാണോ എന്നറിയുന്നതിനായി വാഹനത്തിന്റെ ചേസിസ് നമ്പർ മാരുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സർവീസ് ക്യാംപെയിൻ എന്ന ഭാഗത്തു നൽകിയാൽ മതിയാകും. അപ്പോൾ തന്നെ നിർമിക്കപ്പെട്ട കാലയളവ് വ്യക്തമാകും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള മാരുതിയുടെ വാഹനങ്ങളാണ് വാഗൺ ആറും ബലേനോയും. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 16889 യൂണിറ്റ് വാഗൺ ആർ വിറ്റ സ്ഥാനത്ത് ഈ വർഷം 19412 യൂണിറ്റ് ആയി ഉയർന്നുവെന്നാണ് ഔദ്യോഗികമായി മാരുതി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ബലേനോയും ഒട്ടും പുറകിലല്ല, 17517 യൂണിറ്റാണ് ഫെബ്രുവരിയിൽ വാഹനത്തിന്റെ വിൽപനകണക്ക്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കാറുകളിൽ മൂന്നാം സ്ഥാനത്താണ് ബലേനോ. ആ പട്ടികയിൽ ആദ്യ സ്ഥാനം കയ്യാളുന്ന വാഹനമാണ് വാഗൺ ആർ.
നിങ്ങളുടെ കാറുണ്ടോ എന്ന് പരിശോധിക്കാം