ടൊയോട്ടയുടെ ആഡംബര എസ്യുവിയ്ക്ക് മൂന്ന് കോടി; പുത്തൻ ലുക്കിൽ ലെക്സസ്

Mail This Article
ഫ്ളാഗ്ഷിപ്പ് എസ്യുവി എല്‍എക്സ് 500ഡിയുടെ 2025 മോഡല്‍ പുറത്തിറക്കി ടൊയോട്ടയുടെ ആഡംബര വാഹന ബ്രാന്‍ഡായ ലെക്സസ്. അര്‍ബന്‍, ഓവര്‍ട്രെയില്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ലെക്സസ് എല്‍എക്സ് 500ഡി ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇവക്ക് യഥാക്രമം മൂന്നു കോടി രൂപയും 3.12 കോടി രൂപയുമാണ് എക്സ് ഷോറൂം വില. എന്‍ജിനില്‍ മാറ്റമില്ലെങ്കിലും ഫീച്ചറുകളിലും സാങ്കേതികവിദ്യയിലും പുതുമകളുണ്ട്.
ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയിലാണ് ലെക്സസ് എല്‍എക്സ് 500ഡി അവതരിപ്പിച്ചത്. ഭാരം കുറവും കരുത്തു കൂടുതലുമുള്ള ലാഡര്‍ ഫ്രയിമിലാണ് ഈ എസ്യുവിയെ ലെക്സസ് ഒരുക്കിയിരിക്കുന്നത്. ഓവര്‍ട്രെയില്‍ വകഭേദം മൂണ്‍ ഡെസേര്‍ട്ട് നിറത്തിലും കറുപ്പു ഗ്രില്ലിലുമാണ് വരുന്നത്. ഫോഗ് ലാംപ് കവറുകളും റൂഫ് റെയിലും ഡോര്‍ മോള്ഡിങും വീല്‍ ആര്‍ക്ക് മോള്ഡിങും ഡോര്‍ ഹാന്‍ഡിലും ഒആര്വിഎമ്മുകളുമെല്ലാം കറുപ്പു നിറത്തിലാണ്. കട്ടിയേറിയ ടറുകളും കറുപ്പ് ബോഡി ക്ലാഡിങും കറുപ്പ് അലോയ് വീലും ഡാര്‍ക്ക് ക്രോം ട്രിമ്മുമെല്ലാം ചേര്‍ത്ത് ഈ വകഭേദത്തിന് കൂടുതല്‍ മസ്കുലാര്‍ ലുക്ക് നല്കാന് ലെക്സസ് ശ്രമിച്ചിട്ടുണ്ട്. കാക്കി ഇന്റീരിയറില്‍ മോണോലിത്ത് കളര്‍ സ്കീമാണ് നല്‍കിയിരിക്കുന്നത്.
10 വേ പവര്‍ അഡ്ജസ്റ്റബിളാണ് ഡ്രൈവര്‍ സീറ്റ്. പാസഞ്ചര്‍ സീറ്റ് 8 വേ പവര്‍ അഡ്ജസ്റ്റബിളാണ്. സീറ്റുകളില്‍ മസാജ് ഫങ്ഷനു പുറമേ ഹീറ്റഡ് ആന്റ് വെന്റിലേറ്റഡ് സൗകര്യവുമുണ്ട്. 12.3 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിനു പുറമേ 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 7 ഇഞ്ച് ടച്ച്സ്ക്രീന്‍ ഡ്രൈവ് ഡൈനാമിക്സും ലെക്സസ് എല്‍എക്സ് 500ഡിയിലുണ്ട്.
ഫോര്‍ സോണ്‍ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, മാര്‍ക്ക് വെവിന്സണ് 25 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, പിന് സീറ്റില്‍ 11.5 ഇഞ്ച് ടച്ച്സ്ക്രീനുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ, മള്‍ട്ടി ടെറൈന്‍ മോണിറ്റര്‍, ആക്ടീവ് നോയിസ് കണ്ട്രോള് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഒപ്പം നോര്‍മല്‍, ഇകോ, കംഫര്‍ട്ട്, സ്പോര്‍ട് എസ്, സ്പോര്‍ട് എസ്+ എന്നിങ്ങനെ അഞ്ചു ഡ്രൈവിങ് മോഡുകളും ലെക്സസ് സേഫ്റ്റി സിസ്റ്റം +3.0യും എല്‍എക്സ് 500ഡിയിലുണ്ട്. ഫൈന്‍ഡ് മൈ കാര്‍, വെഹിക്കിള്‍ ട്രാക്കിങ്, തെഫ്റ്റ് അലാം, വെഹിക്കിള്‍ ഹെല്‍ത്ത് സ്റ്റാറ്റസ് എന്നിങ്ങനെയുള്ള സൗകര്യങ്ങളുമുണ്ട്.
3.3 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി6 ഡീസല്‍ എന്‍ജിനാണ് കരുത്ത്. ലെക്സസിന്റെ ഏക ഡീസല്‍ മോഡല്‍ കൂടിയാണിത്. 4,000 ആര്‍പിഎമ്മില്‍ 304ബിഎച്ച്പി കരുത്തും 1,600-2,600 ആര്‍പിഎമ്മില്‍ 700എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 10 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സും ഫോര്‍വീല്‍ ഡ്രൈവ് സിസ്റ്റവുമുണ്ട്. സ്റ്റാന്‍ഡേഡായി സെന്റര്‍ ലോക്കിങും ഓവര്‍ട്രെയില്‍ വകഭേദത്തില്‍ മുന്നിലും പിന്നിലും പ്രത്യേകം ലോക്കിങ് സംവിധാനവുമാണുള്ളത്. ആക്ടീവ് ഹൈറ്റ് കണ്ട്രോളും അഡാപ്റ്റീവ് സസ്പെന്‍ഷനുമുള്ള മോഡലാണ് ലെക്സസ് എല്‍എക്സ് 500ഡി