വിശപ്പടക്കാനും മടങ്ങിവരാനും പണമില്ല; ഒരു മാസത്തിലേറെയായി കസഖ്സ്ഥാനിൽ കുടുങ്ങി മലയാളി ഉൾപ്പെടെ മൂന്ന് പേർ
Mail This Article
അസ്താന / പാറശാല ∙ എൺപതിനായിരം രൂപ മാസ വേതനത്തിൽ പ്ലമ്പർ ജോലി വാഗ്ദാനം ചെയ്തു കസഖ്സ്ഥാനിലെത്തിച്ച പാറശാല സ്വദേശിയും 2 തമിഴ്നാട്ടുകാരും തൊഴിൽ തട്ടിപ്പിനിരയായെന്നു പരാതി. ഒരു മാസത്തിലേറെയായി ഇവർ കുടുങ്ങിയിട്ട്. പാറശാല മുറിയതോട്ടം കുഞ്ചരംകോണം കണ്ണേറ്റുവീട്ടിൽ വി.വിപിനും(34) സംഘവുമാണു തട്ടിപ്പിനിരയായത്.
കഴിഞ്ഞ മാസം 30ന് വീസ കാലാവധി തീർന്നതിനാൽ അനധികൃത കുടിയേറ്റത്തിന്റെ പേരിൽ കസഖ്സ്ഥാൻ പൊലീസ് കേസെടുത്തു. 17,000 രൂപ പിഴയടച്ചാൽ മാത്രമേ ഇവർക്കു തിരിച്ചെത്താൻ കഴിയൂ. പിഴയൊടുക്കാനുള്ള പണമില്ലാത്തതിനാൽ ഒരു ഹോട്ടലിൽ കഴിയുകയാണ് ഇവർ. നാട്ടിലേക്കു മടങ്ങാനും പണമില്ല.
വീടുകളിൽനിന്ന് അയയ്ക്കുന്ന പണം കൊണ്ടാണ് ഇവർ വിശപ്പടക്കുന്നത്. കഴിഞ്ഞ മാസം 15ന് ആണു സംഘം കസഖ്സ്ഥാനിൽ എത്തിയത്. വിമാനത്താവളത്തിൽനിന്നു ഹോട്ടലിൽ എത്തിച്ച ശേഷം റോഡ് മാർഗം കിർഗിസ്ഥാനിൽ എത്തിക്കുമെന്നായിരുന്നു ഏജന്റ് നൽകിയ വിവരം.
ഹോട്ടലിൽ എത്തിയ ശേഷം ഏജന്റിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. പടന്താലുമ്മൂട്ടിലെ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം ജോലിക്കായി 1.80 ലക്ഷം രൂപ വീതം വിപിൻ ഉൾപ്പെടെ ഏഴു പേരിൽനിന്ന് വാങ്ങിയിരുന്നു. 2 പേർ കസഖ്സ്ഥാനിലേക്കു പോയില്ല.
നാട്ടിലേക്കു മടങ്ങണമെങ്കിൽ ഒരു മാസത്തെ ഹോട്ടൽ ബിൽ, പിഴ, വിമാനടിക്കറ്റിനുള്ള പണം ഉൾപ്പെടെ വൻതുക വേണ്ടി വരുമെന്നു വിപിൻ വീട്ടുകാരെ അറിയിച്ചു. വിപിനെ തിരിച്ചെത്തിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും വിപിന്റെ കുടുംബം നിവേദനം നൽകിയിട്ടുണ്ട്.