ADVERTISEMENT

ലണ്ടന്‍∙ ഡ്യൂക്ക് ഓഫ് എഡിന്‍ബറോ പുരസ്‌കാരത്തിന്റെ ഭാഗമായുള്ള നാവിഗേറ്റിങ് നൗ പോഡ്കാസ്റ്റ് സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി വിദ്യാര്‍ഥിനിയും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണില്‍ താമസിക്കുന്ന പത്തനംതിട്ട മുളക്കുഴ സ്വദേശി പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് - അനു ദമ്പതികളുടെ മകള്‍ അബിയ ജോര്‍ജിനാണ്(15) നാവിഗേറ്റിങ് നൗ ലൈവ് പോഡ്കാസ്റ്റില്‍ സഹ ആഥിതേയത്വം വഹിക്കുന്നതിന് അവസരം ലഭിച്ചത്. ഡ്യൂക്ക് ഓഫ് എഡിന്‍ബറോയുടെ മല്‍സരാര്‍ഥികളില്‍ നിന്നു തിരഞ്ഞെടുത്ത പ്രതിഭകള്‍ക്കുള്ള വെങ്കല പുരസ്‌കാരം അബിയ നേടിയിരുന്നു. ഇവരില്‍ നിന്ന് ഓഡിഷനിലൂടെയാണ് പോഡ്കാസ്റ്റിന്റെ ഭാഗമാകാന്‍ അവസരം ഒരുങ്ങിയത്. 

ബിബിസി മാധ്യമപ്രവര്‍ത്തക ക്രൈവ് മൈറി, ടിവി ഷെഫ് മാറ്റ് ടെബ്ബറ്റ്, ബ്രോഡ്കാസ്റ്റര്‍ വിക് ഹോപ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നാവിഗേറ്റിങ് നൗവിന്റെ ആദ്യ രണ്ടു ബോണസ് പോഡ്കാസ്റ്റ് എപ്പിസോഡുകളില്‍ അബിയ ഭാഗമായിട്ടുണ്ട്. ബ്രോഡ്കാസ്റ്ററും അംഗപരിമിത ആക്ടിവിസ്റ്റുമായ ലൂസി എഡ്വാര്‍ഡ്, മാനസികാരോഗ്യ വിദഗ്ധ സബ്രിന കോഹെന്‍ ഹാറ്റൊണ്‍, യാത്രാ വിവരണ മാധ്യമ പ്രവര്‍ത്തകന്‍ ആഷ് ഭരദ്വാജ് എന്നിവരും പോഡ്കാസ്റ്റിന്റെ ഭാഗമായി. അബിയയ്‌ക്കൊപ്പം പോഡ്കാസ്റ്റ് സംഘത്തില്‍ ക്രെയ്ഗ്, കട്രിന, എല്‍സി, ഒനി, ബ്രിസ്റ്റളില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിനി അനിഘ എന്നിവരുമുണ്ട്. 14 മുതല്‍ 24 വയസ്സുവരെയുള്ള ഏഴ് അംഗങ്ങളാണ് എപ്പിസോഡുകളിലുള്ളത്. 

malayali-student-part-of-the-duke-of-edinburgh-award-podcast-team3

ആഗോള, രാഷ്ട്രീയ വിഷയങ്ങള്‍ക്കു പുറമേ സമൂഹമാധ്യമങ്ങളുമായും കരിയറുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ചോദ്യങ്ങളായി വരുന്നതാണ് ഷോ. അബിയ പങ്കെടുത്തആദ്യ പോഡ്കാസ്റ്റില്‍ ജീവിത ചെലവ് പ്രതിസന്ധിയും മുതിര്‍ന്ന ഒരാള്‍ ആകുന്നതിന്റെ സമ്മര്‍ദവും എന്നതായിരുന്നു വിഷയം. വ്യത്യസ്തങ്ങളായ ആശയങ്ങള്‍ ഇക്കാര്യത്തില്‍ അംഗങ്ങള്‍ പങ്കു വച്ചപ്പോള്‍ മുതിര്‍ന്ന ഒരാള്‍ ആകുന്നതിനെക്കുറിച്ച് ആകുലപ്പെടാതെ അതിലേയ്ക്കു ചാടിക്കയറുകയാണു താന്‍ ചെയ്തത് എന്നാണ് പോഡ്കാസ്റ്റില്‍ പങ്കെടുത്ത ടിവി ഷെഫ് മാറ്റ് ടെബ്ബറ്റ് വിശദീകരിച്ചത്. അതേ സമയം താന്‍ എല്ലാം പ്ലാന്‍ ചെയ്തു മുന്നോട്ടു പോകുന്നതിനാണു താല്‍പര്യപ്പെടുന്നത് എന്നായിരുന്നു അബിയയുടെ നിലപാട്. 

malayali-student-part-of-the-duke-of-edinburgh-award-podcast-team1

15 വയസ്സുകാരിയായ ഞാന്‍ വിവാഹം കഴിക്കുമ്പോള്‍ ചടങ്ങില്‍ 125 പേര്‍ എങ്കിലും പങ്കെടുക്കാനുണ്ടാവും. അന്ന് വിവാഹത്തില്‍ പങ്കെടുക്കേണ്ട 39 പേര്‍ ആരൊക്കെ എന്നതില്‍ പോലും കൃത്യമായ പ്ലാന്‍ ഇപ്പോഴേ തയാറാക്കിയിട്ടുണ്ട് എന്നായിരുന്നു അബിയ തന്റെ മുന്‍കൂട്ടി തയാറാകലിനെ വിശദീകരിച്ചത്. അതുകൊണ്ടു തന്നെ തനിക്ക് ‘ചാടിക്കടന്നു’ മുതിര്‍ന്ന ഒരാളാകാന്‍ സാധിക്കില്ലെന്നും അഭിപ്രായപ്പെട്ടു. അതേ സമയം മാറ്റ് പറഞ്ഞതുപോലെ ഒഴുക്കിനൊപ്പം പോയി ജീവിതത്തെ വരും പോലെ സ്വീകരിക്കുന്നതു സമ്മര്‍ദമില്ലാതെ മുന്നോട്ടു പോകാന്‍ സഹായിക്കുമെന്നു സമ്മതിക്കുകയും ചെയ്യുന്നുണ്ട് പോഡ്കാസ്റ്റില്‍ അബിയ.

യുവാക്കളെ ഇന്നു കൂടുതല്‍ ആശങ്കയിലാക്കുന്നത് മാനസീക ആരോഗ്യം സംബന്ധിച്ച വിഷയമാണെന്നും മുതിര്‍ന്നവരാകുക എന്നതില്‍ ഇതു സംബന്ധിച്ച ആശങ്ക യുവാക്കളിലുണ്ടെന്നും യൂത്ത് വോയ്‌സ് 2024 കണ്ടെത്തിയിട്ടുണ്ടെന്ന് അബിയ പറയുന്നു. മാറ്റിന്റെ ഉപദേശം സ്വീകരിച്ചാല്‍ മാനസിക സമ്മര്‍ദമില്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കും. ഒരു കാര്യത്തെക്കുറിച്ച് ഏറെ ചിന്തിച്ചാല്‍ കാര്യങ്ങള്‍ എതിര്‍ ദിശയിലായിരിക്കും നടക്കുക  - അബിയ അഭിപ്രായപ്പെടുന്നു. 

യുവാക്കളെ ഭാവിക്കു വേണ്ടി സ്വയം പ്രാപ്തരാക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനായി അന്തരിച്ച ഫിലിപ്പ് രാജകുമാരന്‍ ആരംഭിച്ച ട്രസ്റ്റാണ് ഡ്യൂക്ക് ഓഫ് എഡിന്‍ബറോ ട്രസ്റ്റ്. രാജകുടുംബത്തിന്റെ മേല്‍നോട്ടത്തിലുള്ള ഈ ട്രസ്റ്റിന്റെ നേതൃത്വനത്തില്‍ മികവുതെളിയിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നാണ് സ്വര്‍ണം, വെള്ളി, വെങ്കല മെഡല്‍ ജേതാക്കളെ കണ്ടെത്തുന്നത്. ഇതില്‍ വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് വെള്ളി, സ്വര്‍ണ മെഡലുകളിലേയ്ക്കു മല്‍സരിക്കാന്‍ അവസരമുണ്ടാകും. വെള്ളി, സ്വര്‍ണ മെഡലുകളിലേയ്ക്കുള്ള ചുവടു വയ്പിലാണ് വെങ്കല മെഡല്‍ ജേതാവായ അബിയ. ഇതിന്റെ ഭാഗമായുള്ള പോഡ്കാസ്റ്റാണ് നാവിഗേറ്റിങ് നൗ. 

ട്രസ്ര്റ്റിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീളുന്ന മല്‍സര പരിപാടികളിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്നത്. മാപ്പിന്റെ സഹായത്തോടെ കയ്യിലുള്ള ഭക്ഷണം മാത്രം ഉപയോഗിച്ച് കാട്ടിലൂടെ ഒരു രാത്രിയും രണ്ടു പകലുമായി 21 മൈലുകളില്‍ ഏറെ നടക്കുന്നത് ഉള്‍പ്പടെ വിവിധ മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയാണ് അബിയ ഉള്‍പ്പടെയുള്ള സംഘം വെങ്കലം നേടിയത്. വെള്ളിക്കായി നാലു ദിവസവും സ്വര്‍ണത്തിനായി അഞ്ചു ദിവസവും ഇത്തരത്തില്‍ നടന്നു വേണം മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കാന്‍. പാടാനുള്ള കഴിവ്, സംഘാടന ശേഷി, സ്‌പോര്‍ട്‌സ് തുടങ്ങിയ മൊഡ്യൂളുകളിലും അബിയ കഴിവു തെളിയിച്ചിരുന്നു. 

പോഡ്കാസ്റ്റ് ഇവിടെ ലഭിക്കും.

English Summary:

A Malayali student part of the Duke of Edinburgh Award podcast team.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com