യുക്രെയ്നിന് അധിക സൈനിക സഹായം നൽകാൻ ജർമനി

Mail This Article
ബർലിൻ ∙ ജർമനിയുടെ പാർലമെന്റിന്റെ അധോസഭയായ ബുണ്ടെസ്റ്റാഗിന്റെ ബജറ്റ് കമ്മിറ്റി 2025ൽ യുക്രെയ്നിന് 3 ബില്യൻ യൂറോ അധിക സൈനിക സഹായവും 2026 മുതൽ 2029 വരെ മറ്റൊരു 8.3 ബില്യൻ യൂറോയും അനുവദിച്ചു. 2025ലെ ബജറ്റിൽ ഇതിനകം ആസൂത്രണം ചെയ്ത യുക്രെയ്നിന് 4 ബില്യൻ യൂറോ സൈനിക സഹായത്തിന് മുകളിലാണ് 3 ബില്യൺ യൂറോ പാക്കേജ് വരുന്നത്.
വിയോജിപ്പുകൾക്കിടയിൽ അധിക ഫണ്ടുകൾ മാസങ്ങളോളം നിർത്തിവച്ചിരിക്കുകയായിരുന്നു. ഇതാവട്ടെ ഒടുവിൽ ചാൻസലർ ഒലാഫ് ഷോൾസിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിന്റെ തകർച്ചയിലേക്ക് നയിച്ചു. പ്രതിരോധ ചെലവുകൾക്കായുള്ള രാജ്യത്തിന്റെ കർശനമായ കട നിയമങ്ങൾ ലഘൂകരിക്കുന്ന ഒരു പ്രധാന പുതിയ ചെലവ് പാക്കേജിന് വെള്ളിയാഴ്ച ജർമൻ പാർലമെന്റിന്റെ ഉപരിസഭയുടെ അന്തിമ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ജർമനിയുടെ അധിക ധനസഹായം നൽകൽ.