സൗദിയിൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക; അശ്രദ്ധകൾക്ക് ഇന്ന് മുതൽ പിഴ വീഴും
Mail This Article
റിയാദ്∙ സൗദിയിലെ റോഡുകളിലെ സിഗ്നലുകളിൽ ഇന്ന് മുതൽ(തിങ്കൾ) വാഹനം വലതു വശത്തേക്ക് തിരിക്കും മുൻപ് ഒന്നു നിർത്തി പരിസരം ശ്രദ്ധിക്കുന്ന കാര്യം ( സ്റ്റോപ്പ് ആൻഡ് പ്രൊസീഡ്) മറന്നാൽ പിഴ ലഭിക്കുമെന്നത് പ്രത്യേകം ഓർക്കുക. തിങ്കളാഴ്ച മുതൽ ഫ്രീ റൈറ്റ് സിഗ്നലുകളിൽ വലത്തേക്ക് പോകുന്നതിനായി നിർത്താതെ തിരിഞ്ഞു പോകുന്ന വാഹനങ്ങളുടെ ഓട്ടം നീരീക്ഷിക്കും. നിയമം തെറ്റിച്ച് ഓടിക്കുന്നവർക്ക് പിഴ ശിക്ഷ ലഭിക്കുമെന്നു ഗതാഗത മന്ത്രാലയം അറിയിച്ചു.
ഫ്രീറൈറ്റ് സൂചന ബോർഡുകൾ ഉള്ള സിഗ്നലുകളിൽ കുറഞ്ഞത് അഞ്ചു സെക്കൻഡ് നിർത്തി വേണം വാഹനം വലത്തേക്ക് എടുക്കേണ്ടത് എന്നുള്ള മുന്നറിയിപ്പ് മന്ത്രാലയം മാസങ്ങൾക്ക് മുൻപേ നൽകിയിരുന്നു. എന്നാൽ ചില ഇടങ്ങളിലെ കാമറകളിൽ ഇത്തരം പിഴ ലഭിക്കുമായിരുന്നില്ല. ഈ മാസം 27 മുതൽ ഇനിയങ്ങോട്ട് എല്ലാ സിഗ്നലുകളിലം ക്യാമറകളിൽ കർശനമായി നിരീക്ഷിക്കുകയും വാഹനം നിർത്താതെ നിയമം തെറ്റിച്ച് പാഞ്ഞ് പോകുന്നത് ക്യാമറകളിൽ പകർത്തപ്പെടുമെന്നും അത്തരക്കാർക്ക് പിഴ ലഭിക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.