ADVERTISEMENT

അബുദാബി ∙ മധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ ഹിന്ദു ശിലാക്ഷേത്രമായ അബുദാബി ബാപ്സ് ഹിന്ദു മന്ദിറിന്‍റെ സമർപ്പണ ചടങ്ങിനായി യുഎഇയിലെത്തിയ മുഖ്യ പുരോഹിതനും ആഗോള ഹിന്ദു ആത്മീയാചാര്യനുമായ സ്വാമി മഹന്ത് മഹാരാജിന് യുഎഇഭരണകൂടം അബുദാബിയിൽ ഗംഭീര വരവേൽപ് നൽകി.

abu-dhabi-baps-hindu-mandir
അബുദാബി – ദുബായ് ഹൈവെയിൽ നിന്ന് മാറി അബു മുറൈഖയിലാണ് അബുദാബി സർക്കാർ നൽകിയ 27 ഏക്കർ സ്ഥലത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

ഗുജറാത്തിലെ സൂറത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ അബുദാബി അൽ ബത്തീൻ വിമാനത്താവളത്തിലെത്തിയ സ്വാമി മഹാരാജിനെ യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, ഉന്നത ഗവണ്മെന്‍റ്  ഉദ്യോഗസ്ഥർ, അബുദാബി ബാപ്സ് ക്ഷേത്രമേധാവി സ്വാമി ബ്രഹ്മവിഹാരിദാസ്, മറ്റ് ക്ഷേത്ര ഭാരവാഹികൾ എന്നിവർ  ചേർന്ന് സ്വീകരിച്ചു. യുഎഇയുടെ പരമ്പരാഗത വാദ്യഘോഷങ്ങളുടെയും നൃത്തത്തിന്‍റെയും അകമ്പടിയോടെയായിരുന്നു സ്വീകരണം. ഈ മാസം 14ന്  ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം  പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. അബുദാബി – ദുബായ് ഹൈവെയിൽ നിന്ന് മാറി അബു മുറൈഖയിലാണ് അബുദാബി സർക്കാർ നൽകിയ 27 ഏക്കർ സ്ഥലത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

abu-dhabi-baps-hindu-mandir
ഉദ്ഘാടന പരിപാടിയിൽ യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖകരും മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കും. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙ ഇന്ത്യയും യുഎഇയും തമ്മിലുള്ള  ഐക്യമുദ്ര
ഇന്ത്യയും യുഎഇയും തമ്മിലുള്ള ശാശ്വതമായ സൗഹൃദം, ഐക്യം സഹകരണം എന്നിവയ്ക്കായി സാംസ്കാരിക പാലം പണിയുന്നതാണ് ഈ ക്ഷേത്രം. യുഎഇയുടെ സ്നേഹമാണ് പദ്ധതി സാധ്യമാക്കിയത്. സർക്കാരും ഭരണാധികാരികളും പൂർണ പിന്തുണ നൽകി.  പ്രസിഡന്‍റും 2015ൽ  അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഭൂമി സംഭാവന നൽകിയത്. മന്ദിരം നിർമിക്കാൻ ആദ്യം 13.5 ഏക്കർ സ്ഥലം നല്‍കുകയും പിന്നീട് സഹിഷ്ണുതാവർഷമാചരിച്ച 2019 ജനുവരിയിൽ 13.5 ഏക്കർ ഭൂമി കൂടി അനുവദിച്ചു. യുഎഇ ഭരണാധികാരികളുടെ സ്നേഹവും ആദരവും ഹൃദയസ്പർശിയാണെന്ന് സ്വാമി മഹന്ത് പറഞ്ഞു.


പരമ്പരാഗത നൃത്തമായ അൽ അയ്യാലയും ഡ്രമ്മർമാർ, ഗാനമേളക്കാർ എന്നിവരുടെ പ്രകടനങ്ങളും മറ്റു പരമ്പരാഗത സാംസ്കാരിക പരിപാടികളും സാധാരണയായി ദേശീയ അവധി ദിനങ്ങൾക്കായി നീക്കിവച്ചവയാണ്. കൂടാതെ, യുഎഇയിലെത്തുന്ന വിവിധ രാഷ്ട്രത്തലവന്മാരുടെ സ്വാഗത ചടങ്ങുകൾക്കും അവതരിപ്പിക്കാറുണ്ട്. ഇതാദ്യമായാണ് ഇതര മതത്തിന്‍റെ ആത്മീയാചാര്യനെത്തുമ്പോൾ ഈ പരിപാടികൾ അരങ്ങേറുന്നതെന്ന് ബാപ്സ് ഹിന്ദു മന്ദിർ അധികൃതർ പറഞ്ഞു. 

∙ 'ഫെസ്റ്റിവൽ ഓഫ് ഹാർമണി'
ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്തി, വിനയം, സേവനം എന്നീ ഗുണങ്ങളിലൂടെ പ്രചോദനമേകുന്ന ഗുരുവാണ് സ്വാമി മഹന്ത്. ഐതിഹാസികമായ മന്ദിരത്തിന്‍റെ ഉദ്ഘാടനം ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ 'ഫെസ്റ്റിവൽ ഓഫ് ഹാർമണി' യിലൂടെ ആഘോഷിക്കും. ഉദ്ഘാടനം പരിപാടിയിൽ യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖകരും മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കും. ഇതിനകം ഓൺലൈനിൽ സന്ദർശനത്തിന് സമയം ബുക്ക് ചെയ്തവരെ 18ന്  പ്രവേശിപ്പിച്ചുതുടങ്ങും. എന്നാൽ, തിരക്ക് കാരണം യുഎഇയിലുള്ളവർ മാർച്ച് ഒന്നുമുതൽ മാത്രമേ ക്ഷേത്ര സന്ദർശനത്തിന് ശ്രമിക്കാവൂ എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.  

English Summary:

Abu Dhabi BAPS Mandir opening! Warm welcome to Mahant Swami Maharaj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com