പുസ്തക വിൽപനക്കാരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഷാർജയിൽ സമ്മേളനം
Mail This Article
ഷാർജ ∙ മൂന്നാമത് രാജ്യാന്തര പുസ്തക വിൽപനക്കാരുടെ സമ്മേളനം ഏപ്രിൽ 27 മുതൽ 28 വരെ ഷാർജയിലെ എക്‌സ്‌പോ സെൻ്ററിൽ നടക്കുമെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൻ ഷെയ്ഖ ബൊദൂർ ബിൻത് അൽ ഖാസിമി പറഞ്ഞു. സഹകരണത്തിനും വളർച്ചയ്ക്കുമായി വ്യവസായ പ്രമുഖരെ ഒന്നിപ്പിക്കുകയാണ് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിന് മുന്നോടിയായായുള്ള ദ്വിദിന സമ്മേളനത്തിൻ്റെ ലക്ഷ്യം.
പുസ്തക വിൽപനക്കാർ, വിതരണക്കാർ, പ്രസാധകർ എന്നിവരുടെ സംഗമ വേദിയായ പരിപാടി ലോകത്ത് തന്നെ ആദ്യത്തേതാണ്. ഈ വ്യവസായത്തിലെ സുപ്രധാന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനും സമ്മേളനം പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ. നെറ്റ്‌വർക്കിങ്, പങ്കാളിത്തം വളർത്തുക, പുതിയ ബിസിനസ്സ് വഴികൾ പര്യവേക്ഷണം ചെയ്യുക, കൈമാറ്റം ചെയ്യുക, വെല്ലുവിളികളെ നേരിടുക, വിപണിയുടെ ഡിജിറ്റലിലെ മുന്നേറ്റങ്ങൾ, ഏറ്റവും പുതിയ ട്രെൻഡുകളും തന്ത്രങ്ങളും തുടങ്ങിയ വിഷയങ്ങളും അവതരിപ്പിക്കും.
പ്രഭാഷണങ്ങൾ, വട്ടമേശ സംവാദങ്ങൾ, ശിൽപശാലകൾ എന്നീ സെഷനുകളിൽ പുസ്തക വിൽപനക്കാർ, പ്രസാധകർ, വിദഗ്ധർ, മേഖലാ നേതാക്കൾ എന്നിവർ പങ്കെടുക്കും. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടിനനുസരിച്ചാണ് സമ്മേളനമെന്ന് എസ്ബിഎ സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു. മുൻവർഷങ്ങളിൽ നടന്ന സമ്മേളനം വൻ വിജയമായിരുന്നു.