ADVERTISEMENT

അബുദാബി ∙ സമൂഹമാധ്യമങ്ങളിലെ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ കൂടുന്ന സാഹചര്യത്തിലാണ് എംബസി ബോധവൽക്കരിക്കുന്നത്. ആകർഷക ശമ്പളം, ആനുകൂല്യം, കുറഞ്ഞ ജോലി, സമ്മാനപദ്ധതി തുടങ്ങിയ വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവരെ കരുതിയിരിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. 

തൊഴിൽ അന്വേഷകരെയും പാർട്‌–ടൈം ജോലി ചെയ്യുന്നവരെയുമാണ് സംഘം പ്രധാനമായി ലക്ഷ്യമിടുന്നത്. ലളിതമായ ജോലിക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുക, ചെറിയ തുക ആദ്യം നൽകി ആകർഷിക്കുക, ഒളിഞ്ഞിരിക്കുന്ന ഫീസും മറ്റു ചെലവുകളും  മറച്ചുവയ്ക്കുക, മുൻകൂറായി പണമോ നിക്ഷേപമോ ആവശ്യപ്പെടുക, വിശ്വാസത്തിലെടുത്ത ശേഷം വലിയ തുക ആവശ്യപ്പെടുക, വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും നൽകാൻ നിർബന്ധിക്കുക, കമ്പനിയെക്കുറിച്ചോ ഇടപാടുകളെ കുറിച്ചോ സുതാര്യതയില്ലായ്മ തുടങ്ങിയ സന്ദർഭങ്ങളിൽ ജാഗ്രത വേണം.

പൊലീസിൽ അറിയിക്കണം
ജോലിയോ സമ്മാനമോ നിക്ഷേപ അവസരമോ മറ്റോ വാഗ്ദാനം ചെയ്യുന്ന കമ്പനിയെക്കുറിച്ച് വിശദമായി പഠിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അവരുമായി ബന്ധപ്പെടാവൂ. വ്യക്തിഗത, ബാങ്ക് വിവരങ്ങൾ ഒരുതരത്തിലും കൈമാറരുത്. സംശയാസ്പദമാണെങ്കിൽ പൊലീസിലോ സൈബർ വിഭാഗത്തിലോ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ് വഴിയോ ഉടൻ റിപ്പോർട്ട് ചെയ്യണം.

വ്യാജ ലിങ്ക് തുറക്കരുത്
സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് കൈമാറുന്നതിന് നിശ്ചിത ലിങ്കിൽ പ്രവേശിച്ച് വ്യക്തിഗത, ബാങ്ക് വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെടുന്ന തട്ടിപ്പുണ്ട്.

അതിൽ പ്രവേശിച്ച് രഹസ്യവിവരങ്ങൾ നൽകിയാൽ ബാങ്ക് അക്കൗണ്ട് കാലിയാകും. പ്രമുഖരുടെയോ കമ്പനികളുടെയോ വ്യാജ പ്രൊഫൈലുകളും അക്കൗണ്ടുകളും സൃഷ്ടിച്ചും തട്ടിപ്പ് നടത്തുന്നതും വ്യാപകമാണ്. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നവർ മുൻകൂർ ഫീസ് ആവശ്യപ്പെടുന്നെങ്കിൽ സൂക്ഷിക്കണം. അറിയാത്ത സ്രോതസ്സിൽ നിന്നുള്ള വിദൂര ജോലി വാഗ്ദാനവും നഷ്ടത്തിൽ കലാശിക്കും.

വാഗ്ദാനങ്ങളിൽ വീഴരുത്
ബാങ്കിൽനിന്നാണെന്നും യുഎഇ സർക്കാർ കേന്ദ്രങ്ങളിൽ നിന്നാണെന്നും പറഞ്ഞ് ഫോൺ, വാട്സാപ്, ഇ–മെയിൽ വഴി സമീപിക്കുന്നവരെയും സംശയത്തോടെ കാണണം. കുറഞ്ഞ കാലയളവിലേക്ക് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് എത്തുന്നവരെയും കരുതിയിരിക്കണം. വ്യാജ സാക്ഷ്യപത്രങ്ങളിലും കെട്ടിച്ചമച്ച വിജയഗാഥകളിലും വീഴരുത്. 

English Summary:

Indian Embassy in Abu Dhabi Warns of Social Media Job Scams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT