ADVERTISEMENT

ആലപ്പുഴ∙ വളരെ അപകടകാരികളായ കുറുവ സംഘം! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറയുന്നത് കുറുവ മോഷണ സംഘമാണ്. ആലപ്പുഴയിലെ മോഷണകേസിൽ പ്രതികളായ കുറുവ സംഘത്തെ തേടി എറണാകുളത്തെത്തിയ പൊലീസിനെ കുറുവ സംഘം ആക്രമിച്ചു. കൈവിലങ്ങോടെ നഗ്നനായി കുറ്റികാട്ടിലൊളിച്ച കുറുവ സംഘാംഗത്തെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്. ആരാണ് കുറുവ?

ആയുധധാരികളായ മോഷ്ടാക്കളുടെ സംഘം എന്ന അർഥത്തിൽ തമിഴ്നാട് ഇന്റലിജൻസ് ആണ് കുറുവ സംഘം എന്ന പേരിട്ടത്. തമിഴ്നാട് തിരുച്ചിറപ്പള്ളിക്കടുത്ത റാംജി നഗർ ആണു പണ്ട് തിരുട്ടുഗ്രാമമായി അറിയപ്പെട്ടിരുന്നത്. ഈ ഗ്രാമവാസികളെ കുറുവ സംഘമെന്നു വിളിച്ചു. എന്നാൽ ഇപ്പോഴത്തെ കുറുവ സംഘത്തിൽ ഉള്ളവർ ഒരേ ഗ്രാമക്കാരല്ല. തമിഴ്നാട്ടിൽ തന്നെ ഒട്ടേറെ കുപ്രസിദ്ധ തിരുട്ടുഗ്രാമങ്ങൾ ഉണ്ട്. അവിടെ നിന്നുള്ളവരെല്ലാം ഈ സംഘത്തിലുണ്ട്.

തമിഴ് തിരുട്ടുഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണ് കുറുവ. മോഷ്ടിക്കാനായി കൊല്ലാൻ പോലും മടിയില്ലാത്തവരുടെ കൂട്ടം. കുറുവ സംഘം ആക്രമണകാരികളാണ്. ഇരുമ്പുകമ്പിയോ മറ്റോ കൊണ്ടുനടക്കും. വാതിലിന്റെ കുറ്റി എടുക്കാനും എതിർപ്പുണ്ടായാൽ ആക്രമിക്കാനുമാണിത്. രണ്ടുപേർ വീതമാണു മിക്കയിടത്തും കവർച്ചയ്ക്കെത്തുന്നത്. സുരക്ഷ കുറ‍ഞ്ഞ പിൻവാതിലുകൾ അനായാസം തുറന്ന് അകത്തു കടക്കും. ആലപ്പുഴയിലെ മണ്ണഞ്ചേരിയിലും കളർകോട്ടും മോഷണം നടത്തിയതു കുറുവ സംഘത്തിൽപെട്ടവർ തന്നെയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഡിവൈഎസ്പി: എം.ആർ.മധുബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

കഴിഞ്ഞ ദിവസം കളർകോട്ട് കളരിയഭ്യാസിയുടെ അടിയേറ്റ മോഷ്ടാവിന്റെ മൂക്കിലെ അസ്ഥിക്കു പൊട്ടലുണ്ടായിരിക്കാമെന്ന നിഗമനത്തിൽ ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കളർകോ‌ട് മാളിയേക്കൽ വീട്ടിൽ വിപിൻ ബോസ് (26) കുടുംബത്തിന് ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് കുറുവസംഘാംഗമെന്ന് സംശയിക്കുന്നയാളുമായി മൽപിടിത്തം നടത്തിയത്. കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും അയാളുടെ ദേഹമാകെ എണ്ണ പുരട്ടിയിരുന്നതിനാൽ രക്ഷപ്പെട്ടു. സമീപത്തെ വീടിന്റെ മതിലിനു പിന്നിലേക്ക് ഒരാൾ മറയുന്നത് വിപിൻബോസ് കണ്ടു. മോഷ്ടാവാണെന്ന് മനസ്സിലാക്കി കടന്നു പിടിച്ചു. അയാൾ കയ്യിലിരുന്ന മെറ്റൽ കൊണ്ട് ആക്രമിച്ചു. വിപിൻ ബോസിന്റെ കീഴ്ചുണ്ട് മുറിഞ്ഞു. ഇതേ സമയം തിരിച്ച് മുഖത്തേക്ക് വിപിൻ ഇടിച്ചപ്പോൾ മോഷ്ടാവിന്റെ മൂക്കും മുറിഞ്ഞു. 

English Summary:

Who Are the Kuruva Gang? Unmasking the Notorious Criminals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com