ഇന്ത്യ യുഎഇ വ്യാപാരം കുതിക്കുന്നു; 3 വർഷം പിന്നിട്ട് സെപ കരാർ

Mail This Article
അബുദാബി ∙ ഇന്ത്യാ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) നിലവിൽ വന്ന് 3 വർഷം പൂർത്തിയാകുമ്പോൾ വ്യാപാരത്തിൽ ഇരട്ടി വർധന. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 8370 കോടി ഡോളറിലെത്തി. 2030ഓടെ 10,000 കോടി ഡോളറിന്റെ എണ്ണ ഇതര വ്യാപാരമാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ 9 മാസങ്ങളിലെ വ്യാപാരം 7180 കോടി ഡോളറിലെത്തിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2021 സാമ്പത്തിക വർഷത്തിലെ 4330 കോടി ഡോളറിൽ നിന്നാണ് 2024 സാമ്പത്തിക വർഷത്തിൽ 8370 കോടി ഡോളറായി ഉയർന്നത്. ഇതു കൂടുതൽ രാജ്യങ്ങളുമായി സെപ ഒപ്പുവയ്ക്കാൻ യുഎഇയെ പ്രേരിപ്പിച്ചു. കഴിഞ്ഞദിവസം യുക്രെയ്നുമായും യുഎഇ കരാർ ഒപ്പിട്ടു.
∙ വളർച്ചയിൽ കുതിപ്പ്
സെപ കരാർ പ്രകാരം യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ഗണ്യമായ വർധനയുണ്ടായി. 2023-2024 സാമ്പത്തിക വർഷം എണ്ണ ഇതര കയറ്റുമതി 2740 കോടി ഡോളറിലെത്തി. ഇലക്ട്രിക്കൽ മെഷിനറികൾ, ഹൈടെക് ഉൽപന്നങ്ങൾ, ഓർഗാനിക് രാസവസ്തുക്കൾ, സ്മാർട്ട് ഫോണുകൾ എന്നീ മേഖലകളിൽ 25.6% വാർഷിക വളർച്ച രേഖപ്പെടുത്തി. 2024 സാമ്പത്തിക വർഷത്തിൽ 257 കോടി ഡോളർ മൂല്യമുള്ള കയറ്റുമതി നടന്നു.
2024 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ദുബായിൽ ഉദ്ഘാടനം ചെയ്ത ഭാരത് മാർട്ട് പോലുള്ള സംരംഭങ്ങൾ സെപ വിജയത്തിന് ഉദാഹരണമാണ്. ഈ പ്ലാറ്റ്ഫോം ഇന്ത്യൻ നിർമാതാക്കൾക്ക് ആഗോള വിപണികളിലേക്കുള്ള പ്രവേശനം എളുപ്പമാക്കി.
∙ കയറ്റുമതി
ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങൾ, രാസവസ്തുക്കൾ, രത്നങ്ങൾ, ആഭരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, വസ്ത്രങ്ങൾ, അരി, പഴം, പച്ചക്കറി, പയർ വർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് ഇന്ത്യ യുഎഇയിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
∙ ഇറക്കുമതി
അസംസ്കൃത എണ്ണ, പെട്രോളിയം ഉൽപന്നങ്ങൾ, ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി), സ്വർണം, വിലകൂടിയ ലോഹങ്ങൾ, വജ്രം ഇന്ത്യ പ്രധാനമായും യുഎഇയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്.