304 കിലോമീറ്റർ വേഗം, വാഹനങ്ങൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും റോഡിൽ യുവാവിന്റെ 'ഷോ'; മാസായി പൊലീസ്, വാഹനം തിരികെ കിട്ടാൻ 50,000 ദിർഹം?

Mail This Article
ദുബായ് ∙ ദുബായ് റോഡിലൂടെ വാഹനത്തിൽ പറന്ന യുവാവിന് പൊലീസിന്റെ പിടിവീണു. മണിക്കൂറിൽ 304 കിലോമീറ്റർ വേഗത്തിലാണ് ഇയൾ വാഹനമോടിച്ചത്. തന്റെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്നതാണെന്ന് ചിന്തിക്കാതെയായിരുന്നു നിയമലംഘനമെന്ന് പൊലീസ് പറഞ്ഞു.
∙ വാഹനങ്ങൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും
കാറുകൾക്കും ട്രക്കുകൾക്കുമിടയിൽ യുവാവ് വാഹനത്തിൽ അഭ്യാസപ്രകടനവും നടത്തിയിരുന്നു. ഇത് റോഡ് ഉപയോക്താക്കളെ കൂടുതൽ അപകടത്തിലാക്കുന്നതായിരുന്നു. അപകടകരമായി പായുന്നതിനു പുറമെ അടിയന്തര ആവശ്യങ്ങൾക്കായുള്ള റോഡരികിലെ ഹാർഡ് ഷോൾഡർ ഉപയോഗിക്കുകയും ചെയ്തു.
രണ്ട് ബൈക്കുകളിലായി യുവാവിന്റെ 'പ്രകടന'മുള്ള വിഡിയോകൾ ഇയാൾ സമൂഹമാധ്യമത്തിൽ പങ്കു വച്ചിരുന്നു. ആദ്യ ക്ലിപ്പിൽ മണിക്കൂറിൽ 300 കിലോമീറ്ററിൽ കൂടുതൽ അപകടകരമായ രീതിയിൽ ഇയാൾ ബൈക്ക് ഓടിക്കുന്നതാണുണ്ടായിരുന്നത്. രണ്ടാമത്തേതിൽ വാഹനങ്ങൾക്കിടയിൽ വളഞ്ഞു പുളഞ്ഞു ഒരു ചക്രത്തിൽ സഞ്ചരിക്കുന്നത് തന്റെയും റോഡിലുള്ള മറ്റുള്ളവരുടെയും ജീവന് അപകടമുണ്ടാക്കുന്ന വിധത്തിലായിരുന്നുവെന്ന് ദുബായ് പൊലീസ് ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയർക്ടർ മേജർ ജനറൽ സൈഫ് അൽ മസ്‌റൂഇ പറഞ്ഞു.
∙ വാഹനം വിട്ടുകിട്ടാൻ അരലക്ഷം ദിർഹം വരെ പിഴ
പിടിച്ചെടുത്ത വാഹനം ഉടമയ്ക്ക് വിട്ടുനൽകാൻ 50,000 ദിർഹം വരെ പിഴ ചുമത്തുന്നതടക്കം നിയമ ലംഘകർ കർശന ശിക്ഷകൾ നേരിടേണ്ടി വരും. ഇത് പോലുള്ള ഭ്രാന്തൻ പ്രവർത്തനങ്ങൾ പൊതു സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് അധികൃതർ എല്ലായ്പ്പോഴും ഓർമപ്പെടുത്തുന്നു.
ഉത്തരവാദിത്ത ഡ്രൈവിങ്ങിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പൊലീസ്, റോഡ് സുരക്ഷ ഉറപ്പാക്കാൻ വേഗപരിധി പാലിക്കണമെന്ന് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. രാജ്യത്ത് പരന്മാരുടെയും താമസക്കാരുടെയും വിനോദ സഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കാൻ കർശന നിയമങ്ങളും നിയന്ത്രണങ്ങളും നിലവിലുണ്ട്. അതിലൊന്നാണ് അമിത വേഗത്തിനുള്ള കനത്ത പിഴകൾ. അമിത വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 2,000 ദിർഹം വരെ പിഴയും 12 ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കും.