റമസാനിലെ റോഡ് സുരക്ഷയ്ക്ക് ആർടിഎ ബോധവൽക്കരണം

Mail This Article
ദുബായ് ∙ റമസാനിലെ പ്രത്യേക സാഹചര്യം മുൻനിർത്തി വിവിധ മേഖലകളിലുള്ളവർക്ക് റോഡ് സുരക്ഷാ ബോധവൽക്കരണവുമായി ആർടിഎ. തൊഴിലാളികൾ, ടാക്സി, ഹെവി വാഹന ഡ്രൈവർമാർ, സൈക്കിൾ യാത്രക്കാർ, ഇ–സ്കൂട്ടർ റൈഡർമാർ തുടങ്ങിയവർക്കാണ് പ്രത്യേക ബോധവൽക്കരണം നൽകുന്നത്. റമസാനിൽ വാഹനാപകടം ഒഴിവാക്കുകയാണ് ലക്ഷ്യം.
നൂണുമായി ചേർന്ന് 10,000 റമസാൻ സമ്മാനപ്പൊതികൾ ഡെലിവറി റൈഡർമാർക്കായി ആർടിഎ വിതരണം ചെയ്യും. ലിസ്റ്ററിൻ കമ്പനിയുമായി ചേർന്ന് ഡ്രൈവർമാർക്കും മെട്രോ,സൈക്കിൾ യാത്രികർക്കും ഇ– സ്കൂട്ടർ റൈഡർമാർക്കുമായി 10,000 സമ്മാനപ്പൊതികളും നൽകും. റോഡ് സുരക്ഷ ബോധവൽക്കരണ സന്ദേശമാണ് ഈ പൊതികളിലുള്ളത്. ടാക്സി, ബസ്, ട്രക്ക് ഡ്രൈവർമാർ എന്നിവർക്കായി ഇഫ്താർ പൊതിയും ആർടിഎ നൽകും.
റമസാൻ പ്രമാണിച്ച് ട്രക്ക് ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിഇ11 റോഡിൽ ഷാർജ മുതൽ ഷെയ്ഖ് സായിദ് റോഡുമായുള്ള ഇന്റർചേഞ്ച് 7 വരെ, അൽ ഇത്തിഹാദ് റോഡ്, ഷെയ്ഖ് റാഷിദ് റോഡ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 7നും രാത്രി 11നും ഇടയിൽ ട്രക്കുകൾ അനുവദിക്കില്ല. ദെയ്റ, ബർദുബായ് എന്നിവിടങ്ങളിലും ഈ നിയന്ത്രണം ബാധകമാണ്.