മലയാളികളുടെ പ്രിയ മേഖലകൾ സമ്പൂർണ്ണ സ്വദേശിവൽക്കരണത്തിലേക്ക്; കടുത്ത നടപടിക്ക് ഒരുങ്ങി ബഹ്‌റൈൻ

Mail This Article
മനാമ ∙ ബഹ്‌റൈനിൽ ചില തൊഴിൽ മേഖലകൾ പൂർണ്ണമായും സ്വദേശിവൽക്കരിക്കാനുള്ള നിർദ്ദേശം എംപിമാർ ഏകകണ്ഠമായി അംഗീകരിച്ചു. എൻജിനീയറിങ്, കല, മാനവവിഭവശേഷി, ഭരണനിർവഹണം, മാധ്യമപ്രവർത്തനം, പബ്ലിക് റിലേഷൻസ്, അക്കൗണ്ടിങ്, ട്രഷറി, സുരക്ഷ, ഡോക്യുമെന്റ് ക്ലിയറിങ്, ടൂറിസ്റ്റ് ഗൈഡുകൾ, പ്രോട്ടോക്കോൾ, ഹോസ്പിറ്റാലിറ്റി എന്നിവയാണ് സ്വദേശിവൽക്കരണം പൂർണ്ണമായി നടപ്പിലാക്കാൻ നിർദ്ദേശിച്ച തൊഴിൽ മേഖലകൾ. സർവീസ് കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരുടെ നിർദ്ദേശം മന്ത്രിസഭയുടെ അവലോകനത്തിനും പരിഗണനയ്ക്കുമായി സമർപ്പിച്ചു.
ഓരോ തൊഴിലിനും വിശദമായ പഠനം നടത്തേണ്ടതിന്റെ പ്രാധാന്യം അൽ ഒലൈവി ഊന്നിപ്പറഞ്ഞു. ചില മേഖലകളിൽ വിദേശ തൊഴിലാളികളേക്കാൾ കൂടുതൽ തൊഴിലില്ലാത്ത ബഹ്‌റൈനികളുണ്ട്. ഇത്തരം മേഖലകളിൽ സ്വദേശി പൗരന്മാരെ പരിശീലിപ്പിക്കുകയും നിയമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. മാനവവിഭവശേഷിയാണ് ഏറ്റവും അടിയന്തിര കേസുകളിലൊന്ന്. ഒരു വിദേശി ബഹ്‌റൈൻ ഉദ്യോഗാർഥികൾക്കായി ജോലി അഭിമുഖങ്ങൾ നടത്തുന്നത് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ചില തൊഴിലുകളിൽ ആവശ്യത്തിന് വൈദഗ്ധ്യമുള്ള ബഹ്‌റൈൻ തൊഴിലാളികളുടെ അഭാവത്തിൽ തൊഴിൽ ക്ഷാമം ഒഴിവാക്കാൻ ഓരോ കേസും അനുസരിച്ച് വിലയിരുത്തൽ ആവശ്യമാണെന്നും അൽ ഒലൈവി പറഞ്ഞു. ബഹ്‌റൈനികൾക്ക് സുസ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടത് പ്രധാനമാണ് എന്നതുകൊണ്ട് ഈ ആവശ്യത്തിന് പിന്തുണയേകുമെന്ന് എംപിമാർ പറയുന്നു.