ഇന്ത്യൻ വിദ്യാർഥിനിയുടെ തിരോധാനം; ജോഷ്വ രാജ്യം വിട്ടത് യുഎസ് കോൺസുലേറ്റിൽ നിന്ന് നേടിയ പുതിയ പാസ്പോർട്ടുമായി

Mail This Article
പിറ്റ്സ്ബർഗ് ∙ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി സുദിക്ഷ കൊണങ്കിയുടെ (20) തിരോധാനവുമായി ബന്ധപ്പെട്ട് അധികൃതർ തടഞ്ഞുവെച്ചിരുന്ന ജോഷ്വ റിബെ ബുധനാഴ്ച രാജ്യംവിട്ടു. കോടതിയിൽ അഞ്ചു മണിക്കൂർ നീണ്ട വാദപ്രതിവാദത്തിനൊടുവിൽ ജോഷ്വ റിബെ കേസിൽ സാക്ഷിയാണെന്നും അദ്ദേഹത്തെ തടഞ്ഞുവെക്കാൻ സാധിക്കില്ലെന്നും ജഡ്‌ജി എഡ്‌വിൻ റിജോ വിധിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് എങ്ങോട്ടാണ് ജോഷ്വ പോയതെന്ന് ഇപ്പോഴും അജ്ഞാതമാണ്.
ലാ ആൾട്ടഗ്രാസിയ പ്രോസിക്യൂട്ടറുടെ ഓഫിസ് റിബെയുടെ പാസ്‌പോർട്ട് തിരികെ നൽകാമെന്ന് അറിയിച്ചു. സ്വകാര്യതാ കാരണങ്ങളാൽ യുഎസ് കോൺസുലേറ്റിൽ നിന്ന് പുതിയ പാസ്‌പോർട്ട് നേടിയാണ് ജോഷ്വ രാജ്യംവിട്ടതെന്ന് അദ്ദേഹം പ്രതിനിധീകരിക്കുന്ന നിയമ സ്ഥാപനമായ അബോഗാഡോസ് കൺസൾട്ടേഴ്‌സിലെ ഗുസ്മാൻ അരിസ പറഞ്ഞു.
കാണാതായ ഇന്ത്യൻ വംശജയായ വിദ്യാർഥിനി മുങ്ങിമരിച്ചതായി സംശയിക്കുന്നത്. ആറ് വനിതാ സുഹൃത്തുക്കൾക്കൊപ്പമാണ് പുന്റാ കാനയിലെ അവധി ആഘോഷത്തിന് ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്രമുഖ ഹോട്ടലിൽ സുദിക്ഷ കൊണങ്കി (20) എത്തിയത്.
അതേസമയം, ഡൊമിനിക്കൻ റിപ്പബ്ലിക്കനിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിനി സുദിക്ഷ കൊണങ്കിയെ മരിച്ചതായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മാതാപിതാക്കൾ രംഗത്ത് വന്നിരുന്നു. സുദിക്ഷയെ മരിച്ചതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അധികൃതർക്ക് കത്തെഴുതിയിരുന്നു.
20 വയസ്സുകാരി സുദിക്ഷ കൊണങ്കി യുഎസിൽ സ്ഥിരതാമസത്തിന് അർഹതയുള്ള ഇന്ത്യക്കാരിയാണ്. മാർച്ച് 6ന് ഡൊമിനിക്കൻ റിപ്പബ്ലിക്കനിലെ പുന്റ കാനയിൽ കാണാതായ യുവതിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. സുദിക്ഷ കൊണങ്കിയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മിനസോഡയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് സർവകലാശാലയിലെ സീനിയർ ജോഷ്വ റിബെയെ അധികൃതർ പലതവണ ചോദ്യം ചെയ്‌തിരുന്നു. പക്ഷെ യാതൊരു തെളിവും കണ്ടെത്താൻ സാധിച്ചില്ല.