ഈദ് അൽ-ഫിത്തർ ആഘോഷമാക്കാൻ സൗദി; ആസ്വാദകർക്കായി സംഗീതപ്രകടനങ്ങളും നാടകങ്ങളും

Mail This Article
ജിദ്ദ ∙ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി സൗദി അറേബ്യയിലെ ഈ വർഷത്തെ ഈദ് അൽ-ഫിത്തർ 2025 ആഘോഷ പരിപാടികളുടെ വിശദാംശങ്ങൾ പുറത്തിറക്കി. സംഗീതപരീപാടികൾ, നാടക പ്രകടനങ്ങൾ, കരിമരുന്ന് പ്രയോഗം എന്നിവ ഉൾപ്പെടെ വിപുലമായാണ് ആഘോഷങ്ങൾ ഉണ്ടാവുക. രാജ്യമെങ്ങും വ്യത്യസ്ത വിനോദ മേഖലകളിൽ നടക്കുന്ന പരിപാടികൾ സന്ദർശകർക്കും സൗദിയിലുള്ളവർക്കുമായി ഇത്തവണ മികച്ച ആഘോഷാനുഭവങ്ങളാണ് ഒരുക്കുന്നത്.
ഈദിന്റെ ആദ്യ ദിവസം വർണ്ണവിസ്മയം തീർത്ത് രാത്രി വിവിധ നഗരങ്ങളുടെ ആകാശത്ത് 9 മണിക്ക് കരിമരുന്ന് പ്രകടനം, റിയാദിലെ ബൊളിവാർഡ് വേൾഡ്, ജിദ്ദയിലെ ആർട്ട് പ്രൊമെനേഡ്, അൽ ഖോബാർ കോർണിഷ്, തായിഫിലെ അൽ റുദ്ഫ് പാർക്ക്, അബഹയിലെ അൽ മത്ൽ പാർക്ക്, തബൂക്ക് സെൻട്രൽ പാർക്ക്, ഹായിലിലെ അൽ സലാം പാർക്ക്, ജസാനിലെ നോർത്തേൺ കോർണിഷ്, അൽ ബഹയിലെ പ്രിൻസ് ഹുസാം പാർക്ക്, മദീനയിലെ കിങേ ഫഹദ് സെൻട്രൽ പാർക്ക്, ബുറൈദയിലെ കിങ് അബ്ദുല്ല നാഷനൽ പാർക്ക്, അറാറിലെ പബ്ലിക് പാർക്ക്, കിങ് അബ്ദുല്ല കൾച്ചറൽ സെന്റർ, സകാക്കയിലെ മോഡൽ പാർക്ക് എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ രാത്രി 9 മണിക്ക് ആരംഭിക്കുന്ന കരിമരുന്ന് പ്രകടനങ്ങളാൽ രാജ്യത്തിന്റെ ആകാശം അലങ്കരിക്കപ്പെടും. നജ്‌റാനിൽ, പ്രിൻസ് ഹസ്ലുൽ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് പാർക്കിന് സമീപം വെടിക്കെട്ട് കാണാൻ കഴിയും.
∙ വിവിധ നഗരങ്ങളിൽ പ്രമൂഖ അറബ് ഗായകരും കലാകാരൻമാരും അവതരിപ്പിക്കുന്ന സംഗീതപ്രകടനങ്ങളും നാടകങ്ങളും
വിവിധ നഗരങ്ങളിലെ അറബ് ഗായകരുടെ ഒരു നിരയെ അവതരിപ്പിക്കുന്ന സംഗീത പ്രകടനങ്ങളുടെ ഒരു പരമ്പരയാണ് പരിപാടികളിൽ ഉൾപ്പെടുന്നത്. ഈദിന്റെ മൂന്നാം ദിവസം ഷഖ്‌റയിലെ റോമൻ തിയേറ്റർ റബേഹ് സഖറിന്റെ പരിപാടിക്ക് ആതിഥേയത്വം വഹിക്കും. നാലാം ദിവസം റിയാദിലെ മുഹമ്മദ് അബ്ദു അരീനയിൽ റാഷിദ് അൽ ഫാരെസും അയദും പങ്കെടുക്കുന്ന ഒരു സംഗീതമേളയാണ് നടക്കുന്നത്. ഈദിന്റെ അഞ്ചാം ദിവസം അബഹയിലെ കിങ് ഖാലിദ് യൂണിവേഴ്സിറ്റി തിയറ്ററിൽ ഫഹദ് അൽ കുബൈസിയും സുൽത്താൻ ഖലീഫയും നയിക്കുന്ന സംഗീതപരിപാടിയും സംഘടിപ്പിക്കും.
കിഴക്കൻ പ്രവിശ്യയിൽ, ഖോബാറിലെ ദഹ്‌റാൻ എക്‌സ്‌പോയിൽ ഈദിന്റെ രണ്ടാം ദിവസം വാലിദ് അൽ ഷാമിയും സെയ്‌ന ഇമാദും പങ്കെടുക്കുന്ന സംഗീത കച്ചേരി നടക്കും. നാലാം ദിവസം ഖാലിദ് അബ്ദുൾറഹ്മാൻ അബഹയിലെ കിങ് ഖാലിദ് യൂണിവേഴ്സിറ്റി തിയറ്ററിൽ പരിപാടികൾ അവതരിപ്പിക്കും. ഈദ് രണ്ടാം ദിവസം ഖാസിം യൂണിവേഴ്‌സിറ്റി ജിംനേഷ്യത്തിൽ ഖാലിദ് അബ്ദുൾറഹ്മാന്റെ ഒരു കച്ചേരി അവതരിപ്പിക്കും. ഈദ് മൂന്നാം ദിവസം റിയാദിലെ അബുബക്കർ സാലം തിയറ്ററിൽ സംഗീത പരിപാടി നവാഫ് ജബർത്തിയും മായ് ഫാറൂക്കും അവതരിപ്പിക്കും. ഈദിന്റെ നാലാം ദിവസം ജിദ്ദയിലെ ദുറത്ത് അൽ അറൂസിൽ സംഗീതജ്ഞൻ തമർ അഷൂറിൻറെ പ്രകടനത്തോടെ ഈവർഷത്തെ ഈദ് അൽ ഫിത്തർ സംഗീതകച്ചേരികൾ സമാപിക്കും.
നാടകപ്രേമികൾക്കായി, ഈദ് കാലയളവിൽ നിരവധി ഷോകൾ ആരംഭിക്കും. നാസർ അൽ ഖസബി അഭിനയിക്കുന്ന "ദി ബാഗ്" എന്ന നാടകം ഏപ്രിൽ 1 മുതൽ 19 വരെ റിയാദിലെ ബക്കർ അൽ-ഷാദി തിയറ്ററിൽ അവതരിപ്പിക്കും. മെന്ന ഷലാബിയും ബയൂമി ഫൗദും അഭിനയിക്കുന്ന "ഷംസ് ആൻഡ് ഖമർ" എന്ന നാടകം ഏപ്രിൽ 1 മുതൽ 6 വരെ ജിദ്ദയിലെ അറബ് തിയേറ്ററിൽ അവതരിപ്പിക്കും. അഹമ്മദ് അൽ അവൈനാൻ അഭിനയിക്കുന്ന "ദി ഹെയേഴ്‌സ്" എന്ന നാടകത്തിന്റെ അവതരണം ഏപ്രിൽ 1 മുതൽ 3 വരെ ദമാമിൽ അൽ മന മെഡിക്കൽ കോളജ് തിയറ്ററിൽ എല്ലാ കുടുംബാംഗങ്ങൾക്കും അനുയോജ്യമായ ഹാസ്യപരവും വിനോദകരവുമായ അന്തരീക്ഷത്തിൽ നടക്കും.
കലാപരിപാടികൾക്കും വെടിക്കെട്ടുകൾക്കും പുറമേ, ഈദിന്റെ ആദ്യ ദിവസം റിയാദിലെ ബൊളിവാർഡ് സിറ്റിയിലും ബൊളിവാർഡ് വേൾഡിലും വിയ റിയാദിലും നിരവധി വിനോദ പരിപാടികളും പരിപാടികളും നടക്കും. ഖോബാറിലെ സിറ്റി ഹബ് ഈദിന്റെ രണ്ടാം ദിവസം തുറക്കും, അതേസമയം ജിദ്ദ പ്രൊമെനേഡും ജിദ്ദ മറീനയും ഈദിന്റെ ആദ്യ ദിവസം തന്നെ തുറക്കും, ഇവിടെയെത്തുന്ന സന്ദർശകർക്കും കുടുംബങ്ങൾക്കുമൊക്കെ ആസ്വദിക്കാൻ അനുയോജ്യമായ വൈവിധ്യമാർന്ന പലവിധ പരിപാടികൾക്കും പ്രകടനങ്ങൾക്കും അവസരമൊരുക്കുന്നു
ഈദുൽ ഫിത്തർ വേളയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ആകർഷിക്കുന്ന മികച്ച വിനോദ അനുഭവങ്ങൾ നൽകുന്നതൊടൊപ്പം. നാടെങ്ങും നിറയെ ഉത്സവ അന്തരീക്ഷമാക്കുന്നതിനും വിനോദ മേഖലയെ ശക്തിപ്പെടുത്തുന്നതിനുമുള്ള ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടികൾ.