ADVERTISEMENT

ദുബായ് ∙ വിശ്വാസത്തിനുമപ്പുറം ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാനുള്ള ഉപാധിയായാണ് നോമ്പ്.  പ്രവാസ ലോകത്ത് അമുസ്​ലിം വിഭാഗങ്ങൾ വ്രതശുദ്ധിയുടെ സാന്ത്വന തീരത്തണയാൻ താൽപര്യപ്പെടുന്നു. നോമ്പുതുറയ്ക്ക് ഒന്നിച്ചുകൂടുകയും ലേബര്‍ക്യാംപുകളിലും മരുഭൂ ജീവിതങ്ങൾക്കും ഇഫ്താർ (നോമ്പുതുറ ഭക്ഷണം) കിറ്റുകൾ വിതരണം ചെയ്യാനും ജാതിമത വേലിക്കെട്ടുകളില്ലാതെ എല്ലാവരും ഒത്തുകൂടുന്നു.

റമസാന്റെ സുകൃതം തേടി നോമ്പുനോൽക്കുന്ന അമുസ്​ലിങ്ങൾ ഗൾഫിൽ ഒട്ടേറെ. പലരും വർഷങ്ങളായി വ്രതത്തിന്റെ ആഴങ്ങളിലൂടെ കടന്നുപോകുന്നു. ആരുടെയെങ്കിലും പ്രേരണയാലോ, ഭക്ഷണം ലഭ്യമാകാത്തതിനാലോ അല്ല, നോമ്പിന്റെ ശാസ്ത്രീയ നേട്ടങ്ങളും ആരോഗ്യ പരിപാലനത്തിനും മാനസികോല്ലാസത്തിനുമാണ് വ്രതമനുഷ്ഠിക്കുന്നതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ഇത്തരത്തിൽ നോമ്പുനോൽക്കുന്ന ചിലർ അവരുടെ അനുഭവങ്ങൾ പങ്കിടുകയാണിവിടെ.

∙ചിന്തകൾ മാറ്റി മറിച്ച ഇഫ്താർ കിറ്റ് വിതരണം
ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശിനി ഉഷാ നായർ 15 വർഷത്തിലേറെയായി റമസാൻ വ്രതാനുഷ്ഠാനം തുടങ്ങിയിട്ട്. ദുബായിൽ പുണ്യമാസത്തിൽ ജോലി കഴിഞ്ഞതിനു ശേഷം ലേബർ ക്യാംപുകളിലും മറ്റും ഇഫ്‌താർ കിറ്റ് വിതരണം ചെയ്യാൻ സന്നദ്ധസേവകയായിട്ട് പോകുമായിരുന്നു. അപ്പോൾ ഒരു തോന്നൽ എന്നെ വേട്ടയാടാൻ തുടങ്ങി- ഞാൻ വയറുനിറച്ചും ഭക്ഷണം കഴിച്ചിട്ടല്ലേ ഇവർക്ക് കൊടുക്കുന്നത്. ആ ഭക്ഷണം തൊഴിലാളികളും മറ്റും കഴിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു കുറ്റബോധം. മറ്റുള്ളവർ കഴിച്ചിട്ട് കഴിക്കുക അല്ലെങ്കിൽ എല്ലാവർക്കുമുണ്ടോ എന്ന് ഉറപ്പു വരുത്തി കഴിക്കുക എന്നത് എന്റെയൊരു സ്വഭാവമാണ്, അതാണിഷ്ടവും . 

non-muslim-communities-observe-ramadan-fasting-2
ഉഷാ നായർ.

ചിലപ്പോൾ അതുകൂടി കൊണ്ടാവാം ഇങ്ങനൊയൊരു വികാരം മനസ്സിലേയ്ക്ക് ആ സമയത്തു വന്നു ശല്യം ചെയ്തു തുടങ്ങിയത്.  ഞാനും അവരെപ്പോലെ നോമ്പെടുത്താലോ എന്നായി അന്നുതൊട്ടുള്ള ചിന്ത. അതിനു ആദ്യം രാവിലെ എഴുന്നേറ്റയുടൻ വെറും ചായ മാത്രം കുടിച്ചുകൊണ്ട്, പിന്നീടൊന്നും കഴിക്കാതെ പൂർണമായല്ലെങ്കിലും നോമ്പു നോക്കുന്നവരുടോപ്പം  മാനസികമായി ചേരാൻ ശ്രമിച്ചു. പിന്നെയത് ശീലമായി, ഇഷ്ടമായി. ഒപ്പം വ്രതമെടുക്കുന്നവരുടെ കൂടെ ഞാനുമുണ്ട് എന്നാലാവും വിധം എന്ന ബോധം സന്തോഷം പകർന്നു. എന്റെ ചുറ്റിലുള്ളവർ കഴിക്കാതിരിക്കുമ്പോൾ ഞാനും അവർക്കൊപ്പം ചേരും എന്നൊരു സ്ഥരം നിലപാടിലേക്ക്, തീരുമാനത്തിലേക്ക് ഞാനെത്തിച്ചേർന്നത് അങ്ങനെയാണ്.

അത്താഴത്തിന്(പുലർച്ചെ) എഴുന്നേറ്റു കഴിക്കുന്ന ശീലമൊന്നുമില്ല. രാത്രിയിലെന്തു കഴിച്ചോ, അത്രേയുള്ളൂ. റമസാന്റെ ആദ്യ ദിനങ്ങളിൽ ക്ഷീണം തോന്നാറുണ്ട്. അത് ഇന്നും അതുപോലെ തന്നെ. ഒന്ന് രണ്ടു ദിവസം കഴിയുമ്പോൾ അതുമായി പൊരുത്തപ്പെടും.  നമ്മളൊരു കാര്യം മനസിലുറപ്പിച്ച് ചെയ്ത് തീർക്കാറില്ലേ, അതുപോലെ എന്ത് ചെയ്യേണ്ട എന്ന തീരുമാനത്തിലും ഉറച്ചുനിന്നാൽ നോമ്പനുഷ്ഠാനവും അത്രേയുള്ളൂ. അത് നല്ലൊരു ഉദ്യമത്തിന്റെ, കർമ്മത്തിന്റെ ഭാഗമാവുമ്പോൾ  കുറച്ചു കൂടി മനസ്സിന് പൂർണതയും സന്തോഷം നൽകുകയും ചെയ്യും.

ഷാജി പിള്ളയും കുടുംബവും
ഷാജി പിള്ളയും കുടുംബവും

ഭക്ഷണക്രമങ്ങളിലെ വ്യത്യാസമില്ലാതെ നോമ്പുദിനത്തിന് വേറെ പ്രത്യേകിച്ച് ഒന്നുമില്ല. ഈ വ്യതാസങ്ങൾ പിന്നെ  ഓഫിസിൽ നിന്ന് വേഗം ഇറങ്ങുമെന്നതിന്റെ ഭാഗമായി വീട്ടിലെ ചിട്ടയ്ക്കു ചെറിയൊരു മാറ്റം വരും, അത്രേയുള്ളൂ. ഒരു പ്രത്യേക തരം  ഈന്തപ്പഴം റമസാൻ തുടങ്ങുന്നതിനു മുൻപേ വാങ്ങിവയ്ക്കും.  അത് മാത്രമാണ് പ്രത്യേകമായി ഉണ്ടാവുക. അത് മകളുടെ ജോലിയാണ്. ഇപ്പോൾ മക്കളും നോമ്പ് ഭംഗിയായി എടുക്കുന്നു. ഭക്ഷണത്തിൽ പ്രത്യേകിച്ചൊരു മാറ്റം ഉണ്ടാക്കാറില്ല, എങ്കിലും ആദ്യം ഒരു മണിക്കൂർ ഒരുപാട് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഭക്ഷണവുമായി 

ഇഷ്ടമുള്ളതു അല്ലെങ്കിൽ പ്രത്യേകതയുള്ളത്, നോമ്പ് തുറയ്ക്കു റസ്റ്ററന്റുകളിൽ ലഭ്യമാകുന്ന പലഹാരങ്ങളാണ്. അത് കരാമയിൽ നിന്നോ ഖിസൈസിൽ നിന്നോ പോയി വാങ്ങിക്കും. അതൊരു രുചി ഒന്ന് വേറെ തന്നെ. ഞാൻ റമസാനിൽ കാത്തിരിക്കുന്ന പ്രത്യകമായ ഒന്ന്, അല്ലെങ്കിൽ പ്രിയപ്പെട്ടത് ഇതാണ്.   

നോമ്പു തുറയ്ക്ക് മുൻപ് നാം വിചാരിക്കും വയറു നിറച്ചു കഴിക്കണം, ഇത്രയും നേരം കഴിക്കാത്തതല്ലേ എന്നൊക്കെ, പക്ഷേ ആർക്കും അത് സാധിക്കാറില്ല. നല്ല ദാഹം തോന്നും. നോമ്പു തുറന്നാൽ പിന്നെ സുഖമുള്ള ഫീൽ ആണ്. അതുവരെ നമുക്ക് കിട്ടാത്തത് കിട്ടുമ്പോഴുള്ള സംതപൃപ്തിയും സന്തോഷവും അറിയും. അപ്പോൾ നമുക്കുള്ളതിനെ കുറിച്ച് സന്തോഷിക്കാനും ആത്മസംതൃപ്തിയടയാനും അത് നമുക്ക് അനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ചതിനെ കുറിച്ചും  ബോധവാന്മാരാക്കും. 

എല്ലാം തിരിച്ചറിയാനുള്ള മനസികാവസ്ഥയിലാവും. പിന്നെ ഇഫ്‌താറുകൾ പലയിടത്തും ഉണ്ടാകും. അതിലൊക്കെ പങ്കെടുക്കുമ്പോൾ നമ്മളും അതിന്റെ ഭാഗമാകുന്നതിന്റെ പ്രാധാന്യം മനസ്സിലാകുകയും പരസ്പര പങ്കിടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുകയും ചെയ്യും. അതിന്റെ മനോഹാരിത പറഞ്ഞറിയിക്കുന്നതിലും എത്രയോ കൂടുതലാണ്. നമ്മൾ പങ്കാളികളാവുന്ന ഇതുപോലെയുള്ള ഓരോന്നും നമ്മെ കരുണയുള്ളവരും പരസ്പരം കരുതൽ നൽകുന്നതിനെയും ബഹുമാനിക്കേണ്ടതിനെയും കുറിച്ച് ബോധമുള്ളവരാക്കുകയും ചെയ്യും. അത് നമ്മുടെ ഇടപെടലുകളെ, നിലപാടുകളെ ഒത്തിരി സ്വാധീനിക്കും. വ്യക്തി ജീവിതത്തിലായാലും സാമൂഹിക ജീവിതത്തിലായാലും ഔദ്യോഗിക ജീവിതത്തിലായാലും.

കരുണയുള്ളവരാകട്ടെ, സ്നേഹിക്കുന്നവരാകട്ടെ, രക്ഷാശക്തിയുള്ളവരാകട്ടെ, ഉപചാരശീലമുളളവരാകട്ടെ ഓരോരുത്തരും! ജീവിതവിപണിയിൽ ഒരിക്കലും ഇടിയാത്ത കോട്ടംവരാത്ത മൂല്യങ്ങളാണിവ.  ഈ നിക്ഷേപത്തിന്റെ പലിശ കർമഫലം പോലെ ജീവിതകാലം മുഴുവൻ നമ്മോടൊപ്പം, നമുക്കുള്ള കരുതലായി എന്നും കൂടെയുണ്ടാകും.

non-muslim-communities-observe-ramadan-fasting-5
ഷൈജു.

∙റൂംമേറ്റ് വെല്ലുവിളിച്ചു, അതങ്ങ് ഏറ്റെടുത്തു
2010 ൽ യുഎഇയിൽ സന്ദർശകവീസയിൽ ജോലി അന്വേഷിച്ചെത്തിയ കാലം. ആ വർഷം റമസാനിൽ റൂം മേറ്റ് ചോദിച്ചു, ഒരു ദിവസമെങ്കിലും ഇതുപോലെ നോമ്പെടുക്കാൻ കഴിയുമോ എന്ന്. ആ വെല്ലുവിളി അങ്ങേറ്റെടുത്തു. സന്ദർശക വീസാ കാലമായതിനാൽ നിത്യച്ചെലവ് കുറയ്ക്കുക എന്നൊരു ഉദ്ദേശ്യവും അതിന് പിന്നിലുണ്ടായിരുന്നു. അന്ന് ആരംഭിച്ച വ്രതാനുഷ്ഠാനം 15 വർഷങ്ങൾക്കിപ്പുറവും അതിന്റെ എല്ലാ പവിത്രതയോടെയും തുടരുന്നതായി ദുബായിൽ ജോലി ചെയ്യുന്ന സാമൂഹിക-ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ കിരൺ രവീന്ദ്രൻ പറയുന്നു.

രാവിലെ പ്രത്യേകിച്ച് ഒന്നും കഴിക്കുന്ന ശീലമില്ല. റമസാന്റെ ആദ്യം രണ്ട് ദിവസം നോമ്പു പൂർത്തിയാക്കാൻ നല്ല പാടായിരിക്കും. പിന്നെ ഒരു ക്ഷീണവുമില്ലാതെ ദിവസങ്ങൾ കടന്നുപോകും. നോമ്പു നോറ്റുള്ള ജോലി ഇത്തിരി പതുക്കെയാകുമെന്നത് നേര്. മിക്കപ്പോഴും ലേബർ ക്യാംപുകളിലാണ് നോമ്പുതുറ. അവിടെയും മരുഭൂമിയിൽ ആടും ഒട്ടകവും മേയ്ക്കുന്നവർക്കുമൊക്കെ ഇഫ്താർ കിറ്റ് വിതരണം വർഷങ്ങളായി തുടരുന്ന മറ്റൊരു പുണ്യകർമം. വലിയ വിശപ്പു തോന്നാത്തതിനാൽ നോമ്പുതുറന്നാൽ അങ്ങനെ ക്ഷീണം അനുഭവപ്പെടാറില്ല. എന്നാൽ, ഒരു വ്രതം ദിനം കൂടി പൂർത്തിയാക്കിയതിന്റെ സന്തോഷം തോന്നും.

non-muslim-communities-observe-ramadan-fasting-3
ഷാജി രഘുനന്ദൻ.

∙മനസ്സിനും ശരീരത്തിനും ഉന്മേഷം
വ്രതാനുഷ്ഠാനം മനസിനും ശരീരത്തിനും നകുന്ന ഉന്മേഷം വിവരണീതമാണെന്ന് വർഷങ്ങളായി റമസാനിൽ നോമ്പു നോൽക്കുന്ന, മുഹൈസിന ലുലു വില്ലേജിലെ ലുലു ഹൈപ്പർമാർക്കറ്റിൽ മാനേജരായ ഷൈജു പറഞ്ഞു. രാവിലെ എണീറ്റ് ഡ്യൂട്ടിക്ക് പോകാനും പിന്നീട് ജോലിസ്ഥലത്തും എന്തെന്നില്ലാത്ത സന്തോഷം അനുഭവപ്പെടുന്നു. നമ്മൾ നിത്യവും കഴിക്കാറുണ്ടായിരുന്ന ഭക്ഷണം ആവശ്യത്തിലധികമായിരുന്നുവെന്നും മനുഷ്യന് ഇത്രമാത്രം ആഹാരം വേണ്ടതില്ലെന്നും നോമ്പു മനസിലാക്കിത്തരുന്നു. ഒരിക്കലും നോമ്പനുഷ്ഠിക്കുമ്പോൾ വിശപ്പ് അനുഭവപ്പെടാറില്ല. നോമ്പു തുറന്ന ശേഷമുള്ള ഒരു നേരത്തെ ഭക്ഷണമാണ് ഒരു മാസം പന്തുടരുന്നത്. ഇതുകാരണം ശരീരത്തിന് യാതൊരു തളർച്ചയും തോന്നാറില്ല.

∙ദാഹജലം പോലുമില്ലാതെ 13 മണിക്കൂറിലേറെയോ?!
ദുബായിലെ ബാച്‌ലർ റൂമിൽ താമസിച്ചിരുന്ന തന്റെ പ്രവാസ ജീവിതത്തിലെ ആദ്യകാലം  നോമ്പ് പിടിക്കുന്ന സുഹൃത്തുക്കൾ കൂടെ ഉണ്ടായിരുന്നെങ്കിലും  നോമ്പിന്റെ മഹത്വം അത്ര കാര്യമാക്കിയിരുന്നില്ലെന്ന് തുടർച്ചയായ കഴിഞ്ഞ ഏഴ് വർഷമായി ഒന്നുപോലും വിടാതെ ദുബായിൽ വ്രതമെടുക്കുന്ന കൊല്ലം വേളമാനൂർ സ്വദേശി ഷാജി.ജി.പിള്ള പറയുന്നു. എന്റെ സംശയം ദാഹജലം പോലും കുടിക്കാതെ 13 മണിക്കൂറിലേറെ ഇവർക്ക് എങ്ങനെ പിടിച്ചുനിൽക്കാനാകുന്നു എന്നതായിരുന്നു!

ഒന്ന് രണ്ടു വർഷത്തിന് ശേഷം എനിക്ക് അവരോടൊത്തു നോമ്പ് പിടിക്കണമെന്ന് തോന്നി. അങ്ങനെ ഞാനും റമസാനിൽ വ്രതാനുഷ്ഠാനം തുടങ്ങി. അപ്പോഴാണ് യാഥാർഥ്യം മനസിലാക്കാൻ പറ്റിയത്. 13 അല്ല, 20 മണിക്കൂർ വേണമെങ്കിലും നമുക്ക് ജലപാനം ഒന്നുമില്ലാതെ നില്ക്കാൻ പറ്റുമെന്ന്. അങ്ങനെ കുറച്ചു വർഷം മുടങ്ങാതെ നോമ്പ് പിടിച്ചു. പിന്നീട് കുടുംബം ആറേഴു വര്ഷം യുഎഇയിൽ കൂടെയുണ്ടായിരുന്നപ്പോൾ മുടങ്ങി എന്ന് പറയാം. കുടുംബം നാട്ടിൽ സ്ഥിരതാമസമാക്കിയപ്പോൾ വീണ്ടും  സുഹൃത്തുക്കളോടൊടപ്പം  മുടങ്ങാതെ  നോമ്പ് നോൽക്കുന്നു. വ്രതാനുഷ്ഠാനം മനുഷ്യനെ എല്ലാ അർഥത്തിലും മാറ്റിമറിക്കുന്നു-ഇതാണ് ഏറ്റവും വലിയ പ്രത്യേകതയായി ഷാജി കാണുന്നത്.

∙സ്കൂൾ കാലത്ത് അറിഞ്ഞു തുടങ്ങിയ നോമ്പ്
മലപ്പുറം ജില്ലയിൽ കൂടുതലും സുഹൃത്തുക്കൾ ഉള്ളത് മുസ്​ലിം വിഭാഗത്തിൽ നിന്നുള്ളവരായത് കൊണ്ട് തന്നെ റമസാനെക്കുറിച്ചും വ്രതകാലത്തെപ്പറ്റിയുമൊക്കെ നല്ല അറിവ് അന്നുമുതലേ ഉണ്ടായിരുന്നുവെന്ന് ബഹ്റൈനിലെഅൽ നൂർ സ്‌കൂളിൽ അധ്യാപികയായ മലപ്പുറം തിരൂർ സ്വദേശി  അമൃതാ രവി പറയുന്നു. കൂട്ടുകാർ വ്രതമെടുത്തപ്പോൾ ഇടവിട്ട ദിവസങ്ങളിൽ മുൻപും നോമ്പെടുത്തിരുന്നു. പിന്നീട് ബഹ്റൈനിൽ എത്തിയപ്പോഴും മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷനിൽ അംഗമായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചപ്പോഴും  അടുത്ത സുഹൃത്തുക്കൾ പലരും വ്രതം നോൽക്കുന്നവരാണ്. അങ്ങനെ കഴിഞ്ഞ 3 വർഷമായി ഒരു വിശ്വാസി എങ്ങനെ നോമ്പ് തമെടുക്കാൻ തുടങ്ങി. സ്‌കൂൾ അദ്ധ്യാപിക ആയത് കൊണ്ടും നിരവധി ഉത്തരവാദിത്തങ്ങൾ ഉള്ളത് കൊണ്ടും അതിരാവിലെ തന്നെ എഴുന്നേൽക്കുന്ന പതിവുണ്ട്. അത് റമസാൻ കാലത്തും തുടരുന്നു. എന്നാൽ രാത്രി ഭക്ഷണം കഴിച്ചാൽ പിന്നെ സുബ്ഹി നമസ്‍കാരത്തിനു മുൻപ് പുലർച്ചെയോ ഭക്ഷണം കഴിക്കുന്ന പതിവില്ലെന്ന്  കൗൺസിലർ കൂടിയായ അമൃതാ രവി പറഞ്ഞു.

non-muslim-communities-observe-ramadan-fasting-1
അമൃതാ രവി.

ആദ്യവർഷം വ്രതം എടുത്തപ്പോൾ തുടക്കത്തിൽ മാത്രം അല്പം പ്രയാസം അനുഭവപ്പെട്ടെങ്കിലും പിന്നീട്  അത് മാറി. വ്രതകാലം കഴിയുമ്പോൾ ഭയങ്കര ഉന്മേഷവും മാനസികമായും ശാരീരികമായും നല്ല സുഖമാണ് അനുഭവപ്പെടുന്നത്. പണ്ട് മുതൽക്ക് തന്നെ വെജിറ്റേറിയൻ ആണ്. ഇപ്പോഴും അങ്ങനെ തന്നെ. റമസാൻ സമയത്ത് നോമ്പ് തുറയ്ക്ക് എന്തെങ്കിലും പഴങ്ങളും വെള്ളം കഴിക്കും. പിന്നീട് ദോശയോ, വെജിറ്റേറിയൻ ഭക്ഷണമോ മാത്രം. ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവ് രവി മാരാത്ത് നോമ്പെടുക്കുന്നതിന് നല്ല പിന്തുണയാണ്.  ഏക മകൻ അഖിൽ രവി നാട്ടിൽ ഡോക്ടറാണ്.

∙നോമ്പ് നാളുകളില്‍ പൂര്‍ണ വെജിറ്റേറിയന്‍
​ഒന്നര പതിറ്റാണ്ടായി നോമ്പ് നോക്കുന്ന വ്യക്തിയാണ് കുവൈത്തിലെ സാമൂഹിക മേഖലയില്‍ സജീവമായ  ഷാജി രഘുവരന്‍. തന്റെ സുഹൃത്തുക്കള്‍ നോമ്പ് എടുക്കുന്നത് കണ്ട് ഷാജി ആകൃഷ്ടനാകുകയായിരുന്നു. തുടര്‍ന്ന് 15 വര്‍ഷമായി മുറ തെറ്റാതെ വ്രതമനുഷ്ഠിക്കുന്നു.

ആദ്യ നാളുകളിൽ ഉച്ചയക്ക് ശേഷം ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഒഴിച്ചാല്‍ മറ്റൊരു പ്രയാസവുമുണ്ടാകാറില്ല. നോമ്പ് നാളില്‍ പൂര്‍ണ വെജിറ്റേറിയന്‍. ചെറുപയറിട്ട ഗോതമ്പു കഞ്ഞിയാണ് നോമ്പ് തുറക്കുമ്പോള്‍ കഴിക്കുന്നത്. പുലര്‍ച്ച ഒരു ഏത്തപ്പഴം, മൂന്ന് ഗ്ലാസ് വെള്ളം എന്നിവയാണ് ഭക്ഷണം. റൂമില്‍ കൂടെ താമസിക്കുന്നവര്‍ക്ക് ഒപ്പമുള്ള നോമ്പ് തുറയാണ് പതിവ്. നിരവധി അസോസിയേഷനുകള്‍ വിളിക്കുമെങ്കില്ലും തൃശൂര്‍ അസോസിയേഷന്റെ ഇഫ്താറിന് മാത്രമേ പോകറുള്ളൂവെന്നും രണ്ട് വട്ടം സിപിഐയുടെ സാംസ്‌ക്കാരിക സംഘടന കേരള അസോസിയേഷന്‍ കുവൈത്ത് സെക്രട്ടറിയായിരുന്ന, തൃശൂര്‍ അസോസിയേഷന്റെ പ്രവര്‍ത്തന കാലം മുതല്‍ ഏരിയ ഭാരവാഹിയായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തനം തുടരുന്ന ഷാജി പറയുന്നു.

നോമ്പ് നാളില്‍ കഴിക്കാത്ത ഭക്ഷണത്തിന്റെ ചെലവ് കണക്കാക്കി ആ തുക ചാരിറ്റി പ്രവര്‍ത്തനത്തിന് ഷാജി വിനിയോഗിക്കുന്നുണ്ട്. കുവൈത്ത് സിറ്റിയിലെ മാലിയയില്‍ വത്തിയ സൂക്കില്‍ 26 വര്‍ഷമായി മെയ്ന്റനന്‍സ് ഡിപാര്‍ട്ട്‌മെന്റില്‍ ജോലിചെയ്തുവരുന്ന ഷാജി തൃശൂര്‍  പെരിങ്ങോട്ടുകരസ്വദേശിയാണ്.

English Summary:

Non-Muslim communities observe Ramadan fasting in Gulf Countries

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com